Categories: Malayalam

“ആർ യു പൃഥ്വിരാജ്?”ഈ ഫോട്ടോയ്ക്ക് പത്ത്‌വയസ്സ്…താരമാകുന്നതിന് മുൻപേ ആരാധകനെ അതിശയിപ്പിച്ച പൃഥ്വിരാജ്; കുറിപ്പ് വായിക്കാം

പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.
ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ പൃഥ്വിരാജിനെക്കുറിച്ച് ആരാധകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പത്ത് വർഷങ്ങൾക്കുമുമ്പ് പൃഥ്വിക്കൊപ്പം നിന്നെടുത്ത ഫോട്ടോ പങ്കുവച്ചായിരുന്നു ശരത് ശശി എന്ന ആരാധകന്റെ കുറിപ്പ്.

കുറിപ്പ് വായിക്കാം:

‌”ആർ യു പൃഥ്വിരാജ്?”

പ്രേമം തുറന്ന് പറയാൻ ചെന്ന് നിൽക്കുമ്പോൾ പോലും അനുഭവിക്കാത്തത്ര ടെൻഷനും, വിറവലും സഹിച്ചു കൊണ്ട് അവൻ ചോദിച്ചു. കൈ തുടച്ചു കൊണ്ടിരുന്ന അയാൾ പിന്നിൽ നിന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി ഗൗരവം കുറയ്ക്കാതെ മറുപടി പറഞ്ഞു.

“യേസ്”

“സിനിമയിൽ ഒക്കെ അഭിനയിക്കുന്ന?” എന്ന തുടർചോദ്യം ഒരു പ്രഹസനമാണ് എന്നറിയാഞ്ഞിട്ടല്ല. ക്ലാസ്മേറ്റ്സ് സിനിമാ എല്ലാ ശനിയാഴ്ചയും മുടങ്ങാതെ കണ്ടോണ്ടിരിക്കുന്ന അവന് പൃഥ്വിരാജിനെ കണ്ടിട്ട് മനസിലായില്ല എന്നു പറയാനുള്ള അഹങ്കാരവും ഉണ്ടായിട്ടല്ല. വേറെ എന്ത് ചോദിക്കണം, എന്ത് പറയണം എന്ന് ചിന്തിക്കാൻ കഴിയാത്തത്ര ശൂന്യമായിരുന്നു അവന്റെ മനസ്സ്.

“ചെന്നൈയിലെ മുന്തിയ ഒരു ഹോട്ടലാണ്, വല്ല കാലത്തും അമേരിക്കയിൽ നിന്നും ക്ലയന്റുകൾ സന്ദർശനം നടത്തുമ്പോൾ, അപൂർവമായി വീണു കിട്ടുന്ന ടീം ലഞ്ച് ആണ്. ഈ ലഞ്ച് മുഴുവൻ മുതലാക്കി കഴിക്കാൻ വേണ്ടി ഇന്നലെ രാത്രി മുതൽ ലൈറ്റ് ആയിട്ടേ ഫുഡ് കഴിച്ചിട്ടുള്ളൂ.”

എന്നൊക്കെ അവന്റെ ബോധമനസ് അവനെ കാര്യമായി ഉപദേശിച്ചപ്പോൾ കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ, ഒരു പ്ലെയിറ്റിൽ അവിടെ കണ്ട സാധനങ്ങൾ നിറച്ചു അവൻ തന്റെ ടീമിന്റെ കൂടെ പോയിരുന്നു. കൂടെയുള്ളവർ എല്ലാവരും പുറം നാട്ടുകാരാണ്. മലയാളികൾ ആരുമില്ല. ഹൃദയം പടപടാ ഇടിക്കുന്നത് ആരോടെങ്കിലും ഒന്ന് പറയാൻ ചുറ്റിലും ആരുമില്ല.

കഷ്ടപ്പെട്ടു നിയന്ത്രിച്ചു കുറച്ചു നേരം ഇരിക്കാൻ ശ്രമിച്ചെങ്കിലും,രണ്ട് ടേബിൾ അകലെ പൃഥ്വിരാജ് ഒരു ടേബിളിൽ തനിച്ചിരിക്കുന്നത് കണ്ടിട്ട് അവന് സഹിച്ചില്ല. ഇനി ഇങ്ങനെ ഒരവസരം ജീവിതത്തിൽ കിട്ടില്ല എന്ന് അവന്റെ മനസ്സ് പറഞ്ഞു. ഫുഡ് ടേബിളിൽ വെച്ചു അവൻ പതിയെ എഴുന്നേറ്റു. ക്ലയന്റ് എന്തോ പറയുന്നുണ്ട്. ഒന്നും ശ്രദ്ധിക്കാതെ എഴുന്നേറ്റ് പോകുന്ന അവനെ മാനേജർ കലിപ്പിച്ചു നോക്കുന്നുണ്ട്. ഒന്നും വക വെയ്ക്കാതെ അവൻ പൃഥ്വിരാജിന്റെ ടേബിളിനടുത്തേക്ക് നടന്നു.

“ഞാൻ ഒന്ന് ഇവിടെ ഇരുന്നോട്ടെ?”

എന്ന് അനുവാദം ചോദിച്ചതും, മറുപടി കിട്ടിയതും, കസേര വലിച്ചിട്ടു ചാടി കയറി ഇരുന്നതും പത്ത് സെക്കൻഡിൽ കഴിഞ്ഞു.

