Mandharam Review
സംശയങ്ങളുടെ കൂമ്പാരമാണ് എന്നും ബാല്യകാലം. അന്ന് എല്ലാ കുട്ടികളും ചോദിക്കുന്ന ഒന്നാണ് എന്താണ് ഈ പ്രണയമെന്ന്. അന്ന് ലഭിക്കുന്ന ഉത്തരങ്ങൾ ഒരിക്കലും അവനെ തൃപ്തിപ്പെടുത്തുകയില്ല. അതിനുള്ള ഒരു ഉത്തരം തേടിയുള്ള യാത്ര തന്നെയാണ് പിന്നെയെന്നും. അത്തരമൊരു യാത്ര തന്നെയാണ് മന്ദാരവും. നവാഗതനായ വിജേഷ് വിജയ് സംവിധാനം നിർവഹിച്ച ചിത്രം പ്രണയിക്കുന്നവർക്കും പ്രണയിച്ചിട്ടുള്ളവർക്കും ഇനി പ്രണയിക്കാൻ പോകുന്നവർക്കും ഒരു വിരുന്ന് തന്നെയാണ്. പ്രണയം ഒരുവന്റെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളെ അതിന്റെ പൂർണമായ അഴകോട് കൂടി തന്നെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ വിജേഷ് മന്ദാരത്തിലൂടെ.
രാജേഷിന്റെ ചെറുപ്പക്കാലത്ത് നിന്നുമാണ് കഥ തുടങ്ങുന്നത്. ലാലേട്ടൻ റെഫറൻസോട് കൂടി ചിത്രം തുടങ്ങുമ്പോൾ രാജേഷ് എന്ന കൊച്ചു കുട്ടിക്ക് ‘ഐ ലൗ യു’ എന്നതിന്റെ അർത്ഥം അറിയുവാൻ അതിയായ മോഹവും ഉദിക്കുന്നു. അവന് അതിനുള്ള ഒരു ഉത്തരം മുത്തച്ഛനാണ് കൊടുക്കുന്നത്. മന്ദാരം പൂക്കുന്നതാണ് ഐ ലൗ യു എന്ന്..! പിന്നീട് അവൻ എന്താണ് അതിന്റെ അർത്ഥമെന്ന് തിരിച്ചറിയുകയും അവനും പതിയെ ഒരു കാമുകൻ ആയി തീരുകയും ചെയ്യുന്നു. പക്ഷേ കൗമാരത്തിൽ തന്നെ നിരാശ കാമുകൻ ആകേണ്ടി വന്ന അവൻ ഇനി ജീവിതത്തിൽ ഒരു പ്രണയമേ ഉണ്ടാകില്ല എന്നുറപ്പിക്കുന്നു. പക്ഷേ മനുഷ്യനല്ലേ, അവന്റെ കോളേജ് കാലഘട്ടം വീണ്ടും അവനെ കാമുകനാക്കുന്നു. ചാരുവിന്റെ വരവോടെ അവന്റെ ജീവിതം വീണ്ടും മാറുന്നു. പിന്നീട് രാജേഷിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് മന്ദാരത്തിന്റെ കഥ നടക്കുന്നത്. ആസിഫ് അലിയുടെ വ്യത്യസ്ഥമായ ഗെറ്റപ്പുകൾ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. പക്വതയാർന്ന ഒരു അഭിനേതാവിന്റെ എല്ലാ അടയാളങ്ങളും വേഷപ്പകർച്ചകളിലൂടെ ആസിഫ് അലി പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്നുണ്ട്.
ക്യൂട്ടായ വർഷ ബൊല്ലമയുടെ ആ ക്യൂട്ട്നെസ്സ് തന്നെയാണ് ചാരു എന്ന റോൾ കൊണ്ട് കൂടുതലും പ്രേക്ഷകരിലേക്കെത്തിക്കുവാൻ ഉണ്ടായത്. ചാരുവും രാജുവും ശരിക്കും പ്രണയത്തിലാണോ എന്ന് സംശയം ജനിപ്പിക്കുന്ന ഒരു രീതിയിൽ തന്നെയാണ് ഇരുവരുടെയും പ്രണയം പറഞ്ഞുപോകുന്നത്. അതിനിടയിൽ റോഷനായി വന്ന് അർജുൻ നന്ദകുമാറും ഒരു കിടിലൻ പ്രകടനം നടത്തി. അനാർക്കലി മരിക്കാറിനും വേറിട്ട ഒരു കഥാപാത്രത്തെ സമ്മാനിക്കുവാൻ സാധിച്ചു. അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, വിനീത് വിശ്വം എന്നിവർ സ്വാഭാവികമായ കൗണ്ടറുകൾ കൊണ്ട് ചിരി നിറപ്പിക്കുന്നതിൽ വിജയം കൈവരിച്ചു. കണ്ടു മടുത്ത പ്രണയത്തിന്റെ കഥകൾ തന്നെയാണ് ചിത്രത്തിലെ എന്നത് തന്നെയാണ് മന്ദാരത്തിന്റെ ഒരു പോരായ്മയായി തോന്നുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാണെങ്കിലും വിളമ്പിയ രീതിയിൽ ഒരു പുതുസൗരഭ്യം നിറക്കുവാനും മന്ദാരത്തിന് ആയിട്ടുണ്ട്.
എം സജാസ് ഒരുക്കിയ തിരക്കഥ തന്നെയാണ് മന്ദാരത്തിന്റെ ഒരു ശക്തി. എങ്കിലും രണ്ടാം പകുതിയിൽ ചിത്രം കുറച്ച് വലിച്ചു നീട്ടി പ്രേക്ഷകനെ ചെറുതായിട്ടൊന്ന് മടുപ്പിക്കുന്നുണ്ട്. ബാഹുൽ രമേശിന്റെ സിനിമാറ്റോഗ്രാഫി പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു. കൊച്ചിയും ബാംഗ്ലൂരും ഹിമാലയവും ഹൈ റേഞ്ചുമെല്ലാം കണ്ണിന് കുളിർമയേകുന്ന രീതിയിൽ തന്നെ അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്. അതിനോട് ലയിച്ചു ചേരുന്ന ഗാനങ്ങളുമായി ഒരു മ്യൂസിക്കൽ ട്രീറ്റ് കൂടി സമ്മാനിക്കുവാൻ മുജീബ് മജീദിനും സാധിച്ചു. വിവേക് ഹർഷന്റെ അനുഭവജ്ഞാനമുള്ള എഡിറ്റിംഗ് കൂടിയായപ്പോൾ മന്ദാരം പ്രണയത്തിന്റെ കാഴ്ച്ചകൾ തീർത്ത് പൂത്തുലഞ്ഞു. മുത്തശ്ശൻ രാജേഷിന് നൽകുന്ന ഒരു വിജയമന്ത്രമുണ്ട്. അത് മന്ദാരത്തെ കൂടുതൽ മനോഹരമാക്കുന്നു. “നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ഒരിക്കലും മറ്റൊരാളുടെ കൈയ്യിൽ ആയിരിക്കരുത്”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…