Autorsha Malayalam Movie Review
കേരളത്തിലെ ഏറ്റവും ജനകീയമായ വാഹനം ഏതാണെന്ന് ചോദിച്ചാൽ ആദ്യം നാവിൽ വരുന്ന പേരാണ് ഓട്ടോറിക്ഷ. സാധാരണക്കാരനും പണക്കാരനും ഒരേപോലെ ആശ്രയിക്കുന്ന ഈ ജനകീയവാഹനത്തിന്റെ കഥ ഏറ്റവും ജനകീയമായ കലയായ സിനിമയിലൂടെ പറഞ്ഞപ്പോഴെല്ലാം അത് ജനങ്ങൾ ഏറ്റെടുത്തിട്ടുമുണ്ട്. അത്തരം ഓട്ടോക്കാരുടെ ദൈനംദിന ജീവിതവും അതിലെ കൊച്ചു കൊച്ചു നൊമ്പരങ്ങളും വലിയ വലിയ സന്തോഷങ്ങളും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്ന ചിത്രമാണ് ഛായാഗ്രാഹകൻ സുജിത് വാസുദേവ് ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിന് ശേഷം സംവിധാനം നിർവഹിച്ചിരിക്കുന്ന ഓട്ടർഷ എന്ന ചിത്രം. രസകരമായ നർമമുഹൂർത്തങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രം ഇടക്കെല്ലാം ജീവിത യാഥാർഥ്യങ്ങളെ തുറന്ന് കാട്ടി കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ദുരൂഹമായൊരു കാഴ്‌ച പ്രേക്ഷകർക്ക് മുന്നിലേക്കിട്ടു കൊടുത്താണ് ഓട്ടർഷ യാത്ര തുടങ്ങുന്നത്. കണ്ണൂരിലെ ചന്തപ്പുര എന്ന ചെറിയൊരു പട്ടണത്തിലെ ഓട്ടോ സ്റ്റാൻഡിൽ അനിത എന്ന പെൺകുട്ടി എത്തുന്നതോടെയാണ് പിന്നീട് യാത്ര മുന്നോട്ട് പോകാൻ തുടങ്ങുന്നത്. ഓട്ടോ ഡ്രൈവർമാരുടെ തന്നെ ഇടയിലെ വൈവിധ്യവും സാധാരണക്കാരായ ജനങ്ങളുടെ ജീവിതവും കാണിച്ച് ഓട്ടർഷ നൂറേനൂറിൽ പായുമ്പോഴാണ് അനിതയുടെ ഒരു സുഹൃത്ത് എത്തിച്ചേരുന്നത്. അവിടെ ആദ്യപകുതി അവസാനിക്കുന്നു. രണ്ടാം പകുതിയിൽ ചന്തപുര സ്റ്റാൻഡിൽ ഒരു ഓട്ടോ ഡ്രൈവറായി അനിത എത്തിച്ചേർന്ന സംഭവവികാസങ്ങളിലൂടെ പ്രേക്ഷകന് കൊണ്ടുപോകുമ്പോൾ ഇന്നത്തെ സമൂഹത്തിലെ പല കാര്യങ്ങളും അവിടെ ചർച്ച ചെയ്യപ്പെടുന്നു. ഒപ്പം ചിത്രത്തിന്റെ തുടക്കത്തിൽ കാണിച്ച ദുരൂഹത ചുരുളഴിയുകയും ചെയ്യുന്നു. ഡയമണ്ട് നെക്ക്ലെസ്, ഇതിഹാസ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നിങ്ങനെ അനുശ്രീയുടെ കരിയറിൽ എന്നും ഓർത്തുവെക്കാവുന്ന കഥാപാത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്ന് തന്നെയാണ് ഓട്ടർഷയിലെ അനിത. സ്വതസിദ്ധമായ നർമവൈഭവത്തോടെ ഏറെ രസകരമായാണ് അനുശ്രീ അനിതയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ രീതിയിൽ അവതരിപ്പിച്ചപ്പോഴും അനിത എന്ന കഥാപാത്രത്തിന്റെ ബോൾഡ്നെസ് ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്നത് തന്നെയാണ് ശ്രദ്ധേയം. പൂർണമായും ഓട്ടർഷ ഒരു അനുശ്രീ ചിത്രമാണെന്ന് പറയാവുന്ന പ്രകടനമാണ് പ്രേക്ഷകർക്ക് അനുശ്രീയിൽ നിന്നും ലഭിച്ചിരിക്കുന്നത്.
ഏയ് ഓട്ടോയിലെ ഓട്ടോ സ്റ്റാൻഡിൽ കണ്ട ചിരികളുടെ ഏറ്റവും പുതിയ കാഴ്ചകൾ ചന്തപ്പുരയിലെ ചെറിയ സ്റ്റാൻഡിലും നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. വ്യത്യസ്ഥ സ്വഭാവം ഉള്ള മനുഷ്യർ ആണെങ്കിൽ പോലും ഒരു ആവശ്യം വരുമ്പോൾ ഒന്നിച്ചു നിൽക്കുന്ന അവരുടെ ഒരു ഐക്യം എല്ലാവരും കണ്ടു പഠിക്കേണ്ട ഒന്നാണ്. കാമുകനെയും ജിമ്മനെയും ബുദ്ധിജീവിയെയുമെല്ലാം നമുക്ക് അവിടെ കാണാൻ സാധിക്കും. സ്വപ്നങ്ങൾ നെയ്ത് ഗൾഫിലേക്ക് പറന്ന സഹപ്രവർത്തകൻ വെറും കൈയ്യോടെ നിരാശനായി തിരിച്ചു വന്നപ്പോൾ പ്രതിമ നിർമിക്കാൻ വെച്ച കാശ് ഒരു കുടുംബത്തിന്റെ സന്തോഷത്തിനായി വിനിയോഗിച്ച അവരുടെ തീരുമാനം കണ്ണ് നിറക്കുന്ന കൈയ്യടികളാണ് നേടിയെടുത്തത്. വാക്കുകളിലൂടെയല്ല മറിച്ച് പ്രവൃത്തികളിലൂടെയാണ് സ്ത്രീ സമത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തേണ്ടതെന്ന് അനിത എന്ന കഥാപാത്രം പറയാതെ പറയുന്നുമുണ്ട്. ഷുഗർ ഉള്ളവരെ മാത്രമേ പാർട്ടിയിൽ എടുക്കൂ എന്ന ചോദ്യവും ബീഫ് ഇറച്ചിയില്ല, പകരം പ്രാവ് ഇറച്ചിയുണ്ട് എന്ന ഡയലോഗിലൂടെയും എറിഞ്ഞ അമ്പുകൾ കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
രാഹുൽ മാധവ്, ശിവദാസ് കണ്ണൂർ, ടിനി ടോം, നസീർ സംക്രാന്തി, സുഭീഷ് സുധി, അപർണ ജനാർദ്ദനൻ എന്നിങ്ങനെ ഓരോരുത്തരും ഓട്ടർഷയിലെ അവരുടെ യാത്ര സുന്ദരമാക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ ഓരോ രംഗങ്ങളും, പ്രത്യേകിച്ച് സുബീഷ് സുധിയുടെ ഒപ്പിടലും ഓട്ടോക്കാരുടെ തല്ലും ടിനി ടോമിന്റെ പ്രകടനവുമെല്ലാം, ഏറെ പൊട്ടിച്ചിരിപ്പിച്ചു. അഭിനയലോകത്ത് ചിരിപ്പിച്ച് തന്നെ യാത്രക്ക് തുടക്കം കുറിച്ചിരിക്കുന്ന അപർണ ജനാർദനൻ എന്ന നവഗതക്ക് ഇനിയും നല്ല ഓട്ടങ്ങൾ കിട്ടട്ടെ. നസീർ സംക്രാന്തിയുടെ കുന്നുംപുറം ഓട്ടവും ഏറെ ചിരിപ്പിച്ചു. ജയരാജ് മിത്രയുടെ തിരക്കഥ തന്നെയാണ് ഓട്ടർഷയുടെ യാത്ര ഏറ്റവും സുഗമമാക്കി തീർത്തിരിക്കുന്നത്. കായികലോകത്തെ തഴയലുകളും മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളും മക്കൾ എന്നാൽ വീഡിയോ കാൾ മാത്രമായ ഇന്നത്തെ പല കാര്യങ്ങളും അദ്ദേഹം തന്റെ തിരക്കഥയിൽ കൊണ്ടു വന്നിട്ടുണ്ട്. ക്ളൈമാക്‌സും മറ്റും പ്രവചനീയമാണ് എന്നതൊഴിച്ചാൽ ശക്തമായൊരു തിരക്കഥ തന്നെയാണ് ഓട്ടർഷയുടേത്. സംവിധായകൻ സുജിത് വാസുദേവ് തന്നെ ക്യാമറയും കൈകാര്യം ചെയ്തപ്പോൾ അതും നല്ലൊരു കാഴ്ചയായി. ഒരിടവേളക്ക് ശേഷം ശരത് ഒരുക്കിയ ഗാനങ്ങളും മികച്ച് നിന്നു. ജോൺകുട്ടിയുടെ എഡിറ്റിംഗും ഈ സവാരിയെ ഓർത്തിരിക്കാവുന്ന ഒന്നാക്കി തീർത്തു. ഏറെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുതിക്കുന്ന ഓട്ടർഷയിലെ സവാരി കുടുംബസമേതം ഒന്നിച്ചിരുന്ന് ആസ്വദിക്കാവുന്ന ഒരു ട്രീറ്റ് തന്നെയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…