രാഷ്ട്രീയ പശ്ചാത്തലത്തിൽ, ഹാസ്യത്തിന് കൂടി പ്രാധാന്യം നല്കിയൊരുക്കിയ മെമ്പർ രമേശൻ ഒൻപതാം വാർഡ് എന്ന ചിത്രമാണ് ഇന്ന് ഇവിടെ പ്രദർശനമാരംഭിച്ച ചിത്രങ്ങളിൽ ഒന്ന്. നവാഗത സംവിധായകരായ അഭി ട്രീസ പോള്‍-ആന്റോ ജോസ് പെരേരിയ എന്നിവരുടെ സംവിധാനത്തിലൊരുങ്ങിയ ഈ ചിത്രം രചിച്ചിരിക്കുന്നതും അവർ തന്നെയാണ്. ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോബൻ, മോളി എന്നിവർ ചേർന്നാണ്. യുവ താരം അർജുൻ അശോകൻ നായകനും ഗായത്രി അശോക് നായികയുമായി എത്തിയ ഈ ചിത്രത്തിൽ ശബരീഷ് വർമ്മ, ചെമ്പൻ വിനോദ് തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. മഞ്ഞപ്ര എന്ന ഗ്രാമത്തിലെ, അർജുൻ അശോകൻ അവതരിപ്പിക്കുന്ന ഒ.എം രമേശന്റ കഥയാണ് ഈ ചിത്രം പറയുന്നത്. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള രമേശൻ പെയിന്റിംഗ് പണിക്കു പോയി ആണ് ജീവിക്കുന്നത്. ക്രിക്കറ്റ് കളിച്ചും യാത്ര പൊഴിയും ജീവിതം അടിച്ചു പൊളിച്ചു മുന്നോട്ടു കൊണ്ട് പോകുന്ന രമേശനെ, ഒരു പ്രത്യേക സാഹചര്യത്തിൽ യു.കെ.എഫിന്റെ വാര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു. അതുപോലെ വാര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക്, എതിര്‍ പാര്‍ട്ടിയായ എല്‍.കെ.എഫിന്റെ സ്ഥാനാര്‍ത്ഥിയായി, ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന, രമേശന്റെ ആശാനായ തോമസും മത്സരിക്കാൻ എത്തുന്നതോടെ ചിത്രം രസകരമാകുന്നു. സ്ഥിരം രാഷ്ട്രീയ ഹാസ്യ ചിത്രങ്ങളുടെ പാതയാണ് ഈ ചിത്രവും പിന്തുടരുന്നത് എങ്കിലും, അത് വളരെ രസകരമായി തന്നെ മുന്നോട്ടു കൊണ്ട് പോയിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.
ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ പ്രേക്ഷകർക്ക് നൽകി കൊണ്ടാണ് അഭി ട്രീസ പോള്‍-ആന്റോ ജോസ് പെരേരിയ എന്നിവർ സംവിധായകരായി തങ്ങളുടെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ രസിപ്പിക്കുക എന്ന ലക്‌ഷ്യം അവർ വളരെ ഭംഗിയായി തന്നെ നിറവേറ്റിയിട്ടുണ്ട്. ഇവർ രണ്ടു പേരും ചേർന്നൊരുക്കിയ തിരക്കഥ ഒരു വിനോദ ചിത്രത്തിന്റെ എല്ലാ ചേരുവകളും കൃത്യമായ അളവിൽ ചേർക്കപ്പെട്ടിട്ടുള്ള ഒന്നായിരുന്നു . പ്രണയവും കോമെഡിയും ത്രില്ലും എല്ലാം ചേർന്ന ഒരു കംപ്ളീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആണ് അവർ തങ്ങളുടെ തിരക്കഥയിലൂടെ ഉണ്ടാക്കിയത് . രസകരമായ ആ തിരക്കഥയുടെ ഒഴുക്കും മികവും ഒട്ടു നഷ്ടപ്പെടാതെ തന്നെ അതിനു ഒരു ദൃശ്യ ഭാഷ ഒരുക്കാനും , അത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാനും കഴിഞ്ഞു എന്നതാണ് ഈ സംവിധായക ദ്വന്ദത്തിന്റെ വിജയം. രസകരമായ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം തന്നെ പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും, ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ കഥാപാത്ര രൂപീകരണവും ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപെട്ടതാക്കുന്നുണ്ട് എന്നതും എടുത്തു പറയണം. അതിനെല്ലാമൊപ്പം നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിൽ നടക്കുന്ന ചില തട്ടിപ്പും വെട്ടിപ്പുമെല്ലാം കാണിച്ചു തരാനും അവർക്കു സാധിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തെ കുറിച്ച് ഒരു ചുക്കും അറിയാത്ത, രമേശൻ ആയി അർജുൻ അശോകൻ ഗംഭീര പെർഫോമൻസ് കാഴ്ച വെച്ചപ്പോൾ ശബരീഷ് വർമ്മ, ചെമ്പൻ വിനോദ് എന്നിവർ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടുന്ന പ്രകടനം നൽകി. ഇപ്പോൾ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരുടെ കയ്യടി നേടുന്ന അർജുൻ അശോകൻ, ഒരു നടൻ എന്ന നിലയിൽ തന്റെ വളർച്ച പ്രകടമാക്കുന്ന പെർഫോമൻസ് തന്നെയാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. തോമസ് ആയി എത്തിയ ചെമ്പൻ വിനോദും സുബു ആയെത്തിയ ശബരീഷും വളരെ സ്വാഭാവികമായി തന്നെ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. അന്നമ്മ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഗായത്രി അശോക് വളരെയധികം ശ്രദ്ധ നേടുന്ന പ്രകടനമാണ് നൽകിയിരിക്കുന്നത്. ഇന്ദ്രൻസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാബുമോന്‍, സാജു കൊടിയൻ, ജോണി ആന്റണി, ബിനു അടിമാലി അനൂപ് (ഗുലുമാൽ) മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം, സജാദ് ബ്രൈറ്റ്, കല എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനം നടത്തി.
എൽദോ ഐസക് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ കഥ പറയുന്നതിനാവശ്യമായ അന്തരീക്ഷം നൽകിയപ്പോൾ കൈലാസ് മേനോൻ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിലവാരം പുലർത്തി. അത് പോലെ ദീപു ജോസെഫ് നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന്റെ കഥ പറച്ചിലിന് ആവശ്യമായ വേഗത നൽകുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. സാങ്കേതികമായും മികച്ച നിലവാരം പുലർത്താൻ കഴിഞ്ഞത് ഈ ചിത്രത്തിന് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. മെമ്പർ രമേശൻ ഒൻപതാം വാർഡ് ഒരു തികഞ്ഞ വിനോദ ചിത്രമാണ്. ഒരു ക്ലീൻ രാഷ്ട്രീയ നർമ്മ ചിത്രത്തിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കി നിർമ്മിച്ച ഫൺ ഫിലിം ആണ് ഇത് . രസിക്കാൻ ഇഷ്ട്ടപെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഈ ചിത്രം നിങ്ങളെ ഒരുപാട് രസിപ്പിക്കും എന്നത് തീർച്ചയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…