മഴ എന്നും ഒരു അത്ഭുതമാണ്. മനുഷ്യന്റെ ഓരോ അവസ്ഥയിലും അതിന്റെതായ ഒരു ഭാവം മഴ ആർജിക്കുന്നത് കണ്ട് അത്ഭുതപ്പെടുന്നവരാണ് ഓരോരുത്തരും. ആഘോഷവും ആരവവുമായി പെയ്‌തിറങ്ങുന്ന മഴ തന്നെ കണ്ണീരിന്റെ നിലക്കാത്ത പ്രവാഹവുമായി പെയ്‌തിറങ്ങുന്നു. ശാന്തമായ മഴക്ക് ഭീകരത പൂണ്ട മറ്റൊരു മുഖവുമുണ്ടെന്നത് മറ്റൊരു സത്യം. എങ്കിലും മഴയത്ത് നനയുക ഓരോരുത്തർക്കും ഏറെ ഇഷ്ടമുള്ള ഒരു കാര്യമാണ്. അങ്ങനെ ആർക്കും നനയാവുന്ന ഒരു ‘മഴയത്തേ’ക്കാണ് ദേശീയ അവാർഡ് ജേതാവ് സുവീരൻ പ്രേക്ഷകരെ ക്ഷണിച്ചു കൊണ്ടുപോകുന്നത്. ബന്ധങ്ങളുടെ മഴയത്ത്, കുടുംബമാകുന്ന മഴയത്ത്, സന്തോഷത്തിന്റെ മഴയത്ത്, സങ്കടങ്ങളുടെ മഴയത്ത്, ആവലാതികളുടെ മഴയത്ത്, ആശങ്കകളുടെ മഴയത്ത്, അത്ഭുതങ്ങളുടെ മഴയത്ത്, ആശ്വാസത്തിന്റെ മഴയത്ത്, യാഥാർഥ്യങ്ങളുടെ മഴയത്ത്… അങ്ങനെ സംവിധായകൻ പ്രേക്ഷകനെ ക്ഷണിക്കുന്നത് മഴയുടെ പല ഭാവങ്ങളിൽ ഒന്നിച്ച് നനയാനാണ്.
വേണുഗോപാൽ എന്ന ഒരു മിഡിൽ ക്ലാസ് ഗൃഹനാഥനും അദ്ദേഹത്തിന്റെ ഭാര്യ അനിതയും ഉമ്മി എന്ന് വിളിക്കുന്ന മകൾ ശ്രീലക്ഷ്മിയുമടങ്ങിയ കുടുംബത്തെ കേന്ദ്രീകരിച്ചാണ് മഴയത്ത് എന്ന ചിത്രം പുരോഗമിക്കുന്നത്. സാധാരണ പിണക്കങ്ങളും ഇണക്കങ്ങളുമായി സമാധാനപരമായ ഒരു ജീവിതമാണ് അവർ നയിക്കുന്നത്. വേണുഗോപാൽ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. അനിത ഒരു ജോലി കണ്ടെത്തി സ്വന്തം കാലിൽ നില്ക്കാൻ ശ്രമിക്കുന്നു. അച്ഛനും മകളുമാ തമ്മിലുള്ള ബന്ധമാണ് ഏറെ ദൃഢമായത്. അച്ഛനില്ലാതെ ഉമ്മിക്ക് ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അത്ര ഗാഢമാണ് അവരുടെ ബന്ധം. എന്നാൽ അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവങ്ങൾ അവരുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. വേണുഗോപാൽ എന്ന ആ മനുഷ്യൻ തെറ്റുക്കാരനായി ചിത്രീകരിക്കപ്പെടുന്നു. സമൂഹം അയാളെ വെറുപ്പോടെ നോക്കുന്നു. അതിന്റെ കാരണമറിയുന്ന വേണുഗോപാലിന് തന്റെ ഭാഗം ന്യായീകരിക്കുവാൻ സാധിക്കാതെ വരുന്നു.സമകാലീന സംഭവങ്ങളെ അതിന്റെ കാതൽ ചോർന്നുപോകാതെ തന്നെ അവരുടെ ജീവിതത്തിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നു. മഴയത്ത് പെട്ടുപോയ ഒരാളുടെ മനോനിലകളിലൂടെ വേണുഗോപാലിന്റെ ജീവിതത്തിലേക്കും മഴയത്ത് പെട്ടുപോയ അനിതയുടെയും ഉമ്മിയുടേയുമെല്ലാം ജീവിതം മനോഹരമായി അവതരിപ്പിക്കുകയാണ് സുവീരൻ എന്ന സംവിധായകൻ ‘മഴയത്ത്’ എന്ന തന്റെ ചിത്രത്തിലൂടെ. കഥാപാത്രങ്ങളുടെ ആഴവും വ്യാപ്തിയുമറിഞ്ഞാണ് ഓരോരുത്തരും അവരുടെ ഭാഗങ്ങൾ മനോഹരമാക്കി തീർത്തത്. വേണു ഗോപാലായിയെത്തിയ നികേഷ് റാമും അനിതയായ അപർണ ഗോപിനാഥും അവരുടെ പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരെ തീർച്ചയായും അത്ഭുതപ്പെടുത്തി. ഗപ്പിക്ക് ശേഷം നന്ദന വർമ്മ ചെയ്‌ത ഏറ്റവും മികച്ച കഥാപാത്രമാണ് ഇതിലെ ഉമ്മി. ഭാര്യ-ഭർതൃബന്ധവും അച്ഛനും മകളും തമ്മിലുള്ള ബന്ധവും അമ്മയും മകളും തമ്മിലുള്ള ബന്ധവുമെല്ലാമായി പ്രേക്ഷകർക്കായി മനം നിറക്കുന്ന ഒരു ചിത്രം തന്നെയാണ് ‘മഴയത്ത്’.
മഴക്ക് ഒരു പൂർണതയുണ്ട്… ‘മഴയത്ത്’ അതിന്റെ മറ്റൊരു രൂപത്തിലുള്ള പൂർണതയാണ് പ്രേക്ഷകന് ദർശിക്കുവാൻ സാധിക്കുന്നത്. മഴയത്ത് നനയപ്പെടുന്നവന്റെയും നനക്കപ്പെടുന്നവന്റെയും വികാരങ്ങൾ വ്യത്യസ്ഥമാണ് അങ്ങനെ ഒരു അനുഭവം പ്രേക്ഷകനും സമ്മാനിക്കുന്നതിലെ ഒരു പൂർണത സംവിധായകൻ കൈവരിച്ചിട്ടുണ്ട്. ഓരോ രംഗങ്ങളുടെ ആഴത്തിലുള്ള അവതരണവും കാസ്റ്റിംഗിലെ പെർഫെക്ഷനുമെല്ലാം അത് തെളിയിക്കുന്നുണ്ട്. മനോജ് കെ ജയൻ, സുനിൽ സുഖദ, ശാന്തി കൃഷ്ണ, രശ്മി ബോബൻ, സന്തോഷ് കീഴാറ്റൂർ, ശിവാജി ഗുരുവായൂർ, നന്ദു എന്നിങ്ങനെയുള്ള മലയാളത്തിലെ എണ്ണം പറഞ്ഞ കലാകാരൻമാർ അവരുടെ മികച്ച ഒരു സംഭാവന തന്നെയാണ് ചിത്രത്തിനായി നൽകിയിരിക്കുന്നത്. കൂടാതെ സംവിധായകൻ സുവീരൻ തന്നെയൊരുക്കിയ തിരക്കഥയും പ്രേക്ഷകനെ ആസ്വാദനത്തിന്റെ മഴയത്ത് നിർത്തുന്നതിൽ മുൻകൈ എടുക്കുന്നു. ഗോപി സുന്ദറിന്റെ സംഗീതവും മുരളികൃഷ്ണന്റെ ക്യാമറയും പ്രേക്ഷകനെ മഴയുടെ സൗന്ദര്യത്തെ ആവോളം ആസ്വദിക്കുവാൻ ഏറെ സഹായിച്ചു. വിജയകുമാറിന്റെ എഡിറ്റിംഗും അക്കാര്യത്തിൽ വിജയിച്ചു. ബ്യാരി എന്ന തന്റെ ആദ്യ ഫീച്ചർ ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സുവീരൻ പ്രേക്ഷകന്റെയും സമൂഹത്തിന്റെയും മനസറിഞ്ഞ് ഒരുക്കിയിരിക്കുന്ന ചിത്രമാണ് മഴയത്ത്. ഈ മഴയത്ത് നമ്മൾ നനഞ്ഞിട്ടുണ്ടാകും… ഇപ്പോൾ നനയുന്നുണ്ടാകും… ഇനി ഭാവിയിൽ നനയാൻ സാധ്യതയുമുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…