‘വാലിബൻ ഒരു കംപ്ലീറ്റ് എൽ ജെ പി സിനിമയാണ്, മലയാളത്തിൽ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്’; മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് റിലീസ് ചെയ്ത സിനിമയ്ക്ക് ആദ്യ ദിവസങ്ങളിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്. കനത്ത ഡീഗ്രേഡിംഗിന് ചിത്രം വിധേയമാകുകയും ചെയ്തു. എന്നാൽ, സിനിമ കണ്ടിറങ്ങിയവർ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം തുറന്നു പറയാൻ തുടങ്ങിയതോടെ തിയറ്ററുകളിലേക്ക് സിനിമയെ സ്നേഹിക്കുന്നർ എത്താൻ തുടങ്ങി. ചിത്രം കണ്ടതിനു ശേഷം കഴിഞ്ഞദിവസം നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി കൂടുതൽ എന്തു പറയാനാണെന്ന് മഞ്ജു വാര്യർ ചോദിക്കുന്നു. വാലിബൻ ഒരു കംപ്ലീറ്റ് എൽ ജെ പി സിനിമയാണെന്ന പറഞ്ഞ മഞ്ജു ഈ ചിത്രം മലയാളത്തിൽ അദ്ദേഹത്തിന് മാത്രം ചെയ്യാവുന്ന ഒന്നാണെന്നും വ്യക്തമാക്കി. ഇതിനു മുമ്പ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുകയാണെന്നും മഞ്ജു വാര്യർ കുറിക്കുന്നു.

മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്. ‘സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയിലർ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്. ചതിയൻമാരായ മല്ലൻമാരും, കുബുദ്ധിക്കാരായ മന്ത്രിമാരും, ചോരക്കൊതിയൻമാരായ രാജാക്കൻമാരും, ക്രൂരൻമാരായ പടയാളികളും, ഒപ്പം നല്ലവരായ ജനങ്ങളും, നർത്തകരും, മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമ്മിപ്പിച്ചു. കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകൾ. തിയറ്ററിൽ നിന്നിറങ്ങിയിട്ടും മനസ്സിൽ പെരുമ്പറകൊട്ടുന്ന പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! വാലിബൻ ഒരു കംപ്ലീറ്റ് എൽ.ജെ.പി സിനിമയാണ്. ഇതിനു മുൻപ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുന്നു. മലയാളത്തിൽ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്.’ – ചിത്രം കണ്ടതിനു ശേഷം മഞ്ജു വാര്യർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയറ്ററില്‍ എത്തിയത്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 130 ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീക്ക് ആണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ട്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago