കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ബ്രോ ഡാഡി ആണ് ഇന്ന് ഒടിടി റിലീസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്തത്. ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത് തന്നെ വലിയ പ്രതീക്ഷ സമ്മാനിച്ച ഒന്നായിരുന്നു. അതിനൊപ്പം ലുസിഫറിൽ നിന്നും തീർത്തും വ്യത്യസ്തമായി ഒരു ഫൺ ഫാമിലി ഫിലിം ആയാണ് ബ്രോ ഡാഡി ഒരുക്കുന്നത് എന്ന വാർത്തയും കൗതുകം പകർന്നിരുന്നു. തുടർന്ന് ടീസർ, ട്രയിലർ, ഗാനങ്ങൾ എന്നിവയും റിലീസിന് മുൻപേ പുറത്തു വന്ന പ്രോമോ വിഡിയോകളും ചിത്രത്തിന്റെ മൂഡ് എന്താണ്, ചിത്രത്തിലെ അന്തരീക്ഷവും അതിന്റെ കാൻവാസും എന്താണെന്നും ഊഹം നൽകി. അതുകൊണ്ടു തന്നെ ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടത് എന്താണെന്നുള്ള കൃത്യമായ ബോധ്യത്തോടെ ബ്രോ ഡാഡി കാണാൻ പ്രേക്ഷകർക്ക് കഴിഞ്ഞു എന്നതാണ് സത്യം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജോൺ കാറ്റാടി എന്ന മോഹൻലാൽ കഥാപാത്രമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. കാറ്റാടി എന്ന പേരിൽ സ്റ്റീൽ കമ്പനി നടത്തുന്ന ജോണിന്റെ ഭാര്യ ആണ് മീന അവതരിപ്പിക്കുന്ന അന്നമ്മ. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിച്ച ഇരുവർക്കും ജനിച്ച മകൻ ആണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഈശോ കാറ്റാടി. അതുകൊണ്ട് തന്നെ അച്ഛനും മകനും ആയ ജോണും ഈശോയും സഹോദരങ്ങളെ പോലെയോ കൂട്ടുകാരെ പോലെയോ ആണ്. അതുപോലെ ജോണിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ലാലു അലക്സ് അവതരിപ്പിക്കുന്ന കുര്യൻ. കുര്യന്റെ മകൾ ആണ് കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന അന്ന. നല്ല അടുപ്പത്തിലാണ് ഈ രണ്ടു കുടുംബങ്ങളും മുന്നോട്ടു പോകുന്നത്. അതിനിടക്ക് ആണ് ഇവർ തീരെ പ്രതീക്ഷിക്കാത്ത രണ്ടു സംഭവങ്ങൾ ഈശോ കാറ്റാടിയുടെയും ജോൺ കാറ്റാടിയുടെയും ജീവിതത്തിൽ ഉണ്ടാവുന്നത്. അപ്പനും മോനും ഒരേപോലെയുള്ള പ്രശ്നത്തിൽ ചെന്ന് ചാടുന്നതോടെ ചിത്രം സംഭവബഹുലമായി മാറുകയാണ്.
അതീവ രസകരമായാണ് പൃഥ്വിരാജ് എന്ന സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്ന് ഒരുക്കിയ രസകരമായ ഒരു തിരക്കഥക്കു പൃഥ്വിരാജ് നൽകിയ ദൃശ്യ ഭാഷ ഏറെ രസകരമാണ്. ലൂസിഫർ എന്ന ചിത്രം മാസ്സ് ആയും സ്റ്റൈലിഷ് ആയും ഒരുക്കിയ പൃഥ്വിരാജ്, ബ്രോ ഡാഡിയിലേക്കു വന്നപ്പോൾ സംവിധായകൻ എന്ന നിലയിൽ ഉള്ള തന്റെ മറ്റൊരു വശം ആണ് കാണിച്ചു തന്നത്. വളരെ കളർഫുൾ ആയും ചടുലമായും ഒരുക്കിയ ഒരു ഫീൽ ഗുഡ് ഫൺ റൈഡ് ആണ് ബ്രോ ഡാഡി. അഭിനേതാക്കളുടെ ബെസ്റ്റ് ഔട്ട്പുട്ട് അവരിൽ നിന്ന് എടുക്കാൻ സാധിച്ചു എന്നതാണ് പൃഥ്വിരാജ് എന്ന സംവിധായകന്റെ വിജയം. പ്രേക്ഷകർക്ക് മനസ്സ് കൊണ്ട് ബന്ധപ്പെടുത്താൻ കഴിയുന്ന കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും നിറഞ്ഞ ഈ ചിത്രം ആദ്യാവസാനം ഏതൊരു പ്രേക്ഷകനും നിറഞ്ഞ ചിരിയോടെ കണ്ടു തീർക്കാവുന്ന ഒന്നാണ്.
