ഭാരതത്തെ ചൂഷണം ചെയ്‌ത വിദേശശക്തികൾക്ക് എതിരെ ശക്തമായി പോരാടിയ കുഞ്ഞാലി മരക്കാരുടെ ജീവിതം അഭ്രപാളിയിലെത്തുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തുടരുകയാണ്. മരക്കാർ എന്ന ഈ ചിത്രത്തിലേക്ക് വന്നെത്തിയതിന്റെ കാരണവുമായ ചിത്രം നൽകിയ ആത്മസംതൃപ്തിയും തന്റെ പുതിയ ബ്ലോഗിലൂടെ പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കുകയാണ് ലാലേട്ടൻ.
ഏതെങ്കിലും ഒരു കാര്യത്തിനുവേണ്ടി നിങ്ങള്‍ അത്രമേല്‍ ആത്മാര്‍ഥമായിട്ടാണ് ആഗ്രഹിക്കുന്നത് എങ്കില്‍ അതു സാധിച്ചുതരാനും നേടിയെടുക്കാനുമായി ഈ പ്രപഞ്ചം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവും എന്ന് ആരോ എഴുതിയിട്ടുണ്ട്. അത് തീര്‍ത്തും ശരിയാണ് എന്ന്… ‘മരയ്ക്കാര്‍… അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ എന്റെ അവസാനത്തെ ഷോട്ട് എടുത്തപ്പോള്‍ എനിക്ക് മനസ്സിലായി ബോധ്യമായി. അറിയുന്നതും അറിയാത്തതുമായ പ്രപഞ്ചശക്തികളുടെ അനുഗ്രഹവും സഹായവും ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഈ സിനിമ ചിത്രീകരിച്ചുതീര്‍ക്കാന്‍ സാധിക്കില്ലായിരുന്നു.
പ്രിയദര്‍ശനും ഞാനും ചേര്‍ന്നുള്ള നാല്‍പ്പത്തിഅഞ്ചാമത്തെ സിനിമയാണിത്. ഒരു സിനിമയുടെ ചിത്രീകരണവേളയില്‍ തിരക്കഥാകൃത്ത് ടി. ദാമോദരന്‍ മാസ്റ്ററാണ് കുഞ്ഞാലിമരയ്ക്കാറുടെ ജീവിതത്തില്‍ ഒരു വലിയ സിനിമയുടെ സാദ്ധ്യതയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞത്. ചരിത്രത്തിന്റെ വലിയ ഒരു വായനക്കാരനായിരുന്നു മാസ്റ്റര്‍. അതുപോലെ തന്നെ പ്രിയദര്‍ശനും പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ഞാന്‍ അഭിനയിച്ച ‘കാലാപാനി’ രണ്ട് ചരിത്രപ്രേമികളുടെ സംഗമത്തില്‍ നിന്നുണ്ടായതാണ് എന്ന് പറയാം. മാസ്റ്ററായിരുന്നു അത് എഴുതിയത്. അന്നത്തെ ആ കോഴിക്കോടന്‍ പകലുകളിലും, രാത്രികളിലും ഞങ്ങള്‍ കുഞ്ഞാലിമരയ്ക്കാറെപ്പറ്റി ഒരുപാട് സംസാരിച്ചു. ചിന്തിച്ചു. പിന്നെയും കാലം ഏറെ പോയി. ഞാനും പ്രിയനും ഒന്നിച്ചും അല്ലാതെയും പല പല സിനിമകള്‍ ചെയ്തു. അപ്പോഴും മരയ്ക്കാര്‍ മനസ്സില്‍ അണയാതെ ചാരംമൂടിയ കനല്‍തുണ്ടം പോലെ കിടന്നു. സ്വകാര്യമായ ചില രാത്രികളില്‍ ഞങ്ങള്‍ വീണ്ടും മരയ്ക്കാറെക്കുറിച്ച് സംസാരിച്ചു. ദാമോദരന്‍ മാസ്റ്റര്‍ ഞങ്ങളെ വിട്ട് പോയി. എന്നിട്ടും കുഞ്ഞാലി മരയ്ക്കാര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു.
