ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ മനസ് കീഴടക്കിയ പ്രിയതാരം ഇന്നസെന്റ് വിടപറഞ്ഞിട്ട് ദിവസങ്ങളായി. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയ്ക്ക് ആയിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ചൊവ്വാഴ്ച രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ആയിരുന്നു സംസ്കാരം. ഇന്നസെന്റിന്റെ മരണത്തിൽ ചലച്ചിത്ര – സാംസ്കാരിക രംഗത്തെ പ്രമുഖർ സോഷ്യൽമീഡിയയിലൂടെയും അല്ലാതെയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ആരാധകർ പലതവണ സോഷ്യൽമീഡിയ അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും നടൻ മമ്മൂട്ടി ഇന്നസെന്റിനെക്കുറിച്ച് എന്തെങ്കിലും കുറിച്ചതായി കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഇന്നസെന്റിന്റെ സംസ്കാരചടങ്ങുകൾ കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി വൈകി തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനെക്കുറിച്ച് മമ്മൂട്ടി തന്റെ സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. സിനിമയിലെ ആദ്യകാല അനുഭവങ്ങളും ഇന്നസെന്റ് എന്ന വ്യക്തിയെ കണ്ടതും പരിചയപ്പെട്ടതും എല്ലാം മമ്മൂട്ടി ഓർത്തെടുത്തു. ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തില്‍ നിന്ന് ‘പോലെ’ എന്ന വാക്ക് അടർത്തി മാറ്റാനാണ് തനിക്കിഷ്ടമെന്നും പോലെയല്ല, അദ്ദേഹം തനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നെന്നും മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ്, ‘ഇന്നസെന്റ് ഇനി ഇല്ല, ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും അദ്യം സങ്കടം തന്നെയാണ് തോന്നുന്നത്. അടുത്ത നിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും .ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓർമ്മകളും കടന്നു വരുന്നു എന്നതിൽ ആ മനുഷ്യന്‍ നമ്മളില്‍ ആഴത്തില്‍ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്. ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തില്‍ നിന്ന് ‘പോലെ’ എന്ന വാക്ക് അടർത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല..അദ്ദേഹം എനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നു.
ഇന്നസെന്റിനെ ഞാൻ ആദ്യമായി കാണുന്നത് ‘നെല്ല്’ എന്ന ചിത്രത്തിലെ ചായക്കടദൃശ്യത്തില്‍ ആണ്. ചെറിയ വേഷങ്ങളില്‍ വരുന്നവരെപ്പോലും ശ്രദ്ധിച്ച് അവര്‍ ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു സിനിമാ മോഹിയായ കാലമുണ്ടായിരുന്നു എനിക്ക്. വേഷങ്ങള്‍ തേടി നടക്കുന്ന കാലത്ത് ‘നൃത്തശാല’യിലെയും ‘ജീസസി’ലെയും ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ‘ഇയാളാരാണ്’ എന്ന ജിജ്ഞാസയോടെ ഞാന്‍ ഇന്നസെന്റിനെ ശ്രദ്ധിച്ചിരുന്നു. ‘ഇന്നസെന്റ്’ എന്ന പേര് തന്നെ അന്ന് അപൂര്‍വ്വതയായിരുന്നു.. ഇന്നും. പിന്നീട് സിനിമയില്‍ വന്നതിന് ശേഷമാണ് ഇന്നസെന്റിനെ അദ്യമായി നേരിട്ട് കാണുന്നത്. നെടുമുടി വേണുവിന്റെ ‘വിടപറയും മുമ്പേ..’എന്ന സിനിമയുടെ നിര്‍മാതാക്കളായിരുന്നു ഇന്നസെന്റും സുഹൃത്ത് ഡേവിഡ് കാച്ചപ്പള്ളിയും. ശത്രു ഫിലിംസ് എന്നായിരുന്നു ബാനറിന്റെ പേര്. അന്നത്തെ നവസിനിമാ സംവിധായകരോടായിരുന്നു എനിക്ക് ആഭിമുഖ്യം. അവരുടെ സിനിമകളില്‍ അഭിനയിക്കാനായിരുന്നു ആഗ്രഹവും. വാണിജ്യവിജയം നേടുന്ന സിനിമകളേക്കാള്‍ ഇന്നസെന്റിന്റെ ശത്രുഫിലിംസ് സമാന്തരസിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെ ഇന്നസെന്റുമായി പരിചയപ്പെടുകയും അത് വലിയ സൗഹൃദത്തിലേക്ക് വളരുകയുമാണുണ്ടായത്. ഈ ബന്ധത്തിലൂടെയാണ് ശത്രു ഫിലിംസിന്റെ ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്’ എന്ന സിനിമ എന്നെത്തേടി വന്നത്. കെ.ജി.ജോര്‍ജ് ആയിരുന്നു സംവിധായകൻ. സിനിമ പശ്ചാത്തലമായ കഥയില്‍ പ്രേംസാഗര്‍ എന്ന നായകനടന്റെ വേഷമായിരുന്നു എനിക്ക്.തുടർന്ന് മോഹന്റെയും ഇന്നസെന്റിന്റെയും ശ്രീനിവാസൻ്റേയുമെല്ലാം ആലോചനയാണ് ‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രമായി പരിണമിച്ചത്. ഞാന്‍ പ്രൊഫസര്‍ മോഹന്‍ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിലൂടെ ആണ് ഇന്നസെന്റുമായുള്ള എന്റെ സൗഹൃദം ദൃഢമായത്. തനി തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ഇന്നസെന്റുമായുള്ള ചങ്ങാത്തം നാള്‍ക്കുനാള്‍ വളര്‍ന്നു. താരതമ്യേന ജൂനിയറായ ഞാൻ ഇന്നസെന്റുള്‍പ്പെടെയുള്ളവരുടെ സൗഹൃദക്കൂട്ടായ്മകളില്‍ കാഴ്ചക്കാരനും കേള്‍വിക്കാരനുമായി കൂടി. പതിയെ എനിക്ക് കൂടുതല്‍ നല്ല വേഷങ്ങള്‍ കിട്ടിത്തുടങ്ങി. ജോണ്‍പോളിന്റെ തിരക്കഥയില്‍ ഞാനും മോഹന്‍ലാലും പ്രധാനവേഷങ്ങളിലഭിനയിച്ച ‘അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയില്‍ അനിരുദ്ധന്‍ എന്ന സെയില്‍സ്മാന്റെ കഥാപാത്രമായിരുന്നു എന്റേത്.തൃശ്ശൂര്‍ക്കാരനായ ലോനപ്പന്‍ചേട്ടൻ എന്ന കച്ചവടക്കാരൻ്റെ വേഷം അഭിനയിക്കാന്‍ ആരുണ്ടെന്ന ആലോചനകള്‍ക്കിടെ ഞാനാണ് ഇന്നസെന്റിന്റെ പേര് ഓർമിപ്പിച്ചത്. സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസെന്റ് ഞങ്ങളൊരുമിച്ചുള്ള സീന്‍ പൊലിപ്പിച്ചെടുത്തു.
