ഐതിഹ്യങ്ങളിലൂടെയും മുത്തശ്ശിക്കഥകളിലൂടെയും കേട്ട് തഴമ്പിച്ച ഒരു പേര്.. കായംകുളം കൊച്ചുണ്ണി. ആ ജീവിതം എന്നും മലയാളികൾക്ക് ഒരു ആവേശമാണ് പകർന്നിട്ടുള്ളത്. ആ ഒരു ആവേശത്തിന് ഒട്ടും കോട്ടം തട്ടാതെ അതിശയോക്തീകൾക്കോ അവിശ്വസനീയതക്കോ വഴി തെളിച്ചു കൊടുക്കാതെ നൂറ്റാണ്ടുകൾക്ക് ഇപ്പുറം കൊച്ചുണ്ണിയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിൽ എത്തിയിരിക്കുകയാണ്. നന്ദിയേറെയുണ്ട് റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനോട്… കായംകുളം കൊച്ചുണ്ണി എന്ന ഇതിഹാസത്തെ പരിപൂർണ നീതി പുലർത്തി അവതരിപ്പിച്ചതിനും ഇത്തരത്തിൽ ഒരു ചിത്രം സമ്മാനിച്ചതിനും. സംവിധായകന്റേതായ ഒരു കൈയൊപ്പ് ഉടനീളം നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രം തന്നെയാണ് കായംകുളം കൊച്ചുണ്ണി. എന്നും ഞെട്ടിച്ചിട്ടുള്ള റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ ഒരു കരിയർ ബെസ്റ്റ് ചിത്രം തന്നെയാണ് കൊച്ചുണ്ണിയെന്നുള്ളത് സ്പഷ്ടം. ഇന്നോളം മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും ചിലവേറിയതിനാൽ അതിന്റെതായ ഒരു വെല്ലുവിളി ഉണ്ടായിരുന്നെങ്കിലും അതെല്ലാം അസ്ഥാനത്താണ് എന്ന് തെളിയിച്ചിരിക്കുകയാണ് രണ്ടു വർഷത്തെ സമയം ചിലവഴിച്ചു തയ്യാറാക്കിയ ചിത്രം.
സാഹചര്യങ്ങൾ കായംകുളത്ത് കൊണ്ടുവന്നെത്തിക്കുന്ന കൊച്ചുണ്ണിയുടെ കായംകുളം കൊച്ചുണ്ണിയാകുന്നതിന് മുൻപേയുള്ള കാലഘട്ടമാണ് ആദ്യപകുതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബാല്യവും യൗവ്വനവും പ്രണയവുമെല്ലാം ചിത്രീകരിച്ചിരിക്കുന്ന ആദ്യപകുതി ഇത്തിക്കര പക്കിയുടെ മാസ്സ് എൻട്രിയോട് കൂടെയാണ് അവസാനിക്കുന്നത്. ആവറേജ് അനുഭവം പകരുന്ന ആദ്യപകുതിക്ക് നേർ വിപരീതമാണ് രണ്ടാം പകുതി. സഹജീവി സ്നേഹവും നന്മയും മാത്രം കൈമുതലായ കൊച്ചുണ്ണിയിൽ സമൂലമായ ഒരു മാറ്റമാണ് ഇത്തിക്കര പക്കി വരുത്തുന്നത്. അവിടെ മുതൽ ചിത്രം മാറുകയാണ്. എങ്കിലും കൊച്ചുണ്ണിയിലെ സഹജീവി സ്നേഹവും നന്മയും ഒരിക്കൽ പോലും കൈമോശം വരുന്നില്ല. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ ഒരു പ്രതിഷ്ഠയായി ഇന്നും നിലകൊള്ളുന്ന കായംകുളം കൊച്ചുണ്ണിയെന്ന ഇതിഹാസത്തിനോട് പൂർണമായും നീതി പുലർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അന്നത്തെ കാലഘട്ടത്തെ സസൂക്ഷ്മമായി പുനർനിർമിച്ചിരിക്കുകയാണ് ചിത്രത്തിലൂടെ. മേഴാളൻ – കീഴാളൻ വിവേചനവും അയിത്തവും തൊട്ടുകൂടായ്മയും എല്ലാം ഇത്ര തീവ്രമായി അന്ന് നിലനിന്നിരുന്നു എന്ന് വരും തലമുറക്ക് ഈ ചിത്രം കാണിച്ചുകൊടുക്കും. സംഘട്ടനരംഗങ്ങളും ട്വിസ്റ്റുകളും കൊണ്ടെല്ലാം സമ്പന്നമായ രണ്ടാം പകുതി തന്നെയാണ് ചിത്രത്തിന്റെ യഥാർത്ഥ ജീവൻ. ക്‌ളൈമാക്‌സും ട്വിസ്റ്റുകൾ കൊണ്ടും ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടും ഏറെ കൈയ്യടികൾ നേടുന്നു.
