“വിത്തേന രക്ഷതേ ധര്‍മ്മാ
വിദ്യാ യോഗേന രക്ഷതേ
മൃദുനാ രക്ഷതേ ഭുപ:
സസ്ത്രിയാ രക്ഷതേ ഗൃഹം”
ചരിത്രത്താളുകളിൽ രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന കൂർമബുദ്ധിയും ജ്ഞാനവും കൊണ്ട് അനുഗ്രഹീതനായ ചാണക്യൻ അർത്ഥശാസ്ത്രത്തിൽ കോറിയിട്ട വരികളാണിവ. “ധനത്താല്‍ ധര്‍മ്മം രക്ഷിക്കപ്പെടുന്നു. അഭ്യാസം കൊണ്ട് ജ്ഞാനം രക്ഷിക്കപ്പെടുന്നു. വിനയം രാജാവിനെ രക്ഷിക്കുന്നു.വീടിന്റെ രക്ഷ സ്ത്രീയുടെ പരിശുദ്ധിയാണ്.” ഇന്നത്തെ സമൂഹത്തിനോട് വീണ്ടും വീണ്ടും ഏറ്റുപറയാവുന്ന സത്യം. എങ്കിലും അവർ അത് കാണാതെ പോകും. അത്തരമൊരു വസ്തുതയിലേക്ക് വെളിച്ചം വീശുന്ന ഒരു ചിത്രമാണ് കണ്ണൻ താമരക്കുളം സംവിധാനം നിർവഹിച്ച ‘ചാണക്യതന്ത്രം’. കുറ്റാന്വേഷണ ചിത്രങ്ങളിലേക്ക് സാമൂഹിക പ്രതിബദ്ധത കൂടി ചേർത്തിരിക്കുകയാണ് സംവിധായകൻ.
വലിയൊരു ലക്ഷ്യം മുന്നില്‍ക്കണ്ട് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെയൊക്കെ സമചിത്തതയോടെ നേരിട്ട് ആഗ്രഹസഫലീകരണം സാധ്യമാക്കിയ ചാണക്യന് അല്‍ഭുത ശക്തികളൊന്നും ഉണ്ടായിരുന്നില്ല. അതേപോലെ കൂർമ്മബുദ്ധിയും അസാധാരണ നിരീക്ഷണപാടവവും സ്വായത്തമാക്കിയ യുവാവാണ് അർജുൻ. ലോകപ്രശസ്‌തമായ ഒരു സ്വകാര്യ കുറ്റാന്വേഷണസംഘത്തിൽ ചേരുവാനായി അവരുടെ കൊച്ചിയിലുള്ള ബ്രാഞ്ചിൽ അർജുൻ ജോയിൻ ചെയ്യുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഏൽപ്പിക്കുന്ന കാര്യങ്ങൾ പൂർണതയോടെ ചെയ്തു തീർക്കുന്ന അർജുന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ആൻഡ്രിയ എന്ന പെൺകുട്ടി വന്നുചേരുന്നു. അപ്രതീക്ഷിതമായ ചില സംഭവങ്ങൾ അർജുന്റെ ജീവിതത്തെ തകിടം മരിക്കുന്നു. നിരപരാധി അപരാധി ആകുമ്പോൾ അവന്റെ മുന്നിൽ ഒരേ ഒരു വഴിയേയുള്ളൂ. തന്റെ നിരപരാധിത്വം തെളിയിക്കുക. തുടർന്നുണ്ടാകുന്ന ഉദ്വെഗജനകമായ സംഭവങ്ങളാണ് ചാണക്യതന്ത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. നായകനായും വില്ലനായും സഹനടനുമായെല്ലാം തന്റേതായ ഒരു സ്ഥാനം മലയാളസിനിമയിൽ സൃഷ്ടിച്ചെടുത്തിരിക്കുന്ന ഉണ്ണി മുകുന്ദന്റെ നല്ലൊരു പ്രകടനം തന്നെ ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും. അഭിനയത്തിലും സംഘട്ടനരംഗങ്ങളിലുമെല്ലാം മികച്ചു നിൽക്കുന്ന ഉണ്ണി മുകുന്ദൻ ഹാസ്യരംഗങ്ങൾ കൈകാര്യം ചെയ്യുന്നതിലും കൂടി മികവ് പുലർത്തിയാൽ അത് അദ്ദേഹത്തിന്റെ കരിയർ തന്നെ മാറ്റി മറിക്കും.
നായകൻറെ പിന്നിൽ വെറും നിഴലായി ഒതുങ്ങിപ്പോകാത്ത ഒരു പ്രാധാന്യം നായികമാരായ ശിവദാക്കും ശ്രുതിക്കും സംവിധായകനും തിരക്കഥാകൃത്തും നൽകിയിട്ടുണ്ട്. ഇരുവരും അവരുടെ കഥാപാത്രങ്ങൾ മനോഹരമായി ചെയ്യുകയും ചെയ്തു. സീരിയസായി ഒരു കഥ പറയുന്നതിനിടയിൽ ‘പൂങ്കാറ്റേ പോയി ചൊല്ലാമോ’ എന്ന ഗാനമിട്ട് പ്രണയം വരുത്തിക്കാൻ ശ്രമിച്ചത് ഒരു കല്ലുകടിയായി തോന്നി. പ്രത്യേകിച്ചും രണ്ടു കഥാപാത്രങ്ങളും അത്യാവശ്യം ഗൗരവം ഉള്ളവരായിരിക്കുമ്പോൾ തന്നെ അത്തരത്തിലൊന്ന് അനാവശ്യമായിരുന്നു. ഏറെ ദുരൂഹതകൾ നിറച്ചെത്തിയ അനൂപ് മേനോന്റെ കഥാപാത്രവും ഞെട്ടിക്കാതിരുന്നില്ല. തനതുരീതിയിൽ തന്റെ കഥാപാത്രത്തെ അദ്ദേഹം നന്നാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങളുമായി പലരും ചിത്രത്തിൽ വന്നും പോയിയുമിരിക്കുന്നുണ്ട്. ഹരീഷ് കണാരൻ, സായി കുമാർ, രമേഷ് പിഷാരടി എന്നിങ്ങനെ ഓരോരുത്തരും അവരുടെ ഭാഗങ്ങൾ മനോഹരമാക്കി.
ക്ലൈമാക്‌സ് രംഗത്ത് പറയുന്ന ‘നമ്മുടെ പെൺമക്കൾക്ക് വേണ്ടി ചിലതൊക്കെ നമുക്ക് കണ്ടില്ലെന്ന് വെയ്ക്കാം’ എന്ന ആ ഡയലോഗ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തിരക്കഥയുടെ ആദ്യപകുതിയിൽ കണ്ട പല കുറവുകളേയും ആ ഒരൊറ്റ ഡയലോഗ് ഇല്ലാതാക്കുന്നുണ്ട്. എങ്കിൽ തന്നെയും കഥയുടെ സങ്കീർണത പ്രേക്ഷകനെ ചിലപ്പോഴൊക്കെ ആശയകുഴപ്പത്തിലാക്കുന്നുണ്ട്. അത് ഇത്തരം സസ്പെൻസ് ത്രില്ലറുകളുടെ ഭാഗവുമാണ്. ദിനേഷ് പള്ളത്തും കണ്ണൻ താമരക്കുളവും ചേർന്നൊരുക്കിയ തിരക്കഥ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതാണ്. എങ്കിലും എവിടെയൊക്കെയോ ഒരു കുറവ് അനുഭവപ്പെടുന്നുമുണ്ട്. മനോഹര ഗാനങ്ങളുമായി ഷാൻ റഹ്മാൻ വീണ്ടും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ഗാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ആ ഒരു നിലവാരം കണ്ടെത്തുവാൻ സാധിച്ചിട്ടില്ല എന്ന് പറയാം. ക്യാമറയും എഡിറ്റിംഗും അഭിനന്ദനാർഹം. സമകാലീന സമൂഹത്തിലെ നാ ചോദ്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു നഗ്നസത്യത്തിലേക്ക് തന്നെയാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ ചാണക്യതന്ത്രം കാണാതിരിക്കരുത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…