ഒന്നിച്ചുള്ള ആദ്യ സീൻ പിന്നീട് എത്രയോ അധികം സിനിമകളില്‍ ഞാനും ഇന്നസെൻ്റും ഒരുമിച്ചഭിനയിച്ചു. 1995-ല്‍ അമ്മ സംഘടന രൂപവത്കരിക്കുമ്പോള്‍ ഇന്നസെൻ്റ് മുന്‍നിരയിലുണ്ടായിരുന്നു.പിന്നീട് ഭരണ സമിതി പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിൻ്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. ഗൗരവമുള്ള വിഷയങ്ങളും സാഹചര്യങ്ങളുമുണ്ടാകുമ്പോള്‍ തീര്‍ത്തും ലളിതമായി അത് കൈകാര്യം ചെയ്യാന്‍ ഇന്നസെന്റിനാകുമെന്നും അത് സംഘടനയ്ക്ക് പ്രതിരോധകവചമാകുമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്. ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു. ആരെപ്പറ്റിയാണോ കഥയുണ്ടാക്കുന്നത് അയാളോടായിരുന്നു ആ കഥ ആദ്യം പറയുക. അയാള്‍ പൊട്ടിച്ചിരിച്ചാല്‍ മാത്രമേ കഥ മറ്റുള്ളവരോട് പറയൂ. കേള്‍ക്കുന്ന ആളിനനുസരിച്ച് പ്രധാനകഥാപാത്രങ്ങള്‍ മാറും. എന്നോടു പറയുമ്പോൾ ലാലും മോഹന്‍ലാലിനോട് പറയുമ്പോള്‍ ഞാനുമായിരിക്കും കേന്ദ്രകഥാപാത്രം. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്. എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ,ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു. നടന്‍ എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന എത്രയോ കഥാപാത്രങ്ങള്‍ മനസിലെത്തും. ഞങ്ങള്‍ ഒരുമിച്ച് ചെയ്തവയിലും എത്രയോ എണ്ണം…ഇടയ്ക്കിടയ്ക്ക് എനിക്ക് അദ്ദേഹത്തെ ഒരാവശ്യവുമില്ലാതെ ഓര്‍മവരും. അപ്പോള്‍ വിളിക്കും. അവസാനത്തേതിനു തൊട്ടുമുമ്പുള്ള ആശുപത്രിവാസത്തിലും ഞാന്‍ ഇന്നസെന്റിനെ വിളിച്ചിരുന്നു….. അദ്ദേഹം പോയപ്പോൾ നഷ്ടമായത് ഒരു വ്യക്തി, നടൻ, സംഘടകൻ, സാമാജികൻ സഹൃദയൻ ഇവരൊക്കെയാണ് ഒരാളല്ല നമ്മെ വിട്ടു പോയത് ഒത്തിരിപ്പേരാണ്. എനിക്ക് നഷ്ടമായതും ഇത്രയുംപേരെയാണ്. ഒരാള്‍ക്ക് പലതാകാന്‍ പറ്റില്ല. അയാള്‍ മാത്രമാകാനേ കഴിയൂ. പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങള്‍ പങ്കിടാനും സാധിച്ചു. അതുകൊണ്ടാണ് ഇത്രയും വലിയ ജനാവലി അദ്ദേഹത്തെ യാത്രയയ്ക്കാന്‍ എത്തിയതും. ഉള്ളില്‍ തേങ്ങലുണ്ടാകുമെങ്കിലും ഇനിയും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നമ്മുടെ ചുണ്ടിലോ മനസിലോ ചിരി നിറയ്ക്കട്ടെ…സന്തോഷം പകരട്ടെ…അതിനപ്പുറത്തേക്ക് ക്യാൻസർ വാർഡിലും ചിരിച്ച ഒരു മനുഷ്യന് എന്ത് സമ്പാദിക്കാന്‍…!’.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…