Evide Malayalam Movie Review
എവിടെ? ആകാംക്ഷയും ആവലാതിയും നിറക്കുന്ന ആ ഒരു ചോദ്യത്തിന് ഉത്തരങ്ങൾ പലതാകാം… ഒരു പക്ഷെ ഒരു ഉത്തരം പോലും ഇല്ലാതെയുമാകാം. അത്തരത്തിൽ ഒരു ആകാംക്ഷയെ നിറച്ചാണ് കെ കെ രാജീവ് സംവിധാനം നിർവഹിച്ചിരിക്കുന്ന എവിടെ തീയറ്ററുകളിൽ എത്തിയിരിക്കുന്നത്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ അദ്ദേഹം ബിഗ് സ്ക്രീനിലേക്കുള്ള തന്റെ അരങ്ങേറ്റം ഒട്ടും തന്നെ മോശമാക്കിയിട്ടില്ല. കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പ്രേക്ഷകർക്ക് ഒരു സന്ദേശത്തിന്റെ അകമ്പടിയോടെ ഗംഭീരമായി തന്നെയാണ് അദ്ദേഹം എവിടെ ഒരുക്കിയിരിക്കുന്നത്. ടിപ്പിക്കൽ സീരിയലുകൾ നിറഞ്ഞു നിൽക്കുമ്പോഴും അവിചാരിതം പോലെയുള്ള സീരിയലുകൾ കൊണ്ട് അത്ഭുതപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് കെ കെ രാജീവ്. അതിനാൽ തന്നെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അദ്ദേഹത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ആ പ്രതീക്ഷകൾ അസ്ഥാനത്ത് അല്ലായെന്ന് തെളിയിച്ചിരിക്കുകയാണ് എവിടെ.
ഏറെ പ്രസക്തിയുള്ള ഒരു കഥയെ കൈകാര്യം ചെയ്യുന്ന ‘എവിടെ’ സിംഫണി സക്കറിയ എന്നയാളുടെ തിരോധാനത്തെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്. സംഗീതജ്ഞനായ സക്കറിയ തന്റെ പ്രോഗ്രാമുകൾക്കായി നാടായ നാടെല്ലാം ചുറ്റിക്കറങ്ങുന്ന ഒരു വ്യക്തിയാണ്. കത്തുകളിലൂടെയാണ് തന്റെ യാത്രകളെ കുറിച്ചും പ്രോഗ്രാമുകളെ കുറിച്ചുമെല്ലാം തന്റെ ഭാര്യയായ ജെസ്സിയോട് സക്കറിയ സംവദിച്ചിരുന്നത്. കട്ടപ്പനയിലെ ഒരു സാധാരണ വീട്ടമ്മയായ ജെസ്സിക്ക് ഓരോ കത്തുകളും പ്രിയപ്പെട്ടതായിരുന്നു. പക്ഷേ ആ കത്തുകളുടെ വരവ് നിന്നതോടെ ജെസ്സിക്ക് ഭയം ജനിക്കുകയും മകനോടൊപ്പം പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കുകയും ചെയ്യുന്നു. എന്നാൽ ജെസ്സിയെ ഞെട്ടിച്ച് തൊട്ടടുത്ത ദിവസം തന്നെ സക്കറിയയുടെ കത്ത് കിട്ടുന്നു. എന്നാൽ ആ കത്ത് സക്കറിയ എഴുതിയതല്ലായെന്ന് തിരിച്ചറിഞ്ഞ ജെസ്സിയുടെ സക്കറിയയെ തേടിയുള്ള യാത്രയാണ് എവിടെ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. രഹസ്യങ്ങൾ ഓരോന്നായി തെളിഞ്ഞു വരുമ്പോൾ പ്രേക്ഷകനും കൂടുതൽ ആകാംക്ഷാഭരിതൻ ആകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ആശ ശരത്തിന്റെയും ഷെബിൻ ബെൻസന്റെയും പ്രകടനങ്ങളാണ് ഏറെ കൈയ്യടികൾ ഏറ്റു വാങ്ങുന്നത്. പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ പുരോഗമിക്കുന്ന കഥാഗതിയിൽ കുടുംബബന്ധങ്ങളുടെ ആഴവും സൗഹൃദത്തിന്റെ ഭംഗിയും പ്രണയത്തിന്റെ സൗന്ദര്യവും ആരും കൊതിക്കുന്ന നാട്ടിൻപുറത്തെ നന്മകളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ സമൂഹത്തെ നശിപ്പിക്കുന്ന ചില തിന്മകളെ അതിന്റെ ആഴത്തിൽ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രം ആശ ശരത്തിന് സമ്മാനിച്ച എവിടെ ഷെബിൻ ബെൻസന്റെ കരിയറിലെ ഒരു വലിയ ബ്രേക്ക് കൂടിയാണെന്ന് നിസംശയം പറയുവാൻ സാധിക്കും. ഇടക്ക് വന്നു കയറുന്ന സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവർ കഥാപാത്രവും ഏറെ മികച്ചു നിന്നു. സക്കറിയയായി എത്തുന്ന മനോജ് കെ ജയന് സ്ക്രീൻ സ്പേസ് കുറവാണെങ്കിൽ പോലും ചിത്രത്തിലുടനീളം ആ സാന്നിധ്യമുണ്ട്. പ്രേം പ്രകാശ്, ബൈജു, അനശ്വര രാജൻ, കുഞ്ചൻ എന്നിവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.
ബോബി – സഞ്ജയ് ടീമിന്റെ കെട്ടുറപ്പുള്ള കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ആ കഥയെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു തിരക്കഥയിലേക്ക് എത്തിക്കുവാൻ കൃഷ്ണൻ സിക്കും സാധിച്ചിട്ടുണ്ട്. നൗഷാദ് ഷെരീഫ് ഒരുക്കിയ ക്യാമറ കാഴ്ചകളും മനോഹരമാണ്. പ്രത്യേകിച്ചും കട്ടപ്പനയുടെ മനോഹാരിത ഏറെ മികവോടെ ഒപ്പിയെടുത്തിട്ടുണ്ട്. ഔസേപ്പച്ചൻ ഒരുക്കിയ ഗാനങ്ങളും മികച്ചു തന്നെ നിന്നു. സമൂഹത്തിനുതകുന്ന ഒരു സന്ദേശം പകരുന്ന എവിടെ കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കൾ കുടുംബസമേതം കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…