“ഇവിടെ സിനിമാ ഷൂട്ടിങ് ആണോ?” എന്ന ചോദ്യത്തിന്, “അല്ല, ഞാൻ ഇവിടെയാണ് താമസിക്കുന്നത്.” എന്ന മറുപടിയാണ് കിട്ടിയത്.

ഒരു ഔചിത്യവും കൂടാതെ അവൻ ചോദിച്ചു, “ഒരുമിച്ചു നിന്ന് ഒരു ഫോട്ടോ?”

“കഴിച്ചിട്ട് എടുക്കാം.” എന്ന മറുപടി കേട്ടതോടെ, അവൻ പതിയെ സീറ്റിൽ നിന്ന് എഴുന്നേറ്റ് അവന്റെ ടീമിന് അടുത്തേക്ക് തിരികെ പോയി. എന്താണ് നടക്കുന്നത് എന്ന് മനസിലാകാതെ, ടീമിലുള്ളവർ അവനെ സൂക്ഷിച്ചു നോക്കുന്നുണ്ട്.

പ്ളേറ്റിൽ ഇരുന്ന് തണുത്ത റൊട്ടിയും, ഫ്രെയിഡ് റൈസും കറികളും അവൻ കഴിക്കാൻ ശ്രമിച്ചു. ഇറങ്ങുന്നില്ല, കണ്ണ് ഇപ്പോഴും പൃഥ്വിയുടെ ടേബിളിലാണ്.

“ഇനി കഴിച്ചിട്ട്, ഫോട്ടോ എടുക്കാൻ വിളിക്കാതെ പറ്റിക്കുമോ.” എന്ന പേടി കാരണം പ്ളേറ്റിലേക്ക്‌ നോക്കാതെയാണ് അവൻ ബാക്കി കഴിച്ചത്. കണ്ണ് എപ്പോഴോ മാറിയപ്പോൾ തൊട്ടടുത്ത് ഇരുന്ന സുഹൃത്ത് തട്ടി വിളിച്ചു, അല്പം അകലേയ്ക്ക് ചൂണ്ടിക്കാണിച്ചു. അവൻ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു കാഴ്ച അവിടെ കണ്ടു.

പൃഥ്വിരാജ് അവിടെ നിന്ന് കൈ കാണിച്ചു അവനെ വിളിക്കുന്നു. “ഇതൊന്നും കാണാനും കേൾക്കാനും കൂടെ പഠിച്ചവർ ആരുമില്ലല്ലോ” എന്ന ധർമസങ്കടത്തോടെ അവൻ പൃഥ്വിരാജിന് അരികിലേക്ക് ഓടി. “ആലിൻ പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്.”

എന്ന് പറയുന്നത് പോലെ ആ കാലത്ത്, അവന്റെ കൈയ്യിൽ ക്യാമറ ഉള്ള ഒരു ഫോൺ ഇല്ലായിരുന്നു. കൂടെയുള്ള ഒരാളുടെ കാൽ പിടിച്ചു അയാളെ കൊണ്ട് ഒരു ഫോട്ടോ എടുപ്പിച്ചു. സെൽഫി ക്യാമറയും, ഫിൽറ്ററുകളും പ്രചാരത്തിലാകുന്നതിന് മുൻപുള്ള ആ കാലത്ത് അവൻ ഒരുപാട് ബുദ്ധിമുട്ടി. പിറ്റേന്ന് ഫോട്ടോഗ്രാഫർക്ക് ബ്രെക്ക്ഫാസ്റ്റ് കൈക്കൂലിയായി വാങ്ങിക്കൊടുത്താണ് ആ ഫോട്ടോ ഒപ്പിച്ചത്.

പത്ത് വർഷം കഴിഞ്ഞിരിക്കുന്നു. സെൽഫി ക്യാമറകളും, ഫിൽറ്ററുകളും ഫോട്ടോ എഡിറ്ററുകളും കയ്യിൽ ഇപ്പോൾ ഉണ്ടെങ്കിലും, അന്ന് പ്ളേറ്റിലെ ഫുഡ് ഇരുന്ന് തണുത്ത ആ മൂഡിലേക്ക് അവൻ വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും പോയി.

“ഡ്രൈവിങ് ലൈസൻസ്” എന്ന സിനിമ അവൻ കണ്ടു തീർത്തത് പത്ത് വർഷങ്ങൾക്ക് മുൻപ് അനുഭവിച്ച അതേ ടെൻഷനിലാണ്. ഹരീന്ദ്രൻ എന്ന സിനിമാ താരമായി പൃഥ്വിരാജ് തകർത്തു ജീവിച്ച ആ സിനിമയിൽ അവൻ കണ്ടത് മുഴുവൻ പൃഥ്വിരാജ് എന്ന നടനെ തന്നെയാണ്.

“താരങ്ങളും മനുഷ്യരാണ്, അവരുടെ സ്വകാര്യതയെ മാനിക്കണം, അവരുടെ പേഴ്സണൽ സ്പെസിലേക്ക് കടന്നു ചെല്ലരുത്.” എന്നതിനൊപ്പം,”ആരാധകർ മാനസിക രോഗികളല്ല, ആരാധന എന്നത് ഒരു പ്രഹസനമല്ല എന്ന് അവനും ജീവിതത്തിൽ തിരിച്ചറിഞ്ഞത്, ആരോടെങ്കിലും ഒക്കെ ആരാധന തോന്നി തുടങ്ങിയ ശേഷമാണ്.”

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago