Drishyam Chinese remake Sheep Without a Shepherd review by Farsana Ali
മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന അതിഗംഭീരവും വ്യത്യസ്തത നിറഞ്ഞ പ്രമേയവുമായി പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ക്രൈം ത്രില്ലര്‍ ജീത്തു ജോസഫ് ചിത്രമാണ് ‘ദൃശ്യം’ .ചിത്രം കേരളത്തില്‍ മാത്രമല്ല,ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വന്‍ പ്രേക്ഷക ശ്രദ്ധ തന്നെയാണ് നേടിയിരുന്നത്. പ്രേക്ഷകന് ഒരുതരത്തിലും ഊഹിക്കാൻ പറ്റാത്ത കഥയുണ് അവസാനം വരെ നീണ്ടുനില്‍ക്കുന്ന ആകാംഷാഭരിതമായ രംഗങ്ങളും ചിത്രത്തിന്റെ ഓരോ ദൃശ്യങ്ങളേയും തിയേറ്ററുകളില്‍ വേറിട്ട അനുഭവമാക്കി മാറ്റി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിച്ചത്.മലയാളത്തിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവും ദൃശ്യം ആയിരുന്നു.
നിരവധി ഭാഷകളിലേക്കാണ് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടത് എന്നത് തന്നെ ചിത്രത്തിന്റെ ക്വാളിറ്റിയെ മനസ്സിലാക്കിത്തരുന്നുണ്ട്. ദൃശ്യ എന്ന പേരിൽ കന്നഡയിലാണ് ആദ്യം ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. പിന്നീട് ദൃശ്യം എന്ന പേരിൽ തന്നെ തെലുങ്കിലും ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. പാപനാശം എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്‌തത് ജീത്തു ജോസഫ് തന്നെയാണ്. ധർമയുദ്ധായ എന്ന പേരിൽ സിംഹള ഭാഷയിലും റീമേക്ക് ചെയ്യപ്പെട്ട ചിത്രത്തിന്റെ ചൈനീസ് റീമേക്കായ ഷീപ്പ് വിതൗട്ട് എ ഷെപ്പേർഡ് പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ചൈനക്കാർക്കൊപ്പം ചിത്രം തീയറ്ററിൽ കണ്ടതിന്റെ അനുഭവം പങ്ക് വെച്ച് ഫർസാന അലി എന്ന യുവതി എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്.
മലയാളത്തിന്റെ ദൃശ്യം- ചൈനയുടെ Sheep without a shepherd
_________________________________________പതിനൊന്ന് കൊല്ലമാകുന്നു ചൈനയിൽ താമസമായിട്ട്. ആദ്യമായിട്ടാണ് നമ്മുടെ സ്വന്തം സിനിമയാണെന്ന് ചൈനക്കാരോട് നിശബ്ദം പറഞ്ഞ് സ്വയം തോളിൽ തട്ടി അഭിനന്ദിച്ച് കണ്ടോ കണ്ടോ ചൈനക്കാരേ എന്ന് അഭിമാനിക്കുന്നത്. ലാസ്റ്റ് ചൈനീസ് ഭാഷയിൽ ദ എൻഡ് എന്ന് എഴുതുകാണിക്കുമ്പൊ എണീക്കാൻ പോലും മറന്ന് പോയി ചൈനക്കാർ ഇരിക്കുമ്പം രോമാഞ്ചകഞ്ചുകം അണിയുന്നത്. യെസ്. ദൃശ്യം തന്നെ. നമ്മടെ ജോർജ്ജുട്ടി ഫാമിലി ദുരന്ത കഥ തന്നെ! ഏഴു ദിവസം കൊണ്ട് 31.3 മില്ല്യൺ കളക്റ്റ് ചെയ്ത് തകർത്തോടുകയാണ് ചൈനീസ് ‘ദൃശ്യം.’ അന്ന് തന്നെ നാടൊട്ടുക്ക് റിലീസ് ചെയ്ത sky fire and jumanji 2, കളക്ഷനിൽ ‘ദൃശ്യത്തേക്കാളും’ പുറകിലാണ്. ആകാംക്ഷയോടെ കാത്തിരിക്കാൻ രണ്ടു കാരണങ്ങളായിരുന്നു. ഒന്ന്, മോഹൻലാൽ എന്ന അഭിനേതാവിനോട് തത്തുല്യനായി Sam Quah എന്ന മലേഷ്യൻ സംവിധായാകന്റെ കണ്ടെത്തൽ എത്രമാത്രം ശരിയാണെന്ന് അറിയാനുള്ള ത്വര. രണ്ട്, തൊടുപുഴയുടെ ഗ്രാമ ഭംഗിയിൽ നിറഞ്ഞ സിനിമയെ, ചൈനക്കാരുടെ ഇഷ്ട വിഭവമാക്കി മാറ്റി എങ്ങനെ സംവിധായകൻ അവതരിപ്പിക്കുമെന്ന് അറിയൽ. രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യം, ചൈനീസിൽ കഷ്ടി രണ്ടു മണിക്കൂർ മാത്രമേയുള്ളൂ. പാട്ടുകളേതുമില്ല. സറ്റിൽ ആയുള്ള കഥ പറച്ചിൽ.
