45 കോടിയെന്ന ബിഗ് ബജറ്റിൽ ഒരുങ്ങുന്ന റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി തീർത്തിരിക്കുന്ന ആവേശം ഓരോ നിമിഷം ചെല്ലുന്തോറും ഏറിവരികയാണ്. ചിത്രത്തിനായി നടത്തിയ ഒരുക്കങ്ങൾ, മേക്കിങ്ങ്, സ്റ്റിൽസ്, പോസ്റ്ററുകൾ, കിടിലൻ ട്രെയ്‌ലർ എന്നിങ്ങനെ പ്രേക്ഷകരുടെ കാത്തിരിപ്പിനെ ശക്തമാക്കുന്ന പലതുമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്ന ഗോപി സുന്ദറിന്റെ വാക്കുകൾ കൂടിയായപ്പോൾ ആവേശത്തിന് പുതിയ ഉയരങ്ങളായി. ചിത്രത്തിന്റെ ഒഫീഷ്യൽ പേജിലൂടെ തന്നെയാണ് ചിത്രത്തിന്റെ സംഗീതവിഭാഗവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തറിയിച്ചിരിക്കുന്നത്. ഒപ്പം ഷോബിൻ കണ്ണങ്ങാട്ട് എന്ന സംവിധായകനെ അത്ഭുതപ്പെടുത്തിയ ഒരു ഗാനരചയിതാവിനേയും പരിചയപ്പെടുത്തിയിരിക്കുകയാണ്.
“കായംകുളം കൊച്ചുണ്ണി എന്ന ചിത്രം ഏതൊരു അഭിനേതാവിനെയും ടെക്‌നീഷ്യനെയും സംബന്ധിച്ചിടത്തോളം സ്വപ്‌നതുല്യമായ ഒരു ചിത്രമാണ്. അത്ര വലിയൊരു ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ..
“മലയാളത്തിന്റെ ബാഹുബലി എന്ന് വിശേഷിപ്പിക്കാവുന്ന കായംകുളം കൊച്ചുണ്ണി പോലൊരു ചിത്രം ഇനി ജീവിതത്തിൽ ഉണ്ടാകുമോയെന്ന് ഉറപ്പ് പറയാൻ ആകില്ല. അതിഗംഭീര പെർഫോമൻസും എല്ലാ വിഭാഗങ്ങളിലും പ്രഗത്ഭരായ കലാകാരന്മാരുമാണ് ഉള്ളത്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇങ്ങനെയൊരു ചിത്രം ഉണ്ടാകുന്നതിലും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ഒരു സംഗീത സംവിധായകനെന്ന നിലയിലും ഒരു ടെക്‌നീഷ്യൻ എന്ന നിലയിലും ഞാൻ വളരെ സന്തോഷവാനാണ്.
ചിത്രത്തിൽ ഒരു പ്രണയഗാനവും ഒരു ഐറ്റം സോങ്ങുമുണ്ട്. വിജയ് യേശുദാസും ശ്രേയാ ഘോഷാലും ചേർന്നാണ് പ്രണയഗാനം ആലപിച്ചിരിക്കുന്നത്. ആ ഗാനം സൂപ്പർഹിറ്റായി തീരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഐറ്റം സോങ്ങ് എന്ന് പറയുമ്പോൾ ഒരു അടിപൊളി പാട്ട് അല്ല. മറിച്ച് ഒരുപാട് അദ്ധ്വാനം വേണ്ടിവന്ന ഒരു ഗാനമാണ് അത്. പുഷ്പവതിയാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. പഴയ നാഗപ്പാട്ടിനെ ഓർമപ്പെടുത്തുന്നതിനോടൊപ്പം പഴയ വെസ്റ്റേൺ ക്ലാസ്സിക്കൽ സ്പാനിഷ് സ്വാഭാവവുമെല്ലാം ഉൾപ്പെടുത്തിയ ഒരു പുതിയ മിക്‌സാണ് ആ ഗാനം. ഞാൻ ഇത്രയധികം ശ്രദ്ധ ചെലുത്തിയ മറ്റൊരു ആൽബം ഇല്ലായെന്ന് തന്നെ പറയാം. ഒരു അടിപൊളി പാട്ട് മലയാളത്തിൽ ചെയ്യുക, അത് ഹിറ്റാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. മലയാളത്തിൽ ഒരു ഐറ്റം സോങ്ങ് ഹിറ്റാകണമെങ്കിൽ അതിന്റെ ഉള്ളടക്കം, സഹചര്യം എന്നിങ്ങനെ പല ഘടകങ്ങളും ഒത്തുചേരേണ്ടതായിട്ടുണ്ട്. അതെല്ലാം ഒത്തിണങ്ങിയ രു ഗാനമാണ് ഇത്. അതിനാൽ തന്നെ ഈ ഐറ്റം സോങ്ങ് ഹിറ്റാകുമെന്ന് ഉറപ്പുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് വെസ്റ്റേൺ ക്ലാസിക്കൽ എലമെന്റ്സിനൊപ്പം തന്നെ നാടൻ സ്വഭാവമുള്ള, കാലഹരണപ്പെട്ട് പോയ ഒരുപാട് പഴയ സംഗീതോപകരണങ്ങൾ ഉപയോഗിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇവയെല്ലാം കൃത്യമായ അനുപാതത്തിൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.
അതുപോലെ തന്നെ ഇതിന്റെ കപ്പിത്താൻ റോഷൻ ആൻഡ്രൂസ്, ഇതിന്റെ ‘ആധാരശ്രുതി’ എന്ന് വിളിക്കപ്പെടുന്ന സഞ്ജു. ഇവരുടെ സ്ക്രിപ്റ്റ്. ഈ ഒരു ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യാൻ എന്നെ തിരഞ്ഞെടുത്തതിന് ഞാൻ റോഷൻ ആൻഡ്രൂസ് സാറിനോടുള്ള എന്റെ നന്ദി അറിയിക്കുകയാണ്. അദ്ദേഹത്തിന് എന്നോടുള്ള വിശ്വാസം വളരെ വലുതാണ്. ഇതുവരെ അതിനൊരു കോട്ടവും തട്ടാൻ ഞാൻ സമ്മതിച്ചിട്ടില്ല. നോട്ട്ബുക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലൂടെ ആദ്യമായി സിനിമ ലോകത്തേക്ക് കടന്നുവരുവാൻ എനിക്ക് അവസരം തന്നത് അദ്ദേഹമാണ്. ദിനരാത്രങ്ങളായി കായംകുളം കൊച്ചുണ്ണിയെ ഒരു വലിയ ചിത്രമാക്കാൻ ഉള്ള ശ്രമത്തിൽ തന്നെയായിരുന്നു. മറ്റു പല ഭാഷകളിലേക്കും ചിത്രം റീമേക്ക് / ഡബ്ബിങ് നടത്തുന്നുണ്ടെന്ന് അറിയാൻ സാധിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി എന്ന ഈ ചിത്രം ഒരു വലിയ വിജയമായി തീരട്ടെ എന്ന ആഗ്രഹിക്കുന്നു..പ്രാർത്ഥിക്കുന്നു.”
ഉദയനാണ് താരം മുതൽ റോഷൻ ആൻഡ്രൂസിന്റെ എല്ലാ ചിത്രങ്ങളിലും ഗോപി സുന്ദർ തന്നെയാണ് സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്നത്. അവർ ഇരുവരും തമ്മിൽ നല്ലൊരു കെമിസ്ട്രി നിലനിർത്തിപ്പോരുന്നുണ്ട്. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ മനസിൽ ഒരുക്കുന്ന ആശയങ്ങൾക്ക് ഒരു പാടി കൂടി മുകളിൽ നിൽക്കുന്ന ഒരു റിസൾട്ടാണ് ഗോപി സുന്ദർ ഓരോ തവണയും പകർന്ന് നൽകിയിട്ടുള്ളത്. ഗാനങ്ങളുടെ ഈണം പോലെ തന്നെ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ് അതിന്റെ വരികളും. ട്രെയിലറിൽ ‘കളരിയടവും ചുവടിനഴകും കണ്ടൂ ഞാൻ…’ എന്ന ആ വരികൾ കേൾക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് അതിന് പിന്നിൽ ആരെന്ന് ഒരു സംശയം ഉണർന്നിട്ടുണ്ടാകും. സംവിധായകൻ റോഷൻ ആൻഡ്രൂസിനെ ഞെട്ടിച്ച ഒരു കലാകാരനാണ് അദ്ദേഹം. പേര് ഷോബിൻ കണ്ണങ്ങാട്ട്. പലരേയും കൊണ്ട് പ്രണയഗാനവും ഐറ്റം സോങ്ങും എഴുതിച്ചു നോക്കിയെങ്കിലും ഒന്നും തന്നെ ശരിയാകാത്തതിനാൽ സംവിധായകൻ വിഷമിച്ചിരുന്ന അവസ്ഥയിലാണ് അദ്ദേഹത്തിന്റെ ഭാര്യ സ്ഥിരം അവസരം ചോദിച്ചുവരുന്ന ഷോബിൻ എന്നയാളുടെ കാര്യം അദ്ദേഹത്തെ ഓർമിപ്പിച്ചത്. അർജുനൻ മാസ്റ്ററാണ് ഷോബിനെ റോഷൻ ആൻഡ്രൂസിന്റെ പക്കലേക്ക് അയച്ചത്. അഞ്ച് വർഷത്തോളമായിരുന്നു ഷോബിൻ അവസരം ചോദിച്ചു വരാൻ തുടങ്ങിയിട്ട്. സംവിധായകൻ ഷോബിനെ വിളിച്ചുവരുത്തി പ്രണയഗാനത്തിന്റെ ഒരു ഐഡിയ പറഞ്ഞുകൊടുത്തു. അപ്പോൾ തന്നെ സംവിധായകനെ ഞെട്ടിച്ച് ഷോബിൻ ഗാനത്തിന്റെ നാലഞ്ച് കാര്യങ്ങൾ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുകയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ആ ആശയങ്ങളെ വരികളാക്കി തീർക്കുകയും ചെയ്‌തു. ഒരു പാട്ട് കൊടുക്കുവാൻ വിളിച്ചുവരുത്തിയ ഷോബിന് രണ്ടു പാട്ടുകളാണ് റോഷൻ ആൻഡ്രൂസ് നൽകിയത്. കായംകുളം കൊച്ചുണ്ണിയിലെ ഗാനങ്ങൾ പുറത്തിറങ്ങുന്നതോട് കൂടി മലയാളത്തിലെ മികച്ച ഗാനരചയിതാക്കളുടെ ശ്രേണിയിലേക്ക് ഷോബിൻ കണ്ണങ്ങാട്ട് എന്ന ചെറുപ്പക്കാരനും എത്തുമെന്നുള്ളത് തീർച്ചയാണ്.
തയ്യാറാക്കിയ ഗാനങ്ങൾ ആവർത്തിച്ച് കേട്ട് ഓരോ വരിയിലും ഓരോ ഷോട്ടിലും എന്തൊക്കെ ചിത്രീകരിക്കാമെന്നുള്ള ഒരു വ്യക്തമായ ധാരണ സംവിധായകൻ റോഷൻ ആൻഡ്രൂസ് തയ്യാറാക്കിയിരുന്നു. അതിനാവശ്യമുള്ള ചിത്രങ്ങളും സ്റ്റിൽസും എല്ലാം മുൻകൂട്ടി തന്നെ തയ്യാറാക്കിയിരുന്നു. ഓരോ പാട്ടും എങ്ങനെ ചിത്രീകരിക്കണമെന്ന് കൃത്യമായ ഒരു പ്ലാൻ തയ്യാറാക്കിയതിന് ശേഷം മാത്രമാണ് ഷൂട്ടിങ്ങ് നടത്തിയത് തന്നെ. പല ദിവസങ്ങളിലായി വ്യത്യസ്ഥ സമയങ്ങളിൽ എടുക്കേണ്ട ഒന്നായിരുന്നു ‘കളരിയടവും’ എന്ന പ്രണയഗാനം. ഐറ്റം സോങ്ങ് വളരെയേറെ വ്യത്യസ്ഥത നിറഞ്ഞതായിരിക്കണം എന്നുള്ള തീരുമാനം കൊണ്ടാണ് ബ്രിട്ടീഷുകാരെയും ഉൾപ്പെടുത്തി ബാഹുബലി ഫെയിം നോറ ഫത്തേഹിയെ വെച്ച് ഐറ്റം സോങ്ങ് ഒരുക്കിയത്. റഫീഖ് അഹമ്മദ് എഴുതിയ മറ്റൊരു ഗാനം കൂടി ചിത്രത്തിലുണ്ട്. ഇങ്ങനെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…