മാസ്സ് കഥാപാത്രങ്ങൾ ചെയ്യാൻ നിവിൻ പോളിക്ക് കഴിയില്ല എന്നുള്ള ആരോപണങ്ങൾക്ക് ഉള്ള തക്കതായ മറുപടിയാണ് കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രം. ആ കഥാപാത്രത്തിന് വേണ്ടി 2 വർഷത്തോളം അദ്ദേഹം നടത്തിയ ഒരുക്കങ്ങൾ വിജയം പ്രാപിച്ചുവെന്നതിനുള്ള തെളിവാണ് തീയറ്ററുകളിൽ പ്രേക്ഷകർ നൽകിയ ഓരോ കൈയ്യടിയും. കൊച്ചുണ്ണിയുടെ രണ്ടു കാലഘട്ടങ്ങളെ അവ ആവശ്യപ്പെടുന്ന രീതിയിൽ അതിലേറെ മനോഹരമായി നിവിൻ പോളി അവതരിപ്പിച്ചിട്ടുമുണ്ട്. ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എടുത്തുയർത്തിയ ഒരു പ്രകടനമാണ് കാമിയോ റോൾ ആയിരുന്നിട്ട് കൂടിയും ഇത്തിക്കര പക്കിയിലൂടെ ലാലേട്ടനും ചേർത്തുവെച്ചത്. ലുക്കും ഡാൻസും കിടിലൻ ആക്ഷനുമെല്ലാമായി പൂർണമായും പ്രേക്ഷകർ ആഗ്രഹിച്ചത് ലാലേട്ടൻ പകർന്ന് നൽകിയിട്ടുണ്ട്. ചരിത്രത്തെ പുനർ സൃഷ്ടിക്കുന്നത് എന്നതിനാൽ തന്നെ ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രാധാന്യമുണ്ട്. അത് വിസ്മരിക്കാത്ത ഒരു കാസ്റ്റിംഗ് തന്നെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ജാനകിയായി പ്രിയ ആനന്ദും കേശവനായി സണ്ണി വെയ്‌നും തങ്ങളായി ബാബു ആൻറണിയും അത് അഭിനയിച്ചു തെളിയിച്ചു. ക്ലൈമാക്സിൽ ഉയർന്ന കൈയ്യടികളിൽ ഒരു പരിധി വരെ ബാബു ആന്റണിക്കും അർഹതയുണ്ട്. ഷൈൻ ടോം ചാക്കോ, സുധീർ കരമന, അമിത് ചക്കാലക്കൽ, മണികണ്ഠൻ ആചാരി എന്നിങ്ങനെ ഓരോരുത്തരും അവരുടെ റോളുകൾ മനോഹരമാക്കിയിട്ടുണ്ട്.
ചരിത്രം തിരശീലയിലേക്ക് പുനർസൃഷ്ടിക്കപ്പെടുമ്പോൾ ഏറ്റവും വെല്ലുവിളി തീർക്കുന്ന ഒന്ന് അതിന്റെ തിരക്കഥ തന്നെയാണ്. ആ ഒരു വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ച ബോബി – സഞ്ജയ് കൂട്ടുകെട്ടിന് എല്ലാവിധ അഭിനന്ദനങ്ങളും. തിരക്കഥ തന്നെയാണ് കായംകുളം കൊച്ചുണ്ണിയുടെ നട്ടെല്ലായി നിലകൊള്ളുന്നത്. ആ ഒരു തിരക്കഥയെ ക്യാമറക്കണ്ണുകളിലൂടെ അതി മനോഹരമായി ഒപ്പിയെടുത്ത് ബിനോദ് പ്രധാൻ, നീരവ് ഷാ, സുധീർ പൽസാനേ എന്നിവരും കായംകുളം കൊച്ചുണ്ണിയെ ഒരു അനുഭവമാക്കി തീർത്തു. പ്രേക്ഷകന്റെ മനസ്സറിയുന്ന സംഗീതജ്ഞൻ ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളും BGMഉം കൊച്ചുണ്ണിയെ മറ്റൊരു തലത്തിൽ തന്നെ എത്തിച്ചിട്ടുണ്ട്. അനുഭവജ്ഞാനമേറിയ ശ്രീകർ പ്രസാദിന്റെ എഡിറ്റിങ്ങ് കൂടിയായപ്പോൾ കായംകുളം കൊച്ചുണ്ണി മലയാള സിനിമ ചരിത്രത്തിലെ മികച്ച ചരിത്ര സിനിമകളുടെ മുൻനിരയിൽ സ്ഥാനം പിടിക്കുന്നു. ലോകത്തിൽ വിശപ്പുള്ള കാലത്തോളം കൊച്ചുണ്ണിയും പക്കിയും ഉണ്ടാകും എന്ന യാഥാർഥ്യം ഇന്നും എന്നും ഒരേപോലെ നിലനിൽക്കുന്നു എന്നതാണ് ഇത്തരം ഇതിഹാസങ്ങളെ ജനകീയമാക്കുന്നത്. മലയാളി ഉള്ളിടത്തോളം കാലം കൊച്ചുണ്ണിയും പക്കിയുമെല്ലാം ഇവിടെ ഒക്കെ തന്നെ കാണും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…