തായ്ലന്റിലെ ഒരു തെരുവിൽ ജീവിക്കുന്ന ചൈനീസ് കുടുംബം. രാജാക്കാട് പോലീസ് സ്റ്റേഷനു മുൻപിലുള്ള ചായക്കടക്ക് പകരം, അങ്കിൾ സോങിന്റെ ജ്യൂസും മറ്റും വിൽക്കുന്ന കട. ലീ വെയ്‌ജ്യേ(ജോർജ്ജ് കുട്ടി)ഇന്റർനെറ്റ് കണക്ഷൻ ശരിപ്പെടുത്തി കൊടുക്കുന്ന കടയുടമ. ആയിരത്തോളം ഡിറ്റക്റ്റിവ് മൂവീസ് കണ്ടെന്ന് അവകാശപ്പെടുന്ന എലിമെന്ററി വിദ്യാഭ്യാസം മാത്രമുള്ള പാവപ്പെട്ടവൻ. കുടുംബസ്നേഹി. കുടുംബത്തിന്റെ വസ്ത്രധാരണത്തിൽ പോലും പ്രകടമാണ് ഈ ദാരിദ്ര്യം. ജോർജു കുട്ടിയുടെയും റാണിയുടേയും കുസൃതി നിറഞ്ഞ, അതീവ റൊമാന്റിക്കായ, നമ്മൾ കണ്ട നിമിഷങ്ങൾ ഇതിലില്ല. ഒരു പെൺകുട്ടിയുടെ ന്യൂഡ് വീഡിയോ (അതും ഒളികാമറ) പുറത്തായാൽ ജീവിതം അമ്പേ തകർന്നു എന്ന മലയാളി/ഇൻഡ്യൻ പൊതുബോധത്തിൽ ഊന്നിയുള്ള ഒരു സാധനത്തിനു ചൈനീസ് സാമൂഹ്യ ജീവിതത്തിൽ സ്ഥാനമില്ല. അതൊന്നും ഇവർക്ക് ഒരു വിഷയമേ അല്ല. അതിനാൽ തന്നെ അതെങ്ങിനെ ഇതിൽ കൊണ്ട് വരും എന്നത് എന്റെയൊരു സംശയമായിരുന്നു. ഉത്തരം സിമ്പിൾ. കഥ നടക്കുന്നത് ചൈനയിൽ ആക്കാതിരിക്കുക. എന്നാ തായ്ലന്റിലെ അവസ്ഥയും വിഭിന്നമായിരിക്കില്ലല്ലോ? പക്ഷേ അവിടെ ഇങ്ങനെ ഒക്കെ ആയിരിക്കും എന്ന് ചൈനീസ് കാണികൾ കരുതിക്കോളും.
ദൃശ്യത്തിൽ നിന്നും മാറി, ചടുലമേറിയ കഥ പറച്ചിലാണ്. 2019 ലാണ് കഥ നടക്കുന്നത്. ചിത്രം ആരംഭിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിലേ ലേഡി പോലീസ് ചീഫും മകനും സ്‌ക്രീനിൽ വരുന്നുണ്ട്. ചൈനീസ് മുഖമുള്ള സഹദേവൻ വെറുപ്പിന്റെ മുഖം കാണിക്കുന്നുണ്ട്. അൻസിബ അവതരിപ്പിച്ച ഒതുക്കമുള്ള മകൾക്ക് പകരം അച്ഛനോട് സദാ മുഖം കറുപ്പിക്കുന്ന മകളാണിവിടെ. സമ്മർ ക്യാമ്പിൽ വച്ചു ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിച്ച് അവ മൊബൈലിൽ പകർത്തുന്നു. ടിപ്പിക്കൽ മലയാളി അമ്മ അല്ല ഇതിലെ അമ്മ. ഉശിരുള്ള പെണ്ണൊരുത്തിയാണ്. ബ്ലാക്ക് മെയിലിംഗിനായി രാത്രിയിൽ വീടിനു പിറകിൽ വരുന്നവന്നോട് മകളുടെ ജീവിതത്തിനായി മീനയുടെ അമ്മ കഥാപാത്രം യാചിക്കുകയാണെങ്കിൽ, ‘എന്റെ മകളെ വേദനിപ്പിച്ചാൽ കൊന്നുകളയും’ എന്ന് പറഞ്ഞ അമ്മക്കഥാപാത്രം ‘താൻ ചവോ’ എന്ന അനുഗ്രഹീത നടിയിൽ ഭദ്രമാണ്. ഒരു കാടിനു പിറകിൽ, ശ്മാശാനത്തിനു അരികിലായാണ് ഇതിലെ വീടെന്നതിനാൽ, ഒരു കുഴിമാടം തുറന്നാണ് മൃതദേഹം ഒളിപ്പിക്കുന്നത്. ഇടയ്ക്കെപ്പോഴോ നെറ്റ് കണക്ഷനായി തെരുവിലെ ഒരു മുറിയുടെ തറ കുഴിക്കുന്നത് കാണാം. അതിശയിപ്പിക്കുന്ന അഭിനയം കാഴ്ച വയ്ക്കുന്നുണ്ട് ചെറിയ മകളായി അഭിനയിച്ച കുട്ടി.
പലരെയും പോലെ എനിക്കും അറിയാൻ ഏറെ താല്പര്യമുണ്ടായിരുന്നത് ഇവരും ധ്യാനം കൂടാനാണോ പോവുന്നത് എന്നതിലായിരുന്നു. അല്ല! ഏപ്രിൽ 2,3 തീയതികളിൽ മറ്റൊരു നഗരത്തിൽ നടക്കുന്ന ബോക്സിങ് മത്സരത്തിന് ദൃക്‌സാക്ഷികളായി എന്നാണ് ഇവിടെ കുടുംബം മെനയുന്ന കഥ. പാസ്സ്പോർട്ട് വെരിഫിക്കേഷൻ ചെയ്യാൻ ഒരു വീട്ടിൽ പോകവെയാണ് സഹദേവൻ പോലീസ് മഞ്ഞക്കാറിലുള്ള ജോർജ്ജ് കുട്ടിയുടെ സഞ്ചാരം കണ്ടതെങ്കിൽ, ഇവിടെയത് റോഡരികിലെ തട്ടുകടയിൽ നൂഡിൽസിനായി കാത്തു നിൽക്കുമ്പോഴായിരുന്നു. ബിരിയാണിക്ക് പകരം കഴിക്കുന്നത് കേക്ക്. പോലീസ് ചീഫ് ആയി വേഷമിട്ട ജോൻ ചെൻ മികച്ച അഭിനേത്രിയാണ്. രണ്ട് അമ്മമാരും നേർക്കുനേരെ നിന്ന് ഗദ്ഗദങ്ങൾ മാത്രം സ്‌ക്രീനിൽ നിറഞ്ഞ ചില രംഗങ്ങളുണ്ട്, മലയാളത്തിൽ ഇല്ലാത്തവ, simply amazing! -ഹീറോ ഒറിയന്റഡാണല്ലൊ നമ്മുടെ സിനിമകൾ.
പൊതുശ്‌മശാനത്തിൽ കയറിയ പോലീസ് മൃതദേഹത്തിനായി കുഴി തോണ്ടിയപ്പോൾ തെരുവാകെ കലാപം പൊട്ടിപ്പുറപ്പെട്ടു. പൊലീസിന് കിട്ടിയതോ ചത്ത ഒരാടിനെ. സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട പോലീസ് ചീഫിനും ഭർത്താവിനും മുൻപിൽ മാപ്പിരക്കുന്നുണ്ട് ഉറച്ച ബുദ്ധമത വിശ്വാസിയായ ലീ വെയ്‌ജ്യേ.പിന്നെയാണു ട്വിസ്റ്റ്: നേരെപോയി മീഡിയക്ക് മുൻപിൽ കുറ്റമേറ്റ് പറയുന്ന ചൈനീസ് ജോർജ്ജ് കുട്ടി. നമ്മുടെ ജോർജ്ജ് കുട്ടി നടന്നുപോകും വഴി വെളിവാക്കപ്പെട്ട ക്ലൈമാക്സിന്റെ പകിട്ടും ഗരിമയും അതിനില്ലായിരുന്നു. അവസാനം പോലീസ് വാനിൽ പോകുന്ന അച്ഛന് പിറകെ കരഞ്ഞു കൊണ്ട് ഓടുന്ന മകൾ. എല്ലാക്കാലത്തും അച്ഛനെ അധിക്ഷേപിച്ച മകൾ അച്ഛന് വേണ്ടി കരയുന്നത് മാത്രം മതിയായിരുന്നു അയാൾക്ക്. ഈ ക്ലൈമാക്സ് തന്നെയാണ് ചൈനക്കാർക്കിഷ്ടം എന്നതിന് തെളിവായിരുന്നു മൂവി കഴിഞ്ഞും ഏറെനേരം നീണ്ട നിശബ്ദത.
സ്‌ക്രീനിൽ പോലീസ് തെളിവെടുപ്പിന്റെ രംഗങ്ങളായപ്പോൾ, ആധി മൂത്ത് സീറ്റിൽ നിന്നിറങ്ങി നിലത്തിരുന്നിരുന്നു ഒരു സ്ത്രീ! ശ്വാസമടക്കിപ്പിടിച്ചായിരുന്നു ഒറ്റ സീറ്റ് പോലും ശൂന്യമല്ലാത്ത തീയേറ്ററിനകം! ജീത്തു ജോസഫ് എന്ന മലയാളിയുടെ രചനാവൈഭവത്തിന് ഇത്ര വലിയൊരു ജനവിഭാഗത്തെ പിടിച്ചിരുത്താനായല്ലോ എന്ന് അത്ഭുതപ്പെടേണ്ടിവന്നു പലവട്ടം! ഇതിനൊക്കെ സാക്ഷിയാകാൻ പറ്റിയതിന്റെ അഭിമാനം എനിക്ക് സ്വന്തം! ഒരു സംശയം എല്ലാരിലും കാണും. മലയാളിയുടെ ജോർജ് കുട്ടിയാണോ ചൈനക്കാരുടെ ലീ വെയ്‌ജ്യേ ആണോ കേമൻ എന്ന്. നിസ്സംശയം പറയട്ടെ, മോഹൻലാൽ എന്ന അതുല്യപ്രതിഭയുടെ നിഴൽ പോലും കാണാനായില്ല ചൈനയുടെ മികച്ച അഭിനേതാവായ ഷ്യാവോയിൽ. The complete Actor! എന്റെ മനസ്സിലെ ജോർജ്ജ് കുട്ടിക്ക് എന്നും ലാലിന്റെ മുഖമായിരിക്കും.
ഫർസാന അലി
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…