മോഹൻലാൽ എന്ന നടന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ നട്ടെല്ല് എന്ന് തന്നെ പറയണം. അദ്ദേഹത്തിന്റെ പ്രകടനമാണ് ഈ ചിത്രത്തെ പ്രധാനമായും താങ്ങി നിർത്തുന്നതും ഏറെ രസകരമാക്കുന്നതും. ജോൺ കാറ്റാടി എന്ന അപ്പൻ ആയി ഭാവപ്രകടനം കൊണ്ടും ശരീരഭാഷ കൊണ്ടും മോഹൻലാൽ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവെറിയും ഗംഭീരമാണ്. പ്രേക്ഷകർ എന്നും ഇഷ്ട്ടപെടുന്ന ആ സരസനായ മോഹൻലാലിനെ ആണ് പൃഥ്വിരാജ് തന്നത്. ഈശോ കാറ്റാടി ആയി പൃഥ്വിരാജ് സുകുമാരനും തിളങ്ങി. മോഹൻലാലും – പൃഥ്വിരാജ് സുകുമാരനും തമ്മിൽ ഉള്ള രസകരമായ അച്ഛൻ – മകൻ കോമ്പിനേഷൻ വളരെ സന്തോഷം നൽകുന്ന ഒരു കാഴ്ചയാണ്. മോഹൻലാൽ കഴിഞ്ഞാൽ ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് ലാലു അലക്സ് ആണ്. കുര്യൻ ആയി ചിരിപ്പിച്ചും രസിപ്പിച്ചും ലാലു അലക്സ് നിറഞ്ഞാടി. ഇവർക്കൊപ്പം മീന, കല്യാണി പ്രിയദർശൻ, കനിഹ, ജഗദീഷ്, മല്ലിക സുകുമാരൻ, സൗബിൻ ഷാഹിർ, ഉണ്ണി മുകുന്ദൻ, ജാഫർ ഇടുക്കി എന്നിവരും മികച്ചു നിന്നു.
ദീപക്ദേവ് ഒരുക്കിയ മനോഹരമായ ഗാനങ്ങളും അതുപോലെ കോമഡി സീനുകൾ ഏറെ രസകരമാക്കിയ പശ്ചാത്തല സംഗീതവും കയ്യടി അർഹിക്കുന്നുണ്ട്. ദീപക് ദേവിന്റെ സംഗീതവും അഭിനന്ദം രാമാനുജന്റെ ദൃശ്യങ്ങളുമാണ് ഈ ചിത്രത്തിന്റെ ടോട്ടൽ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചത്. അഖിലേഷ് മോഹൻ നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന് വളരെ രസകരമായ ഒരു താളവും ഒഴുക്കും നൽകുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായും മികച്ചു നിൽക്കുന്ന ഒരു സിനിമാനുഭവമായി അങ്ങനെ ബ്രോ ഡാഡി മാറിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം ആദ്യാവസാനം ചിരിച്ചു രസിച്ചു സന്തോഷത്തോടെ കണ്ടു തീർക്കാവുന്ന ചിത്രമാണ് ബ്രോ ഡാഡി. ഒരു നിമിഷം ബോറടിപ്പിക്കാതെ ഈ ചിത്രം ഒട്ടേറെ നിമിഷങ്ങളിൽ നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ഒരു ഗംഭീര മോഹൻലാൽ ഷോ എന്ന് വിളിക്കാവുന്ന ഈ ചിത്രം കോമഡി ഫാമിലി ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന എല്ലാ പ്രേക്ഷകർക്കും ഒരു ചിരി വിരുന്നു തന്നെയാണ് എന്ന് ഉറപ്പിച്ചു പറയാം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…