കുട്ടനാടും മാർപാപ്പയും തമ്മിൽ എന്ത് ബന്ധമെന്ന് ആലോചിച്ച് തന്നെയാണ് കുട്ടനാടൻ മാർപാപ്പയ്ക്ക് കയറിയത്. പെസഹായും ഈസ്റ്ററുമൊക്കെയല്ലേ മാർപാപ്പ എന്തെങ്കിലുമൊക്കെ തരാതിരിക്കില്ല എന്നുറപ്പുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല. നല്ലൊരു ചിരിവിരുന്ന്. സിനിമാല പോലെയുള്ള സൂപ്പർഹിറ്റ് കോമഡി പ്രോഗ്രാമുകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ശ്രീജിത് വിജയൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ആ ഒരു എക്സ്പീരിയൻസിന്റെ അഴക് ആവോളമുണ്ട് താനും.
കുട്ടനാട്ടിൽ ഒരു സാധാരണ സ്റ്റുഡിയോ നടത്തി ജീവിക്കുന്ന ജോൺ പോൾ എന്ന ഫോട്ടോഗ്രാഫറാണ് കഥയിലെ നായകൻ. ആ പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലേക്ക് ഓടി വരുന്ന മുഖമാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടേത്. ആ ഒരു റിലേഷൻ തന്നെയാണ് കുട്ടനാടിനും അവിടെയുള്ള നമ്മുടെ മാർപാപ്പക്കും. എങ്ങനെയെങ്കിലും ഒരു പെണ്ണിനെ പ്രേമിച്ച് കെട്ടികൊണ്ടുവരുവാൻ മകന് എല്ലാവിധ പ്രേരണയും നൽകുന്ന ന്യൂ ജെൻ അമ്മയായ മേരിച്ചേച്ചി മാത്രമാണ് നമ്മുടെ മാർപാപ്പയ്ക്ക് സ്വന്തമായിട്ടുള്ളത്. പിന്നെ എന്തിനും കൂട്ടായി നടക്കുന്ന ഒരു ചങ്കും. ചെറിയൊരു തേപ്പ് ഒക്കെ കിട്ടി ഒരു കളർഫുൾ ജീവിതം നയിക്കുന്ന മാർപാപ്പയുടെ ജീവിതത്തിലേക്ക് ഒരു മാലാഖയെ പോലെ കടന്ന് വന്നതാണ് ജെസ്സി. പിന്നീട് നടക്കുന്ന സംഭവബഹുലമായ ഒരു ദൃശ്യവിരുന്നാണ് കുട്ടനാടൻ മാർപാപ്പ പ്രേക്ഷകരുടെ മുന്നിലേക്ക് നയിക്കുന്നത്. ഒരു അണ്ടർവാട്ടർ ലൗ സ്റ്റോറിയെന്ന പറയുന്നുണ്ടെങ്കിലും നായകനും നായികയും പലവട്ടം വെള്ളത്തിലേക്ക് അറിഞ്ഞോ അറിയാതെയോ ചാടുന്നതിലാണ് ആ ഒരു ഭംഗി നിലനിൽക്കുന്നത്. ഏറ്റവും അവസാനത്തെ ആ ചാട്ടം എന്തായാലും ഒരു സംതൃപ്തി നൽകി. ഒരു സാധാരണ ചാക്കോച്ചൻ ചിത്രം പോലെയുള്ള ഒഴുക്കിൽ നിന്നും ചിത്രം മാറുന്നത് സെക്കൻഡ് ഹാഫിലാണ്. രസകരമായ ട്വിസ്റ്റുകളും കിടിലൻ നമ്പറുകളുമായി ചിത്രത്തിലുടനീളം പ്രേക്ഷകരെ മടുപ്പിക്കാതെ പൂർണമായും തന്നെ ആസ്വദിക്കാനുള്ള ഒന്നാണ് അണിയറപ്രവർത്തകർ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
നല്ല നാടൻ, നിഷ്കളങ്ക കഥാപാത്രങ്ങൾ ചെയ്യുന്നതിൽ ചാക്കോച്ചൻ എന്നും ഒരു പടി മുന്നിൽ തന്നെയാണ്. സ്നേഹമുള്ള മകൻ, കറതീർന്ന കൂട്ടുകാരൻ, നല്ലൊരു കാമുകൻ, നാട്ടുകാരുടെ കണ്ണിലുണ്ണി…ഇതിനെല്ലാം പുറമെ വിടാതെ പിന്നാലെ കൂടിയിരിക്കുന്ന ഒരു കൂട്ടം പ്രശ്നങ്ങളും. അതാണ് മാർപാപ്പ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ജോൺ പോൾ. ആ കഥാപാത്രത്തെ പ്രേക്ഷകർക്ക് ആസ്വദിക്കുവാൻ തക്ക ഒരു നല്ല അവതരണം കാഴ്ച്ചവെക്കുവാൻ ചാക്കോച്ചനായി. ഇത്ര സുന്ദരനായ ഒരു ‘മാർപാപ്പ’യെ കാണാൻ കിട്ടാൻ കുറച്ച് ബുദ്ധിമുട്ടായിരിക്കും. മാർപാപ്പയുടെ മാലാഖയായിയെത്തിയ ജെസ്സിയെ അഴകുകൊണ്ടും അഭിനയം കൊണ്ടും മനോഹരമാക്കുവാൻ അഥിതിക്കായി. ഇങ്ങനെയൊരു കഥാപാത്രം ഏറ്റെടുക്കാൻ മനസ്സ് കാണിച്ച ആ ചങ്കൂറ്റത്തെ എന്തായാലും അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല. പണ്ടത്തെ വിരഹ നായികയായി കണ്ടിരുന്ന ശാന്തി കൃഷ്ണ രണ്ടാം വരവിൽ രണ്ടും കല്പിച്ച് തന്നെയാണ് എത്തിയിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ ബോൾഡ് കഥാപാത്രത്തിൽ നിന്നും എപ്പോഴും ചിരിക്കുന്ന ഒരു അടിപൊളി അമ്മയായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. ശാന്തി കൃഷ്ണ. മേരിക്കുട്ടിയായി തകർത്താടുകയാണ് ശാന്തി കൃഷ്ണ. ക്ലൈമാക്സിൽ ഏറ്റവുമധികം കൈയ്യടി കിട്ടിയതും മേരിക്കുട്ടിക്ക് തന്നെയാണ്. സ്ഥിരം കോമഡി റോളുകൾ ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങൾക്ക് പോലും സാധിക്കാത്ത വിധത്തിലാണ് അവസാനം ‘തല കറങ്ങി വീണ്’ പ്രേക്ഷകരെ ശാന്തി കൃഷ്ണ ചിരിപ്പിച്ചത്. അമ്മയും മകനുമായി ജോണും മേരിക്കുട്ടിയും നിറഞ്ഞാടിയപ്പോൾ പ്രേക്ഷകരും അവരുടെ ആ കെമിസ്ട്രിയിൽ ഒന്ന് അസൂയ പൂണ്ടു. അത് തന്നെയാണ് യഥാർത്ഥ വിജയവും.രസകരമായ കഥാപാത്രങ്ങൾ കൊണ്ട് ധർമജനും സലിം കുമാറും ഇന്നസെന്റും രമേഷ് പിഷാരടിയും അജു വർഗീസും ഹരീഷ് കണാരനുമെല്ലാം സംഭവം കളറാക്കി. GPS ഇട്ട് വഴി മുട്ടിയ സൗബിന്റെ കാമിയോ റോളും ഏറെ ചിരിപ്പിച്ചു.
നല്ലൊരു തിരക്കഥയും മലയാളികൾ സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന കുട്ടനാടും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തിരക്കഥയിൽ പുതുമ അധികമൊന്നും തോന്നില്ലെങ്കിലും അത് അവതരിപ്പിച്ചിരിക്കുന്ന രീതി തന്നെയാണ് ഏറ്റവും ആകർഷണീയമായി തോന്നുന്നത്. ചിരിക്കാനേറെ ഉള്ളിൽ നിറച്ച് സംവിധായകൻ തന്നെയായ ശ്രീജിത് വിജയൻ ഒരുക്കിയ തിരക്കഥ പ്രേക്ഷകരുടെ ആസ്വാദനത്തെ ഏറെ സഹായിച്ചു. അരവിന്ദ് കൃഷ്ണയുടെ ക്യാമറ വർക്കുകളും ഈ കുട്ടനാടൻ ക്യാമറമാന്റെ ജീവിതം മനോഹരമായി പ്രേക്ഷകരിലേക്കെത്തിക്കാൻ ഏറെ സഹായിച്ചു. രാഹുൽ രാജ് ഈണമിട്ട ഗാനങ്ങൾ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചിരുന്നു. സുനിൽ എസ് പിള്ളൈയുടെ എഡിറ്റിംഗ് കൂടിയായപ്പോൾ മാർപാപ്പ ഒരു സംഭവം തന്നെയായിരിക്കുകയാണ്. അവധിക്കാലം നല്ല പൊട്ടിച്ചിരികളോടെ തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും എടുക്കാവുന്നതാണ് കുട്ടനാടൻ മാർപാപ്പയെ കാണാൻ ഒരു അപ്പോയന്റ്മെന്റ്…!
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…