Categories: Malayalam

അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്കാരമല്ല;കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ ലേഖനം

കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ഇറ്റലിയിൽ നിന്നും വാഗമണ്ണിൽ എത്തിയ വിദേശികൾക്ക് റൂം ലഭിക്കാത്തതിന്റെ ഭാഗമായി സെമിത്തേരിയിൽ കിടന്നുറങ്ങേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നാട്ടിലെത്തുന്ന വിദേശികളെ കൊറോണാ വൈറസിന്റെ പേരിൽ തെരുവിലിറക്കി വിടുകയാണോ വേണ്ടത് എന്ന് സമൂഹത്തോട് ചോദിക്കുകയാണ് നടൻ മോഹൻലാൽ. മലയാള മനോരമയ്ക്ക് വേണ്ടി മോഹൻലാൽ എഴുതിയ ലേഖനത്തിലാണ് ഇപ്രകാരം ചോദിക്കുന്നത്.

മോഹൻലാലിന്റെ ലേഖനത്തിന്റെ പൂർണ്ണരൂപം:

ഇറ്റലിയിൽ നിന്നു വാഗമണ്ണിലെത്തിയ സഞ്ചാരിക്ക് ഹോട്ടലുകൾ മുറി കൊടുക്കാതെ വന്നപ്പോൾ സെമിത്തേരിയിൽ കിടന്ന് ഉറങ്ങേണ്ടിവന്നു എന്ന വാർത്ത കണ്ടു. ഒരു മരണവാർത്ത പോലെ എന്നെ വേദനിപ്പിച്ചു അത്. തിരുവനന്തപുരത്തു മുറി ബുക്ക് ചെയ്തെത്തിയ അർജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടു എന്ന വാർത്തകൂടി വായിച്ചു തീരുമ്പോൾ വേദന ഇരട്ടിയാകുന്നു.ഇവരാരും രോഗവും കൊണ്ടു വരുന്നവരല്ല. അവരുടെ സമ്പാദ്യത്തിൽ നിന്നൊരു ഭാഗം കൂട്ടിവച്ച് ഈ നാടു കാണാൻ വരുന്നവരാകും. അവരോടു നമ്മൾ പലതവണ പറഞ്ഞിരുന്നു, ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. അവരതു വിശ്വസിച്ചു വന്നതാണ്. രോഗമുള്ളവരെ കണ്ടെത്താൻ നമുക്കൊരു സംവിധാനമുണ്ട്. അല്ലാതെ, അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്കാരമല്ല. ഭാഷ പോലും അറിയാത്ത രാജ്യത്ത് നമുക്കു വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാൽ നമുക്കു താങ്ങാനാകുമോ?വിദേശത്തുനിന്നെത്തി രോഗമില്ലാതിരുന്നിട്ടും ഈ നാടിനുവേണ്ടി സ്വയം ക്വാറന്റീനിൽ പോയ ഒരാളെ പരിസരത്തുള്ളവർ ചേർന്നു ഫ്ലാറ്റിൽ പൂട്ടിയിട്ടതും ഇതോടൊപ്പം വായിക്കണം. പേടികൊണ്ടു ചെയ്തുപോയതാണെന്നു പറയുന്നവർ കാണും. ഈ പൂട്ടിയിട്ടവർക്ക് എവിടെ നിന്നെങ്കിലും വൈറസ് ബാധ ഉണ്ടാകില്ല എന്നുറപ്പുണ്ടോ? അവരെല്ലാം പുറത്തിറങ്ങി സഞ്ചരിക്കുന്നവരല്ലേ. ഇതാർക്കും ഒരുനിമിഷം കൊണ്ടു തടയാൻ പറ്റുന്നതല്ല. സമ്പത്തിന്റെ പ്രതിരോധങ്ങളെല്ലാം മറികടന്നു വൈറസ് വരുന്നതു ലോകം കാണുന്നു. അതുകൊണ്ടു തന്നെ, പ്രളയകാലത്തെന്നപോലെ നാം ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. ദൂരം പാലിക്കുകയും കൂട്ടായ്മ ഉപേക്ഷിക്കുകയും ചെയ്യണമെന്നു പറയുമ്പോൾ മനസ്സിന്റെ ദൂരവും കൂട്ടായ്മയും പതിന്മടങ്ങു കൂട്ടണം എന്നുകൂടി മനസ്സിലാക്കണം.

അടച്ച മുറിയിൽ കഴിയുന്ന എല്ലാവരും രോഗികളല്ല. അവർ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്. ഇവരെല്ലാം നാളെ ‘ഒളിച്ചോടി’ ഈ നാട്ടിലേക്കിറങ്ങിയാൽ തടയാനാകുമോ? അവരിൽ രോഗമുള്ളവർ രോഗം പടർത്തിയാൽ എത്രത്തോളം തടയാനാകും? അതുകൊണ്ടുതന്നെ, ഓരോ മുറിക്കുള്ളിലും ഉള്ളത് നമുക്കുവേണ്ടി സ്വയം ‘ബന്ധനസ്ഥരായവരാണ്’.ഇവരെയെല്ലാം പരിചരിക്കുന്ന വലിയൊരു കൂട്ടായ്മയുണ്ട് – ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും പൊലീസുകാരും ആംബുലൻസ് ഡ്രൈവർമാരുമെല്ലാം ചേർന്ന വലിയൊരു സംഘം. അവരെല്ലാം നെഞ്ചൂക്കോടെ തടഞ്ഞുനിർത്തുന്നത് നമ്മുടെ കുഞ്ഞുങ്ങളിലേക്കു വരാമായിരുന്ന വൈറസുകളെയാണ്. സാനിറ്റൈസർ ഉപയോഗിച്ചു കൈ തുടച്ചും വിദേശത്തുനിന്നു വന്നവരെ ഇറക്കിവിട്ടും സുരക്ഷിതരെന്നു കരുതിയിരിക്കുന്നവർ ഓർക്കേണ്ടത് ഈ സൈന്യത്തെക്കുറിച്ചാണ്. ത്യാഗം എന്ന വാക്ക് അവർ ചെയ്യുന്ന ജോലിക്കുള്ള വളരെ ചെറിയ പ്രതിഫലമാകും. അവരതിനു തയാറാകുന്നതു നമുക്കു വേണ്ടിയാണ്, അവർക്കു വേണ്ടിയല്ല. എന്തു വന്നാലും നേരിടുമെന്ന ചങ്കുറപ്പോടെ…ദേവാലയങ്ങൾ പോലും അടച്ചിരിക്കുന്നു. നാം കൂട്ടപ്രാർഥന നടത്തേണ്ടതു മനസ്സുകൊണ്ടാണ്. നമുക്കു വേണ്ടിയല്ല, ഈ നാടിനു വേണ്ടി. കാരണം, ഇതിൽനിന്നു നമുക്കു മാത്രമായൊരു രക്ഷയില്ല. മുറിയിൽ അടച്ചിരിക്കുന്നവർക്കു ഭക്ഷണമെത്തിക്കുന്ന ആശാ വർക്കർമാരും കുടുംബശ്രീക്കാരുമെല്ലാം ഉയർത്തിപ്പിടിക്കുന്നത് ഈ നാടിന്റെ യശസ്സാണ്. അവരെപ്പോലുള്ളവരുള്ള നാട്ടിലാണു ജീവിക്കുന്നതെന്നു ഞാൻ അഭിമാനത്തോടെ പറയുന്നു.മുറിയിലടയ്ക്കപ്പെട്ട ഓരോരുത്തരെയും ചേർത്തു നിർത്തേണ്ട സമയമാണിത്. പുറത്താക്കപ്പെടുകയും അകറ്റിനിർത്താൻ നോക്കുകയും ചെയ്യുന്ന ഓരോരുത്തർക്കും സ്വപ്നങ്ങളുണ്ടെന്നു നമുക്കോർക്കാം; നാം കാണുന്നതു പോലുള്ള വലിയ സ്വപ്നങ്ങൾ. നമുക്കോരോരുത്തർക്കും പറയാൻ കഴിയണം, കയ്യെത്തും ദൂരത്തു ഞങ്ങളും നിങ്ങളുടെ കൂടെയുണ്ടെന്ന്. ഈ വൈറസ് ദിവസങ്ങൾക്കു ശേഷം നാം പരസ്പരം വാരിപ്പുണരുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യും. ദേഹം മുഴുവൻ നീലവസ്ത്രത്തിൽ പൊതിഞ്ഞ് ആശുപത്രിവരാന്ത തുടച്ചു വൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകൾ ഇന്നും എന്റെ മനസ്സിലുണ്ട്. ആ നീലവസ്ത്രത്തിനുള്ളിലുള്ളത് എന്റെ രക്ഷക തന്നെയാണ്. ഒരർഥത്തിൽ പറഞ്ഞാൽ കൈക്കുഞ്ഞിനെപ്പോലെ എന്ന നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago