Categories: Celebrities

സ്ത്രീകളുടെ കഷ്ടപ്പാടുകൾ പറയുമ്പോൾ പുരുഷന്റെ അദ്ധ്വാനത്തെ വില കുറച്ചു കാണുന്നുവെന്ന പരാതിയുണ്ടാവാം പുരുഷന്മാർക്ക്, അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്

ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. ചിത്രം കണ്ടശേഷം നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. തന്റെ സ്വന്തം അമ്മയെയും ഭര്‍ത്താവിന്റെ അമ്മയെയും താരതമ്യം ചെയ്തും വീട്ടിനെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമാണ് അശ്വതിയടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ

ഇത് Great Indian Kitchen എന്ന സിനിമയുടെ റിവ്യൂ അല്ല, അത് കണ്ടപ്പോൾ ഓർത്ത ചില കാര്യങ്ങൾ മാത്രമാണ്. വീട്ടിൽ ഞാൻ ഒറ്റക്കാണ് രാവിലെ പാചകം എങ്കിൽ ദോശയ്ക്ക് സാമ്പാർ ആവും കറി. ഒരേ തരം ദോശ, ഒരേ ഒരു സാമ്പാർ. കാസറോളിൽ ദോശ ചുട്ടു വച്ച് കറി അടുത്ത് വച്ച് എല്ലാവരെയും വിളിച്ച് ഒരുമിച്ച് കഴിക്കലാണ് പതിവ്.
ഇനി എന്റെ ഭർത്താവിന്റെ അമ്മയാണ് അടുക്കളയിൽ എങ്കിൽ അത് പല തരം ദോശകളും 3 തരം സാമ്പാറും ആവും. കട്ടിയുള്ളതും ഇല്ലാത്തതും, മൊരിഞ്ഞതും അല്ലാത്തതും നെയ് പുരട്ടിയതും പുരട്ടാത്തതുമായ ദോശകൾ, അച്ഛന് പുളിയും ഉപ്പും കുറഞ്ഞ സാമ്പാർ, മകന് അധികം സാമ്പാർ പൊടി ചേർക്കാത്ത കടുക് താളിക്കാത്ത സാമ്പാർ, മറ്റുള്ളവർക്ക് ഉപ്പും പുളിയും സാമ്പാർ പൊടിയും ചേർത്ത കടുക് താളിച്ച സാധാരണ സാമ്പാർ. അവസാനത്തെ ആളും കഴിച്ചെഴുന്നേൽക്കും വരെ ചൂടു ദോശകൾ ഡൈനിങ് ടേബിളിലേയ്ക്ക് പറന്നു കൊണ്ടിരിക്കും.

എല്ലാവരുടേം തൃപ്തി ഉറപ്പാക്കി ഒടുവിലാണ് അമ്മ കഴിക്കാൻ ഇരിക്കുക. അതിന് മുൻപ് അച്ഛനോ ഞങ്ങളോ എത്ര വിളിച്ചാലും ഒരു ദോശ അടുപ്പത്തുണ്ടെന്ന ന്യായത്തിൽ അമ്മ പിടിച്ച് നിൽക്കും. ഉപ്പു നോക്കാനും കല്ലിന്റെ ചൂട് പരുവപ്പെടുത്താനും ഏറ്റവും ആദ്യം ചുട്ട വക്ക് പൊട്ടിയ കല്ലിച്ച ദോശ കാസറോളിന്റെ അടിത്തട്ടിൽ നിന്ന് കൃത്യമായി കണ്ടെടുത്താണ് അമ്മ കഴിച്ചു തുടങ്ങുക.

സാദാ ഒരു തേങ്ങാ ചമ്മന്തി ആയാൽ പോലും അതിനും ബഹു വിധ വേർഷനുകൾ അമ്മ കണ്ടെത്തും. ഇഞ്ചി വച്ചത് ഒരാൾക്കെങ്കിൽ മാങ്ങാ വച്ചരച്ചത് മറ്റൊരാൾക്ക്. അതും പോരാഞ്ഞ് അച്ഛൻ തികഞ്ഞ വെജിറ്റേറിയനും മക്കൾ നോൺ വെജ് ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തവരും ആവുമ്പോൾ പിന്നെയും വിഭവങ്ങളുടെ എണ്ണം കൂടും. ഭർത്താവിന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾ പോലും നോക്കി അവരെ നാലു നേരം ഊട്ടുകയെന്നതാണ് അമ്മയുടെ ഏറ്റവും പ്രധാനപ്പെട്ട ജീവിത ലക്ഷ്യം. സഹായത്തിന് അടുക്കളയിൽ ആരൊക്കെയുണ്ടായാലും അമ്മയുടെ കൈ തൊടാതെ വീട്ടിൽ ഒരു കറിയും അടുപ്പിൽ നിന്നിറങ്ങിയിട്ടില്ല. ഉച്ചയൂണിന് ഇരിക്കുമ്പോൾ തന്നെ അമ്മ സ്വയം പറയും ‘ഉച്ചയ്ക്കത്തേടം അങ്ങനെ കഴിഞ്ഞു, ഇനി വൈകിട്ടത്തേക്ക് എന്താണാവോ?’.

ഊണ് കഴിഞ്ഞ് കൈ കഴുകിയിട്ട് ആലോചിച്ചാൽ പോരേ എന്ന് ഞങ്ങൾ അമ്മയെ കളിയാക്കും. പക്ഷേ ഞാൻ കണ്ട കാലം മുതൽ അമ്മ അങ്ങനെയാണ്.
എക്കണോമിക്സ് പഠിച്ച അമ്മയ്ക്ക് അന്ന് എന്തെങ്കിലും ജോലിക്ക് പോകാമായിരുന്നില്ലേ എന്ന് ചോദിച്ചാൽ അമ്മ പറയും ‘ഓഹ് അന്നതൊന്നും നടന്നില്ലെന്ന്…അതു കൊണ്ട് പിള്ളേരെങ്കിലും നല്ല പോലെ വളർന്നല്ലോ എന്ന്’.

അമ്മ സ്വന്തം ഇഷ്ടങ്ങളെല്ലാം മാറ്റി വച്ച് അടുക്കളയിൽ തന്നെ ജീവിച്ചതു കൊണ്ട് മക്കൾ പ്രത്യേകിച്ച് നന്നായോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് സത്യം. അവർ ആവറേജ് സ്റ്റുഡന്റസ് ആയി പഠിച്ച് സാധാരണ ജോലികൾ തന്നെ ചെയ്യുന്നു. മറിച്ച് അമ്മ ഒരു അധ്യാപികയോ ബാങ്ക് ജീവനക്കാരിയോ ആയി ഇന്ന് റിട്ടയർ ചെയ്തിരുന്നെങ്കിൽ ഈ മക്കളും മരുമക്കളും ഭർത്താവും പോലും കുറച്ച് കൂടി അഭിമാനത്തോടെ അമ്മയെക്കുറിച്ച് സംസാരിക്കുമായിരുന്നു.

അമ്മയ്ക്ക് വീടിന് പുറത്ത് കൂടി ഒരു ജീവിതം ഉണ്ടായേനെ, സുഹൃത്തുക്കൾ ഉണ്ടായേനെ, അബദ്ധത്തിൽ ഉപ്പു കൂടിപ്പോയ കറികളെ അച്ഛന്റെ മുന്നിൽ വയ്ക്കുമ്പോൾ അടുത്തുള്ളവർക്ക് പോലും കേൾക്കാവുന്ന അമ്മയുടെ നെഞ്ചിടിപ്പുകൾ, ഒരുപക്ഷേ ഇറങ്ങി പോകാനൊരു ഇടമുള്ള ആശ്വാസത്തിൽ ഇത്തിരി എങ്കിലും കുറഞ്ഞേനേ.
ആർക്കും ഒരു പരാതിക്കും ഇടവരുത്താതെ, സ്വന്തം ആരോഗ്യം നോക്കാതെ അമ്മ വച്ചു വിളമ്പി ഊട്ടി തേച്ചു മെഴുക്കി തുടച്ച് ഒടുവിൽ സമ്പാദിച്ചത് വിട്ടുമാറാത്ത നടുവേദനയും കണംകാലിൽ നീരും ഇടയ്ക്കിടെ താളം മറക്കുന്ന ഇറെഗുലർ ഹാർട്ട് ബീറ്റുമാണ്. ഉറക്കം തീരെയില്ലാത്ത രാത്രികളാണ്.

ഭക്ഷണത്തിന്റെ പരുവം തെറ്റിയാൽ ‘നല്ല മനസ്സോടെ അല്ലേൽ ഇതൊന്നും തരാൻ നിൽക്കരുതെന്ന’ അശരീരികൾ അല്ലാതെ ഒരാളും അമ്മയോട് thankful ആകുന്നത് കണ്ടിട്ടേ ഇല്ല. അമ്മയുടെ വയ്യായ്കകൾക്ക് പോലും ‘എവിടേലും അടങ്ങിയിരിക്കാതെ വരുത്തി വയ്ക്കുന്നതെന്ന’ ടൈറ്റിൽ ആണ് പലപ്പോഴും കിട്ടാറ്‌. വീട്ടിലെ സകലർക്കും അമ്മയോട് സ്നേഹമുണ്ട്. എന്ത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന മക്കളും ഭർത്താവും ഉണ്ട്. എന്നാൽ കാസറോളിൽ ദോശ ചുട്ട് വച്ച് എല്ലാരും വേണ്ടത് എടുത്ത് കഴിച്ചോളാൻ പറഞ്ഞിട്ട് ഫാർമസിയിൽ പോയിരുന്ന, എട്ടാം ക്ലാസ് മുതൽ അവനവന്റെ തുണികൾ അലക്കിച്ചിരുന്ന, പാത്രം കഴുകിച്ചിരുന്ന, ബോറടിച്ചാൽ അടുക്കള പൂട്ടി സിനിമ കാണാൻ പോവാം എന്ന് പറഞ്ഞിരുന്ന എന്റെ സ്വന്തം അമ്മയോട് എനിക്കും അനിയനും ഉള്ള സ്നേഹത്തേക്കാൾ ഒട്ടും കൂടുതലല്ല എന്റെ ഭർത്താവിന്റെ അമ്മയോട്, അമ്മയുടെ മക്കൾക്ക് ഉള്ളത് എന്നതാണ് എന്റെ തിരിച്ചറിവ്.

എന്ന് വച്ചാൽ അമ്മ മക്കൾക്കും ഭർത്താവിനും വേണ്ടി മാത്രം ജീവിച്ചത് കൊണ്ട് പ്രത്യേകമായൊരു സ്നേഹക്കൂടുതൽ ആർക്കുമില്ലെന്നു തന്നെ !
‘എന്റെ അമ്മയെ കണ്ട് പഠിക്കണം നീ’ എന്ന് എന്റെ ഭർത്താവെങ്ങാൻ പറഞ്ഞിരുന്നെങ്കിൽ എന്റെ കഥ തന്നെ മറ്റൊന്നായേനേയെന്ന് അത്ഭുതത്തോടെ ഞാൻ ഓർക്കാറുണ്ട്. മറിച്ച് നീ അമ്മയെ കണ്ട് പഠിക്കണ്ട, അവനവനു വേണ്ടി ജീവിച്ചിട്ടു മതി ബാക്കിയുള്ളവർക്ക് വേണ്ടി ജീവിക്കുന്നത് എന്നാണ് പറഞ്ഞത്. കുടുംബത്തിന് സർവ്വ സമ്മതം അല്ലാതിരുന്ന ഒരു തൊഴിൽ മേഖല വിവാഹ ശേഷം ഞാൻ തിരഞ്ഞെടുത്തത് പോലും ആ വാക്കിന്റ ഒറ്റ ബലത്തിൽ ആണ്.

ഞാൻ ഇല്ലാതെ ഇവരെന്ത് ചെയ്യുമെന്ന ചോദ്യത്തിൽ കുരുങ്ങിയാണ് ഏന്തിയും വലിഞ്ഞും സ്വയം ഇല്ലാതാക്കി നമ്മുടെ സ്ത്രീകൾ അടുക്കള സ്വർഗമാക്കുന്നത്. ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കാൻ അറിയില്ലെന്ന് നടിക്കുന്ന മക്കളെയും ഭർത്താവിനെയും പരിചരിക്കുന്നത്. ആരുമില്ലെങ്കിലും അവരൊക്കെ ജീവിക്കും എന്നതാണ് സത്യം !
സ്ത്രീകളുടെ കഷ്ടപ്പാടുകൾ പറയുമ്പോൾ പുരുഷന്റെ അദ്ധ്വാനത്തെ വില കുറച്ചു കാണുന്നുവെന്ന പരാതിയുണ്ടാവാം പുരുഷന്മാർക്ക്. പുറം ലോകത്തെ വായു യഥേഷ്ടം ശ്വസിക്കുന്നവരാണ്, അകത്തും പുറത്തും ജീവിതം ഉള്ളവരാണ് മിക്ക പുരുഷന്മാരും. ഇറങ്ങിപ്പോകാൻ ഇടമുള്ളവർ.

സ്ത്രീ ഒരു ജന്മത്തിൽ കടന്നു പോകുന്ന ബയോളോജിക്കൽ / ഇമോഷണൽ കോംപ്ലെക്സിറ്റികളുടെ പകുതി പോലും പുരുഷൻ എക്സ്പീരിയൻസ് ചെയുന്നില്ലെന്നതാണ് വാസ്തവം. പത്തോ പന്ത്രണ്ടോ വയസ്സിൽ എത്തുന്ന ആർത്തവം മുതലിങ്ങോട്ട് പോസ്റ്റ് മെനുസ്ട്രൽ സിൻഡ്രോമുകൾ, ഗര്ഭധാരണം, പ്രസവം, പോസ്റ്റ് പാർട്ടം ഡിപ്രെഷനുകൾ, മിഡ് ലൈഫ് ക്രൈസിസ് എന്ന് ഓമനപ്പേരിട്ട പറഞ്ഞറിയിക്കാനാവാത്ത ഉലച്ചിലുകൾ, മെനോപോസ് എന്ന ഫുൾ സ്റ്റോപ്പിൽ നിന്ന് പിന്നങ്ങോട്ട് അവസാനം വരെ നീളുന്ന ഉഷ്ണ കാലങ്ങൾ ! അതിനൊക്കെ ഇടയിലാണ് ഈ അടുക്കളച്ചുവരുകളുടെ ആവർത്തനം. അതാണ് പല ഭാര്യമാരെയും ഭർത്താക്കന്മാരുടെ തല തിന്നുന്ന Frustrated house wives ആക്കുന്നത്. !
പുത്തൻ അടുക്കളകളിൽ സമവാക്യങ്ങൾ മാറുന്നുണ്ട്.

ഭരിക്കുന്ന ഭർത്താവിൽ നിന്ന് companionship ലേക്ക് മാറി നടക്കുന്ന ഒരുപാട് പേരെ അറിയാം, എന്റെ പങ്കാളി ഉൾപ്പെടെയുള്ളവരെ. രണ്ടു പേരും ഒരുമിച്ച് ജോലി കഴിഞ്ഞ് വീടെത്തിയാൽ ഭർത്താവ് ന്യൂസ് കാണാനും ഭാര്യ ചപ്പാത്തിയ്ക്ക് കുഴയ്ക്കാനും പോകുന്ന പതിവ് മാറ്റി കട്ടക്ക് കൂടെ നിൽക്കുന്ന എത്രയോ പുരുഷന്മാരുണ്ട്. അതൊരു പ്രതീക്ഷ തന്നെയാണ്. ഇനി അങ്ങനെയല്ലാത്തവർക്ക്, ഒരു ഗ്ലാസ് വെള്ളത്തിന് പോലും ‘ഡീ’ എന്ന് വിളിച്ച് ശീലിച്ച് പോയവർക്ക് കഴിഞ്ഞ നൂറ്റാണ്ടിന്ന് കയറി പോരാൻ പറഞ്ഞു വിട്ട വണ്ടിയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ !

NB : ഞാൻ എന്റെ ഫ്ളാറ്റിലെ എഴുത്തു മേശയുടെ സ്വാസ്ഥ്യത്തിൽ ഇരുന്ന് ഇത് എഴുതുമ്പോളും, തൊടുപുഴയിലെ വീട്ടിലിരുന്ന് ഉച്ചയ്ക്ക് എന്ത് കറി വയ്ക്കുമെന്ന്, ഇത്തിരി കപ്പ കൂടി ഉണ്ടെങ്കിൽ അച്ഛന് സന്തോഷമാവില്ലേ എന്ന് ചേട്ടത്തിയോട് കൂടിയാലോചന നടത്തുകയാവും അമ്മ…വൈകിട്ട് മഴ പെയ്തു കറണ്ട് എങ്ങാൻ പോകും മുൻപ് നാളത്തെ അപ്പത്തിനുള്ള മാവ് അരക്കണമെങ്കിൽ അരി നേരത്തെ വെള്ളത്തിൽ ഇടണമെന്ന് പറഞ്ഞേൽപ്പിക്കുകയാവും. മഹത്തായ ഭാരതീയ അടുക്കളയിൽ പണികൾ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ !

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago