ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് ഇന്ന് ‘കുറുപ്’ എത്തുകയാണ്. ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ മാത്രം 450 തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ‘കുറുപ്’ പ്രേക്ഷകരുടെ മനസ് കീഴടക്കാൻ എത്തുമ്പോൾ ചിത്രത്തെക്കുറിച്ചും ‘കുറുപ്’ സിനിമ പിറന്നതിനു പിന്നിലുള്ള കഥകളെക്കുറിച്ചും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ മനസ് തുറക്കുകയാണ്. ജനിച്ച അന്നു മുതൽ തനിക്കു ചുറ്റും കുറുപ്പിനെക്കുറിച്ചുള്ള നിഗൂഢത ഉണ്ടായിരുന്നുവെന്ന് ശ്രീനാഥ് പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ശ്രീനാഥ് ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഞാൻ ജനിച്ച കാലം മുതൽ കുറുപ്പിനെക്കുറിച്ചുള്ള നിഗൂഡത എന്റെ ചുറ്റും ഉണ്ടായിരുന്നു. എന്റെ അമ്മ എന്നെ ഉദരത്തിൽ വഹിച്ചിരുന്ന സമയത്ത് കാണിച്ചിരുന്ന ആശുപത്രിയിൽ ആയിരുന്നു ചാക്കോയുടെ ഭാര്യയും ഗർഭിണി ആയിരുന്നപ്പോൾ കാണിച്ചിരുന്നത്. എന്റെ ആദ്യ സിനിമ പൂർത്തിയാക്കിയപ്പോൾ തന്നെ കുറുപ് എന്റെ മനസിലുണ്ട്. എന്നാൽ അതിനു ശേഷം ഒമ്പതു വർഷങ്ങൾ കഴിയേണ്ടി വന്നു ഇത് നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കാൻ. ഇതിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇത് സംഭവിക്കാൻ നിരവധി ഹീറോകളാണ് എനിക്കൊപ്പം നിന്നത്. എന്റെ അച്ഛനാണ് കുറുപ് ചെയ്യാൻ ആദ്യം എന്നെ പ്രേരിപ്പിച്ചത്, അങ്ങനെയാണ് ഞാൻ ഈ യാത്ര ആരംഭിച്ചത്. ഇതിന് ചിറക് മുളച്ചത് എന്റെ എഴുത്തുകാരാ. ജിതിൻ, ഡാനിയൽ, അരവിന്ദ് എന്നിവരുമായി സംസാരിച്ചപ്പോഴാണ്. തുടക്കത്തിൽ ഇതൊരു വിദൂര സ്വപ്നമാണെന്ന് ഞങ്ങൾ എല്ലാവരും കരുതിയിരുന്നു. ദുൽഖർ സൽമാനോട് ഇതിന്റെ ആശയം പറയുന്നതോടെയാണ് യഥാർത്ഥ യാത്ര ആരംഭിക്കുന്നത്. പിന്നീട് ദുൽഖർ ഇതിന്റെ അവിഭാജ്യ ഘടകമായി മാറി. ഈ പ്രൊജക്റ്റ് പൂർത്തിയാക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ച് എന്റെയൊപ്പം നിന്ന ദുൽഖർ ഇപ്പോൾ എന്റെ ജീവിതത്തിലെ ഹീറോയാണ്. എം സ്റ്റാറിലെ അനിഷും ഞങ്ങളെ വിശ്വസിച്ച് ആവശ്യപ്പെട്ട പണം സിനിമയ്ക്കു വേണ്ടി മുടക്കാൻ തയ്യാറായി. പ്രൊജക്ട് പെട്ടെന്ന് തന്നെ ആരംഭിച്ചു. ഞങ്ങളുടെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ പയ്യനായി നിമിഷ് രവി ഛായാഗ്രാഹകനായി തികഞ്ഞ അഭിനിവേശത്തോടെ ഞങ്ങളോടൊപ്പം ചേർന്നതോടെ അവനും ഈ പ്രൊജക്ടിന്റെ നായകനായി. കുറുപിന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് പ്രവീൺ വർമ ആയിരുന്നു. കുറുപ്പിന്റെ നിർമാണത്തിലെ പ്രവീണിന്റെ ബുദ്ധിപരമായ ഡിസൈൻ കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. കുറുപിനെ പൂർണതയിലേക്ക് എത്തിച്ച ലുക്ക് നൽകിയത് റോണക്സ് സേവ്യർ ആണ്. ബംഗ്ലാൻ ഇല്ലായിരുന്നെങ്കിൽ ഞാൻ സങ്കൽപിച്ചതിന്റെ അയലത്തു പോലും ഈ പ്രൊജക്ട് എത്തില്ലായിരുന്നു. എന്റെ വാക്കുകൾ കുറിച്ചിട്ടോളൂ, ഇന്ത്യൻ ചലച്ചിത്രമേഖലയിലെ അപൂർവ പ്രതിഭകളിൽ ഒരാളാണ് അദ്ദേഹം, ഭാവിയിലും അദ്ദേഹം നമുക്ക് അഭിമാനം പകരും. നിരവധി ലൊക്കേഷനുകളിൽ ചിത്രീകരിക്കേണ്ടി വന്നതുകൊണ്ട് ഒരുപാട് ഷെഡ്യൂൾ ഇടവേളകളോടെ ഒരു വർഷമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രവീൺ ചന്ദ്രന്റെ കീഴിലുള്ള എന്റെ അസിസ്റ്റന്റ് ഡയറക്ടർമാരുടെ ടീം ഞാൻ കംഫർട്ടബിൾ ആണെന്ന് ഉറപ്പു വരുത്തുകയും ഈ വലിയ ദൗത്യം പൂർത്തിയാക്കാൻ എല്ലാവിധ സൗകര്യങ്ങളും തന്ന് ഒപ്പം നിൽക്കുകയും ചെയ്തു. ബിപിൻ പെർമ്പള്ളിയും ദീപക് പരമേശ്വരനും ചുമതല വഹിക്കുന്ന പ്രൊഡക്ഷൻ ടീം ആവശ്യങ്ങളെല്ലാം നിറവേറ്റി കൂടെയുണ്ടായിരുന്നു. എഡിറ്റർ എന്ന നിലയിൽ വിവേക് ഹർഷന്റെ അമ്പതാമത്തെ ചിത്രമാണ് ഇത്. ഇപ്പോൾ കാണുന്നതു പോലെ ചിത്രം മനോഹരമാക്കിയത് അദ്ദേഹത്തിന്റെ നിർദ്ദേശമാണ്. പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് അദ്ദേഹം എന്റെ ഹീറോ ആയി. സുഷിൻ ശ്യാം… എന്റെ മനുഷ്യാ… നിങ്ങളെന്തൊരു കലാകാരനാണ്. കുറുപിന്റെ വികാരങ്ങൾക്ക് അനുയോജ്യമായ നിറങ്ങളേകാൻ നിങ്ങൾക്കല്ലാതെ ആർക്കും കഴിയില്ല. വിക്കി, കിഷൻ, രാജാകൃഷ്ണൻ എന്നിവരടങ്ങുന്ന സൗണ്ട് ടീമാണ് കുറുപിൽ കാണിച്ചിരിക്കുന്ന വിശാലമായ ലോകത്തിന്റെയും കാലഘട്ടത്തിന്റെയും ശബ്ദം രൂപകൽപന ചെയ്തതും അത് തിയറ്ററിൽ ആസ്വദിക്കാവുന്ന മികച്ച അനുഭവമാക്കി മാറ്റിയതും. എല്ലാത്തിനുമുപരി എന്റെ ആദ്യ രണ്ട് സിനിമകൾക്കൊപ്പം നിന്ന വിനി വിശ്വ ലാൽ, തന്റെ ക്രിയേറ്റീവ് ഇൻപുട്ടുകൾ കൊണ്ട് തുടക്കം മുതൽ ഞങ്ങളെ നയിക്കുകയും കുറുപിനെ ഇത്തരത്തിൽ വാർത്തെടുക്കുകയും ചെയ്തു. തിരക്കഥാ രചന മുതൽ എഡിറ്റ് വരെയുള്ള എല്ലാ സാങ്കേതിക വശങ്ങളും ചേർന്ന ഒരു പരീക്ഷണ സിനിമയാണ് കുറുപ്. സണ്ണി വെയ്ൻ, ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ, ശോഭിത ധുലിപാല, പി ബാലചന്ദ്രൻ, അനുപമ പരമേശ്വരൻ, സുരഭി ലക്ഷ്മി, സുധീഷ്, സാദിഖ്, ഭരത്, വിജയരാഘവൻ തുടങ്ങി കുറുപിന്റെ മുഖങ്ങളായ എല്ലാ അഭിനേതാക്കളോടും നന്ദി പറയുന്നു. നിങ്ങൾക്ക് ഞങ്ങൾ സർപ്രൈസ് ആയി കരുതി വെച്ചിരിക്കുന്ന മറ്റൊരു നടനോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തന്റെ എല്ലാ തിരക്കും മാറ്റിവെച്ച് ഞങ്ങളുടെ പ്രൊജക്ടിൽ അദ്ദേഹം ചേർന്നു. ഇത് സ്വന്തം സിനിമ പോലെ കണ്ട എല്ലാ സാങ്കേതിക പ്രവർത്തകർക്കും നന്ദി പറയുന്നു. തിരക്കുള്ള ഷെഡ്യൂളിനിടയിലും എന്നെ പിന്തുണച്ച കൂട്ടുകാർക്കും കുടുംബത്തിനും പ്രത്യകിച്ച കോഴിക്കോട്, ദുബായ്, കൊച്ചി എന്നിവിടങ്ങളിലുള്ള സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞാൽ തീരില്ല. എന്റെ ഈ സിനിമ നിങ്ങളുടെ മുമ്പിലേക്ക് എത്തുകയാണ്. ഇപ്പോഴും അന്വേഷണത്തിൽ ഇരിക്കുന്ന യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതായതു കൊണ്ട് ഈ സിനിമയ്ക്ക് നിരവധി നിയമപ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഞങ്ങളിൽ നിന്നുള്ള ഈ എളിയശ്രമം നിങ്ങളിലേക്ക് എത്താൻ പല കഥാപാത്രങ്ങളുടെയും പേരുകൾ മാറ്റിയിട്ടുണ്ട്. പ്രഖ്യാപിച്ച അന്നുമുതലുള്ള നിങ്ങളുടെ പിന്തുണയാണ് കുറുപിന്റെ ജീവിതം രൂപപ്പെടുത്തിയെടുക്കാൻ സഹായകമായത്. നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പത്തുവർഷമെടുത്ത് രൂപപ്പെടുത്തിയ സിനിമ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾക്കായി അവതരിപ്പിക്കുകയാണ്. ഈ സിനിമയുടെ വിധി ഇനി നിങ്ങളുടെ കൈകളിലാണ്. ഈ പ്രതികൂല സമയത്തും നിങ്ങളെല്ലാവരും തിയറ്ററിൽ വരുമെന്നും ഞങ്ങളുടെ ഈ എളിയശ്രമം ആഘോഷിക്കുമെന്നും പ്രതീക്ഷിക്കുന്നു. സിനിമയ്ക്ക് നിങ്ങളെ വേണം. സിനിമ എങ്ങനെയാണോ നമ്മൾ ആഘോഷിച്ചത് അതുപോലെ ഇനിയും ആഘോഷിക്കാം. കൂടുതൽ നല്ല സിനിമകൾക്കായി’
ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി – ഛായാഗ്രഹണം, സുഷിൻ ശ്യാം – സംഗീത സംവിധാനം, ക്രിയേറ്റീവ് ഡയറക്ടർ – വിനി വിശ്വ ലാൽ. പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എഡിറ്റിംഗ് – വിവേക് ഹർഷൻ. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക് കുഞ്ഞമ്മ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…