Categories: MalayalamReviews

മലയാള സിനിമയുടെ നിലവാരം വീണ്ടുമുയർത്തി ഭൂതകാലം; റിവ്യൂ വായിക്കാം..!

ഒടിടി റിലീസ് ആയെത്തിയ ഏറ്റവും പുതിയ മലയാള ചിത്രമാണ് യുവ താരം ഷെയിൻ നിഗം നായകനായി എത്തിയ ഭൂതകാലം. നവാഗത സംവിധായകനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും ശ്രീകുമാർ ശ്രേയസും ചേർന്നാണ്. ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ് നായകനായ ഷെയിൻ നിഗം. ഷെയിൻ നിഗത്തിനൊപ്പം പ്രശസ്ത നടി രേവതിയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം സോണി ലൈവ് എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്. ഇതിന്റെ ട്രൈലെർ ഗംഭീര ശ്രദ്ധ നേടിയത് കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രതീക്ഷകൾക്ക് നടുവിലാണ് ഭൂതകാലം സ്ട്രീമിങ് ആരംഭിച്ചത്. ആ പ്രതീക്ഷകളെ സാധൂകരിച്ചു എന്ന് മാത്രമല്ല, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിൽ ഒന്നാണ് ഭൂതകാലം എന്ന് പറയാവുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് പറയാം.

ഡി ഫാം കോഴ്സ് പൂർത്തിയാക്കി ജോലി അന്വേഷിച്ചു നടക്കുന്ന കഥാപാത്രമാണ് ഷെയിൻ നിഗം അവതരിപ്പിക്കുന്ന വിനു. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു പോയ വിനു ജീവിക്കുന്നത് അമ്മ ആശയുടെ ഒപ്പമാണ്. കിടപ്പിലായ അമ്മൂമ്മയും അവർക്കൊപ്പം ഉണ്ട്. ആശ എന്ന കഥാപാത്രം ചെയ്യുന്നത് നടി രേവതിയാണ്. ഒരു വാടക വീട്ടിലാണ് അവർ ജീവിക്കുന്നത്. അപ്പോഴാണ് പെട്ടെന്ന് അവന്റെ അമ്മൂമ്മ മരിച്ചു പോകുന്നത്. അമ്മയുടെ മരണം, ആശക്കു മാനസികമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കാരണം അവർ നേരത്തെ തന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സ നേടിക്കൊണ്ടിരുന്ന ആളാണ്. അമ്മൂമ്മയുടെ മരണത്തോടെ ആ വീട്ടിൽ തനിച്ചാകുന്ന അമ്മയുടെയും മകന്റെയും ജീവിതത്തിൽ പിന്നീട് ചില അസ്വാഭാവിക സംഭവങ്ങൾ ഉണ്ടാവുകയാണ്. ആ വീട്ടിൽ നടക്കുന്ന ഇത്തരം അസ്വാഭാവികമായ കാര്യങ്ങൾ ആദ്യം വിനുവിനാണ് അനുഭവപ്പെടുന്നത്. അതിനെത്തുടർന്ന് അവനും അസ്വസ്ഥനാകുന്നു. പിന്നീട് ഈ അമ്മയുടെയും മകന്റെയും ജീവിതത്തിൽ ഉണ്ടാവുന്ന കാര്യങ്ങളാണ് ഭൂതകാലം നമ്മളോട് പറയുന്നത്.

ശ്രീകുമാർ ശ്രേയസും സംവിധായകൻ രാഹുലും ചേർന്നൊരുക്കിയ പഴുതടച്ച, ഉറപ്പുള്ള തിരക്കഥയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി ആയി മാറിയത്. ഒരേ സമയം ഒരു സൈക്കോളജിക്കൽ ഡ്രാമ പോലെയും ഹൊറർ ചിത്രം പോലെയും സഞ്ചരിച്ചു കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുക എന്ന വെല്ലുവിളിയിൽ ഈ ചിത്രം വിജയിച്ചത് ആ തിരക്കഥയുടെ മികവ് കൊണ്ടാണ്. അല്പം പതുക്കെ ആണ് മുന്നോട്ടു പോകുന്നത് എങ്കിലും ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയാൻ സംവിധായകൻ രാഹുൽ സദാശിവന് സാധിച്ചു. സാങ്കേതികപരമായി ഏറെ മുന്നിട്ടു നിൽക്കുന്ന ഒരു ദൃശ്യ ഭാഷ നല്കാൻ സാധിച്ചു എന്നിടത്താണ് ഈ സംവിധായകന്റെ വിജയം ഇരിക്കുന്നത്. വളരെ കയ്യടക്കത്തോടെയും നിയന്ത്രണത്തോടെയും കഥ അവതരിപ്പിച്ച രാഹുൽ, കഥാസന്ദർഭങ്ങളിലെ നിഗൂഢതകൾക്കു മികച്ച ദൃശ്യാവിഷ്കാരമാണ് പകർന്നത്. പ്രേക്ഷകരിൽ ആകാംഷ നിറക്കാനും അവരെ ഞെട്ടിക്കാനും സാധിച്ചു എന്നിടത്താണ് ഈ ചിത്രം കയ്യടി നേടുന്നത്.

പ്രത്യേകിച്ച് ഇതിന്റെ ക്ലൈമാക്സ് ഭാഗത്തെ ഹൊറർ സീനുകൾ പുലർത്തിയ നിലവാരം അപാരമാണ്. ആ രംഗങ്ങൾ ആണ് മലയാളത്തിലെ ഇതുവരെ വന്നതിൽ ഏറ്റവു മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയുടെ മുകളിലേക്ക് തന്നെ ഭൂതകാലത്തെ എത്തിക്കുന്നത് എന്ന് പറയാം. അത്രമാത്രം പ്രേക്ഷകരെ പേടിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്നുണ്ട് ആ രംഗങ്ങൾ. സാധാരണ കണ്ടു മടുത്ത ഹൊറർ ചിത്രങ്ങളിലെ സീനുകളിൽ നിന്നും മാറി വളരെ റിയലിസ്റ്റിക് ആയും കഥ പറയാൻ ശ്രമിച്ചു എന്നിടത്താണ് ഭൂതകാലത്തിന്റെ വിജയം. ഇമോഷണൽ രംഗങ്ങളിലും ഹൊറർ രംഗങ്ങളിലും ഗംഭീരമായ പ്രകടനവുമായി, തന്റെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന പെർഫോമൻസാണ് ഷെയിൻ നിഗം കാഴ്ച വെച്ചത്. ആശ എന്ന കഥാപാത്രം വളരെ കയ്യടക്കത്തോടെ ചെയ്തു രേവതിയും ശ്രദ്ധ നേടി. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല എന്നിവരും തങ്ങളുടെ ഭാഗങ്ങൾ വളരെ മനോഹരമായി തന്നെയാണ് ചെയ്തത്.

ദൃശ്യങ്ങളുടെ നിലവാരവും പശ്ചാത്തല സംഗീതവും എഡിറ്റിങ്ങുമാണ് ഈ ചിത്രത്തിന്റെ നട്ടെല്ലായി നിന്നത് എന്ന് പറയാം. ഷെഹ്നാദ് ജലാലാണ് ഇതിലെ ഗംഭീര ദൃശ്യങ്ങൾ നമ്മുക്ക് സമ്മാനിച്ചത്. വളരെ ചെറിയ സ്ഥലത്തു നിന്നുകൊണ്ട് ഗംഭീര ഹൊറർ ദൃശ്യങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം പ്രേക്ഷകരെ ഞെട്ടിച്ചപ്പോൾ ശഫീഖ് മുഹമ്മദിന്റെ എഡിറ്റിംഗും ചിത്രത്തിനെ മൂഡ് പ്രേക്ഷകരുടെ മനസ്സിലെത്തുന്നതിൽ നിർണ്ണായകമായി മാറി. ഈ സിനിമയിലെ ആകെയുള്ള ഒരേയൊരു ഗാനം എഴുതി, സംഗീതം ചെയ്ത്, പാടിയിരിക്കുന്നത് നായകൻ ഷെയിൻ നിഗമാണ്. ആ ഗാനവും മികവ് പുലർത്തിയിട്ടുണ്ട്. ഷെയ്ൻ നിഗം ഫിലിംസിന്റെ ബാനറിൽ ഷെയ്നിന്റെ മാതാവ് സുനില ഹബീബും പ്ലാൻ ടി ഫിലിംസിന്റെ ബാനറിൽ തേരേസ റാണിയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അവർക്കു അഭിമാനിക്കാവുന്ന ഒന്ന് തന്നെയാണ്. ത്രില്ലറുകളും ഹൊറർ ത്രില്ലറുകളും ഇഷ്ട്ടപെടുന്ന സിനിമാ പ്രേമികൾക്ക് ഒരു ഗംഭീര സിനിമാനുഭവം തന്നെ ഭൂതകാലം സമ്മാനിക്കും എന്നത് നൂറു ശതമാനം ഉറപ്പാണ്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago