സ്ത്രീ കഥാപാത്രങ്ങൾക്ക് ഊന്നൽ നൽകിയുള്ള സിനിമകൾ മലയാള സിനിമയിൽ തുലോം കുറവാണ്. അത്തരം ചിത്രങ്ങളോട് പുരുഷാധിപത്യം നിറഞ്ഞ നമ്മുടെ സിനിമ ലോകം അധികം താല്പര്യം കാണിക്കാത്തത് തന്നെയാണ് അതിന്റെ പ്രധാന കാരണവും. ഇന്നിപ്പോൾ കാലം മാറിയപ്പോൾ കഥയും മാറി തുടങ്ങി. സിനിമയുടെ ക്വാളിറ്റി നോക്കി തീയറ്ററിൽ പോകുന്ന പ്രേക്ഷകരെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്. അങ്ങനെയുള്ള പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്ന ഒരു മനോഹരചിത്രമാണ് ജൂൺ. പേരിൽ തന്നെയുള്ള ആ ഒരു സൗകുമാര്യത ചിത്രത്തിൽ ഉടനീളം ഉണ്ടെന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പല കാലഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന കഥ എന്നൊരു ആശയം തന്നെ അധികം പരീക്ഷിക്കാത്തതാണ്. ഇതിന് മുൻപ് അത്തരത്തിൽ ഒരു വിജയം കുറിച്ച ചിത്രമെന്ന് പറയുന്നത് നസ്രിയ നായികയായ ഓം ശാന്തി ഓശാനയാണ്. തന്റെ ആദ്യ സംവിധാന സംരംഭം തന്നെ മനോഹരമാക്കിയ അഹമ്മദ് കബീർ എന്ന സംവിധായകൻ മലയാള സിനിമയുടെ ഒരു ഭാവി വാഗ്‌ദാനം തന്നെയാണെന്ന് ഉറപ്പ്. അങ്ങേര് മനസ്സ് നിറക്കുന്ന ചിത്രങ്ങളുമായി ഇവിടെയൊക്കെ തന്നെ ഉണ്ടാകും. ഉണ്ടാകണം… അതോടൊപ്പം തന്നെ നിർമാതാവ് വിജയ് ബാബുവിനും ഒരു വലിയ നന്ദി…ഇങ്ങനെയൊരു ചിത്രം സമ്മാനിച്ചതിന്.
ജൂൺ എന്ന പെൺകുട്ടിയുടെ പതിനാറാം വയസ്സ് മുതൽ പത്തുവർഷത്തോളമുള്ള അവളുടെ ജീവിതത്തിലൂടെയാണ് സംവിധായകൻ പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നത്. അവളുടെ ജീവിതത്തിലെ ചിരിയും പ്രണയവും ആഘോഷങ്ങളും നൊമ്പരങ്ങളും എല്ലാം ഓരോ കാലഘട്ടത്തിന്റേതായ രീതിയിൽ ജൂണിൽ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ രജിഷയുടെ പിന്നീടുള്ള ഏറ്റവും മികച്ച പ്രകടനം ഇത് തന്നെയാണ്. മുടി മുറിച്ചും വർക്ക് ഔട്ട് ചെയ്‌ത് വണ്ണം കുറച്ചുമെല്ലാം ഈ കഥാപാത്രത്തിന്റെ പൂർണതക്കായി രജിഷ നടത്തിയ ശ്രമങ്ങൾ ഒന്നും തന്നെ വൃഥാവിലായില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഓവറായി പോയേക്കാവുന്ന ഒരു കഥാപാത്രത്തെ ലളിതമായി അടക്കത്തോടെ അഭിനയിപ്പിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കാൻ രജിഷക്ക് കഴിഞ്ഞിട്ടുണ്ട്…അഭിനന്ദനങ്ങൾ. തിരക്കഥ എന്താണോ ആവശ്യപ്പെട്ടത് അത് സമ്മാനിക്കുവാൻ രജിഷക്ക് സാധിച്ചിട്ടുണ്ട്.