ഒരിക്കല്‍ ഒരവധിക്കാല യാത്രക്കിടെ ഞാന്‍ പോര്‍ച്ചുഗലില്‍ എത്തി. അവിടെ ഒരു വലിയ പള്ളിയില്‍ പോയപ്പോള്‍ അവിടെ ഒരു ഗൈഡ് ഞങ്ങളോട് പറഞ്ഞത് ഇങ്ങിനെയാണ്. ഇന്ത്യയില്‍… കേരളത്തില്‍ നിന്ന് കൊണ്ടുവന്ന കുരുമുളക് വിറ്റ് ഉണ്ടാക്കിയതാണ് ഈ പള്ളി… ഞാന്‍ വീണ്ടും നോക്കി. അതിമനോഹരമായ നമ്മള്‍ക്ക് പെട്ടെന്ന് സ്വപ്നം കാണാന്‍ കഴിയാത്ത തരത്തിലുള്ള ഒരു വലിയ പള്ളി. അന്ന് ആ പള്ളിമുറ്റത് വച്ച് എന്റെ തല കുനിഞ്ഞു. കൊള്ളയടിക്കപ്പെട്ട് തകര്‍ന്ന് പോയ എന്റെ നാടിനെയോര്‍ത്ത്. താഴ്ന്നുപോയ എന്റെ ശിരസ്സ് തൊട്ടടുത്ത നിമിഷം തന്നെ മുകളിലേക്ക് ഉയരുകയും ചെയ്തു. പോര്‍ച്ചുഗീസുകാരോട് സ്വന്തം ജീവന്‍ പണയം വച്ച് പൊരുതിയ കുഞ്ഞാലിമരയ്ക്കാരെ ഓര്‍ത്ത്. പോര്‍ച്ച്ഗലീലെ ആ പള്ളിമുറ്റത്ത് വച്ച് വീണ്ട് മനസ്സ് മരയ്ക്കാര്‍ എന്ന സിനിമയിലേക്ക് പോയി.
ഏത് വലിയ കലാസൃഷ്ടിയും അത് ചെയേ്ത തീരൂ എന്ന തീഷ്ണമായ ആഗ്രഹം അതിന്റെ അവസാനപടിയില്‍ എത്തുമ്പോഴാണ് സംഭവിക്കുന്നത്. ഇതിയിത് എഴുതാതിരിക്കാനാവില്ല. ഇനിയിത് ചെയ്യാതിരിക്കാനാവില്ല എന്ന അവസ്ഥ. ആ ഒരു അവസ്ഥയില്‍ ഞാനും പ്രിയനും എത്തിയിരുന്നു. അങ്ങിനെയാണ് രണ്ടും കല്പിച്ച് ഞങ്ങള്‍ ഇറങ്ങിയത്.
നമുക്ക് തീരെ പരിചിതമല്ലാത്ത മറ്റൊരു കാലമാണ് സൃഷ്ടിക്കേണ്ടത്… പതിനഞ്ചാം നൂറ്റാണ്ടും പതിന്നാറാം നൂറ്റാണ്ടുമാണ് സൃഷ്ടിക്കേണ്ടത്. മുടക്ക് മുതല്‍ വലിയ രീതിയില്‍ വേണം. ആ കാലം തെറ്റുകൂടാതെ സൃഷ്ടിക്കണം. ഏറ്റവും വലിയ വെല്ലുവിളിയാണ്. അപ്പോഴും ഞാന്‍ ആദ്യം പറഞ്ഞ പ്രപഞ്ചശക്തി ഞങ്ങള്‍ക്കൊപ്പം നിന്നു. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാതാവായി… സാബുസിറിള്‍ എന്ന മാന്ത്രികനായ കലാസംവിധായകന്‍ വന്നു… അക്കാലത്തെ ചെരിപ്പും, വിളക്കും, വടിയും മുതല്‍ പടുകൂറ്റന്‍ കപ്പലുകള്‍ വരെ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ സാബു ഞങ്ങള്‍ക്കായി സൃഷ്ടിച്ചുതന്നു. അമ്പും, വില്ലും, തോക്കുകളും, പീരങ്കികളും ഉണ്ടാക്കിതന്നു. മഞ്ചലുകളും, കൊട്ടാരങ്ങളും തയ്യാറാക്കി. കുതിരകള്‍ വന്നു. കടല്‍ സൃഷ്ടിച്ചു. യുദ്ധം ചിത്രീകരിച്ചു. 104 ദിവസം രാവും പകലുമില്ലാതെ ഒരു വലിയ സംഘം സിനിമ ചിത്രീകരിച്ചുതീര്‍ത്തു. എഴുന്നൂര്‍ പേര്‍ വരെ ജോലി ചെയ്ത ദിവസങ്ങള്‍ ഉണ്ട്. അക്കൂട്ടത്തില്‍ എന്റെ മകനും പ്രിയന്റെ മകനും മകളും ഞങ്ങളുടെ ഉറ്റസുഹൃത്തായ സുരേഷ് കുമാര്‍-മേനക ദമ്പതികളുടെ മകള്‍ കീര്‍ത്തിയും, രേവതിയുമുണ്ട്. ഐ.വി. ശശി… സീമ… അവരുടെ മകനുമുണ്ട്. രാമോജി ഫിലിം സിറ്റി ഞങ്ങള്‍ക്ക് ഒരു കുടുംബഗൃഹത്തിന്റെ മുറ്റമായി മാറി. സംവിധായകന്‍ മുതല്‍ സെറ്റില്‍ ചായ കൊണ്ടുകൊടുക്കുന്നവര്‍ക്ക് വരെ വലിയ ഒരു ലക്ഷ്യത്തിനായിട്ടാണ് ജോലി ചെയ്യുന്നത് എന്ന ബോധ്യമുണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും മഹത്തായ ഒരു ചരിത്രത്തിന്റെ ഭാഗമാവുകയാണ് എന്ന് തോന്നി. മറ്റൊരു കാലത്തില്‍ ജീവിക്കുകയാണ് എന്ന് തോന്നി. ഒരു വലിയ ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ആനന്ദവും സാഹസികതയും ഞങ്ങള്‍ അറിഞ്ഞു. ഷൂട്ടിങ്ങ് തീര്‍ന്നപ്പോള്‍ സഹപ്രവര്‍ത്തകരുടെ തളര്‍ന്ന മുഖങ്ങളില്‍ വിരിഞ്ഞ ചിരി ഞങ്ങള്‍ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും എന്റെ നന്ദി.
കുഞ്ഞാലി മരയ്ക്കാറുടെ ചിത്രീകരണം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഒരു വര്‍ഷത്തോളം നീണ്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ബാക്കികിടക്കുന്നു. വലിയ സ്വപ്നങ്ങളൊന്നും പെട്ടന്ന് പൂര്‍ത്തിയാവില്ല എന്ന് തിരിച്ചറിഞ്ഞ് ഞങ്ങള്‍ യാത്ര തുടരുകയാണ്… കുഞ്ഞാലി മരയ്ക്കാര്‍ക്ക് ഞങ്ങളാല്‍ കഴിയും വിധം സ്മാരകം തീര്‍ക്കാന്‍… മരയ്ക്കാരെ മലയാളി ഉള്ളിടത്തോളം കാലം മറക്കാതിരിക്കാന്‍.
അവസാന ഷോട്ടുമെടുത്ത് തീര്‍ന്നപ്പോള്‍ സിനിമയിലെ അവസാന രംഗത്ത് മരയ്ക്കാര്‍ പറയുന്ന വാചകമായിരുന്നു എന്റെ മനസ്സില്‍. കൊലമരത്തില്‍ മുഴങ്ങിയ ആ വാചകം ഒരു യഥാര്‍ഥ രാജ്യസ്‌നേഹിക്ക് മാത്രമേ പറയാന്‍ സാധിക്കൂ. ആ വാചകം ഞാനിവിടെ പറയുന്നില്ല. എഴുതുന്നുമില്ല. നിങ്ങള്‍ക്ക് മുന്നില്‍ തിരശ്ശിലയില്‍ വന്ന് കുഞ്ഞാലി മരയ്ക്കാര്‍ തന്നെ അത് പറയട്ടെ. അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പറയും ഇയാള്‍ കുഞ്ഞ് ആലിയല്ല… വലിയ ആലി മരയ്ക്കാറാണെന്ന്… മരണമില്ലാത്ത മനുഷ്യന്‍ ആണെന്ന്… മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണെന്ന്.
സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…