സർജാനോ ഖാലിദ് അവതരിപ്പിച്ച നോയൽ എന്ന കഥാപാത്രം അയാളുടെ മലയാളസിനിമയിലേക്ക് ഉള്ള നിരവധിയായ കഥാപാത്രങ്ങളുടെ ഒരു തുടക്കം മാത്രമാണ്. മികച്ച രീതിയിൽ തന്റെ കഥാപാത്രത്തെ സർജാനോ അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കൈയ്യടി നേടുന്ന രണ്ടു പേരാണ് അർജുൻ അശോകനും ജോജു ജോർജും. ഈ അടുത്ത കാലത്തായി സ്വന്തം പ്രകടനം കൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തുന്നവരാണ് ഇരുവരും. അതിന്റെ ഒരു തുടർച്ചയെന്നോണമാണ് ഇതിലെ കഥാപാത്രങ്ങളും. ഓർത്തിരിക്കാവുന്ന ഒരു പ്രകടനം തന്നെയാണ് ഇരുവരും കാഴ്‌ച വെച്ചിരിക്കുന്നത്. നിരവധി കഥാപാത്രങ്ങൾ കടന്ന് വന്നുപോകുന്നുണ്ടെങ്കിലും അവരെല്ലാം വെറുതെ വരുന്നവരല്ല. ജൂണിന്റെ ലൈഫിൽ കാര്യമായൊരു മാറ്റം ഓരോ കഥാപാത്രങ്ങളും കൊണ്ട് വരുന്നുണ്ട്. ഏച്ചുകെട്ടിയ തമാശകളോ ദ്വയാർത്ഥ പ്രയോഗങ്ങളോ കടന്ന് വരാതെ ഓരോ ആസ്വാദകനും പൂർണമായ ഒരു രീതിയിൽ തന്നെ ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് ജൂൺ. ചിരിക്കാനും ചിന്തിക്കാനും ഒന്ന് നെടുവീർപ്പ് ഇടാനും പ്രേക്ഷകനെ പ്രാപ്തനാക്കുന്ന ഒരു ചിത്രം.
സംവിധായകൻ അഹമ്മദ് കബീറും ജീവൻ ബേബി മാത്യു, ലിബിൻ വർഗീസ് എന്നിവരും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ് ജൂണിന്റെ ഏറ്റവും ശക്തി. അതിനനുസൃതമായ ഒരു പ്രകടനം രജിഷയിൽ നിന്നും ഉണ്ടായപ്പോൾ ജൂൺ ഹൃദ്യമായൊരു മഴ പോലെ സുന്ദരമായി. ജിതിന്റെ ക്യാമറ കണ്ണുകൾ ജൂണിന്റെ ലൈഫിലെ വിവിധ കാലഘട്ടങ്ങളിലൂടെ കടന്ന് പോയപ്പോൾ പ്രേക്ഷകനും കൂടെ പോകാൻ സാധിച്ചു എന്നതാണ് ആ മേഖലയിലും ജൂൺ കൈവരിച്ചിരിക്കുന്ന വിജയം. നവാഗതനായ ഇഫ്‌തി ഒരുക്കിയ ഏഴോളം ഗാനങ്ങൾ ചിത്രത്തിൽ ഉണ്ടെങ്കിലും അവയെല്ലാം തന്നെ കഥയോട് ചേർന്നാണ് പോകുന്നത്. പ്രേക്ഷകന്റെ ആസ്വാദനത്തെ അതും ഏറെ മനോഹരമാക്കുന്നു. ലിജോ പോളിന്റെ എഡിറ്റിംഗ് കൂടിയായപ്പോൾ ജൂൺ കൂടുതൽ മനോഹരിയായി. കൗമാരത്തിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുന്നവർക്കും കൗമാരത്തിന്റെ ആഘോഷങ്ങളിൽ ഇപ്പോൾ കഴിയുന്നവർക്കും കൗമാരം ഇനിയും മറന്നിട്ടില്ലാത്തതുമായ ഓരോരുത്തർക്കും മനസ്സ് നിറഞ്ഞ് കണ്ട് ഒരു ചെറു പുഞ്ചിരിയോടെ തീയറ്ററിൽ നിന്നും ഇറങ്ങി വരാവുന്ന ഒരു ചിത്രമാണ് ജൂൺ. നിറഞ്ഞ കൈയ്യടികൾ തീർച്ചയായും അർഹിക്കുന്നു ഈ സുന്ദരി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…