മലയാളികൾ അധികം കണ്ടിട്ടില്ലാത്ത ഒരു ജീവിയാണ് നീരാളി. എങ്കിൽ തന്നെയും നീരാളി എന്ന പേര് കേൾക്കുമ്പോൾ തന്നെ അറിയാതെ ഒരു ഭയം ഏവരുടെയും ഉള്ളിൽ ഉത്ഭവിക്കുകയും ചെയ്യുന്നുണ്ട്. ആ ഒരു ഭയത്തിനെ ആകാംക്ഷയും ടെൻഷനും സസ്‌പെൻസും പ്രണയവും നർമവുമെല്ലാം ചേർത്ത് ഒരു വ്യത്യസ്ഥ പരീക്ഷണം. അതാണ് നീരാളി എന്ന സിനിമ. ബോളിവുഡിൽ തന്റെ കഴിവ് തെളിയിച്ച സംവിധായകൻ അജോയ് വർമ്മ മലയാളത്തിലേക്കുള്ള തന്റെ അരങ്ങേറ്റം വളരെയധികം വെല്ലുവിളി ഉതിർക്കുന്ന ഒരു ചിത്രത്തിലൂടെ തന്നെയാണ് നടത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കഥാപാത്രങ്ങളെക്കാൾ പ്രാധാന്യം കഥക്കും ഭയം എന്ന വികാരത്തിനുമാണ് സംവിധായകൻ പകർന്ന് നൽകിയിരിക്കുന്നത്. അത് തന്നെയാണ് നീരാളിയെ ഒരേ സമയം വെല്ലുവിളി ഉയർത്തുന്ന ചിത്രവും വേറിട്ട് നിൽക്കുന്ന ചിത്രവുമാക്കുന്നത്.
ജെമ്മോളജിസ്റ്റായ സണ്ണി ജോർജ് ബാംഗ്ലൂരാണ് വർക്ക് ചെയ്യുന്നത്. ഭാര്യ മേരിക്കുട്ടിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ സണ്ണിക്ക് എത്രയും വേഗം കോഴിക്കോട് ചെല്ലണം. അതിനാൽ നാട്ടിലേക്ക് ഒരു ലോഡുമായി പുറപ്പെടുന്ന സുഹൃത്ത് വീരപ്പയോടൊപ്പം സണ്ണി യാത്ര തുടങ്ങുന്നു. യാത്രയിലുടനീളം ഇരുവരും തങ്ങളുടെ കഥകളും പരിഭവങ്ങളുമെല്ലാം നർമ്മത്തിന്റെ സഹായത്തോടെ പങ്കുവെക്കുകയും ചെയ്യുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടം ഇരുവരെയും മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലുള്ള നൂൽപ്പാലത്തിൽ നിർത്തുന്നു. രക്ഷപ്പെടാനുള്ള പഴുതുകൾ ഓരോന്നോരോന്നായി അടയപ്പെടുകയും ചെയ്യുകയാണ്. അവിടെ മുതൽ പ്രേക്ഷകന്റെ മനസ്സിലും ഭയവും ടെൻഷനും നിറച്ച് നീരാളിപ്പിടുത്തം മുറുകുന്നു. മലയാളത്തിലെ ലക്ഷണമൊത്ത ഒരു സർവൈവൽ ത്രില്ലർ എന്ന് നിസംശയം പറയാവുന്ന ചിത്രമാണ് ഇത്. പ്രേക്ഷകന്റെ മനസ്സിന് ഉള്ളിലൂടെ സഞ്ചരിക്കുന്ന ഇത്തരത്തിൽ ഒരു ചലച്ചിത്രഭാഷ്യം മലയാളത്തിൽ തന്നെ ആദ്യമായിട്ടാണ്.
സണ്ണി ജോർജ് എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ വികാരതീവ്രതയോടും അഭിനയപൂർണതയോടും കൂടി അവതരിപ്പിക്കുവാൻ മോഹൻലാലിന് സാധിച്ചു. ടെൻഷനും പ്രണയവും നർമവുമെല്ലാം പ്രേക്ഷകനെ അങ്ങേയറ്റം ഇഷ്ടപ്പെടുത്തുന്ന രീതിയിൽ തന്നെയാണ് സണ്ണി ജോർജ് എന്ന കഥാപാത്രം എത്തിയിരിക്കുന്നത്. ചില അഭിനയമുഹൂർത്തങ്ങൾ പകരം വെക്കാനില്ലാത്തവ തന്നെയാണ്. മോഹൻലാൽ എന്ന നടനോ സണ്ണി ജോർജ് എന്ന കഥാപാത്രമോ അല്ല പ്രേക്ഷകന് കൂടുതൽ അടുത്തറിയുവാൻ സാധിച്ചത്, മറിച്ച് ആ കഥാപാത്രം കടന്നുപോകുന്ന സന്ദർഭങ്ങളും മാനസികവ്യഥകളുമാണ്. വലിയൊരു ഇടവേളക്ക് ശേഷം മോഹൻലാൽ – നാദിയ മൊയ്‌തു കൂട്ടുക്കെട്ട് സ്‌ക്രീനിൽ കാണുവാനും സാധിച്ചതിൽ പ്രേക്ഷകർ സന്തുഷ്ടരാണ്. മോളിക്കുട്ടിയെ സങ്കടപ്പെടുത്തരുതെന്ന് പ്രേക്ഷകനും തോന്നിപ്പോകും. കുട്ടൻപിള്ളയുടെ ശിവരാത്രിക്ക് ശേഷം സുരാജ് വെഞ്ഞാറമൂടിനെ വീണ്ടും അഭിനയപ്രാധാന്യമുള്ള ഒരു വേഷത്തിൽ കണ്ടിരിക്കുകയാണ് നീരാളിയിലെ വീരപ്പയിലൂടെ. ഉള്ളിലെ സങ്കടം പുറമേ കാണിക്കാത്ത ഒരു കഥാപാത്രം. പാർവതി നായർ അവതരിപ്പിച്ച നൈനയും പ്രേക്ഷകന് മനുഷ്യമനസ്സിന്റെ വേറൊരു തലത്തെ ഓർമപ്പെടുത്തി തന്നു. ദിലീഷ് പോത്തൻ, നാസർ, ബിനീഷ് തുടങ്ങിയവരും അവരുടെ റോളുകൾ മനോഹരമാക്കിയിട്ടുണ്ട്.
പ്രേക്ഷകന്റെ മനസ്സിൽ കൂടി സഞ്ചരിക്കുന്ന ചിത്രമെന്നതിനൊപ്പം തന്നെ മികച്ച വിഎഫ്എക്സ് വർക്കിലൂടെ പ്രേക്ഷകന്റെ കണ്ണുകൾക്കും നല്ലൊരു അനുഭൂതി പകരുവാൻ ചിത്രത്തിനായി. ഇത്രയധികം വിഎഫ്എക്സ് വർക്ക് മലയാളത്തിൽ മറ്റൊരു ചിത്രത്തിലും കാണാൻ സാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. ചിത്രത്തിന്റെ മറ്റൊരു ശക്തമായ ഘടകമായി നിലകൊള്ളുന്നത് ചിത്രത്തിന്റെ തിരക്കഥ തന്നെയാണ്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പല സംഗതികളും തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തന്നെയും ചില സംഭാഷണങ്ങളിൽ ഒരു കൃത്രിമത്വം അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. ആസ്വാദകരെ പിടിച്ചിരുത്തുന്ന ചിലതൊക്കെ വിട്ടുപോയിട്ടുണ്ടോയെന്നും ചിത്രം കാണുമ്പോൾ ഒരു സംശയം ജനിക്കുന്നുണ്ട്. എന്നാൽ അവയെല്ലാം നിസാരമാക്കുന്നതാണ് സന്തോഷ് തുണ്ടിയിൽ തീർത്ത ക്യാമറ വർക്ക്. സ്റ്റീഫൻ ദേവസ്സി ഒരുക്കിയ ഗാനങ്ങളും അതിൽ ഏറെ പങ്കു വഹിച്ചു. പ്രേക്ഷകരുടെ ആസ്വാദനത്തെ ഏറെ വിലകല്പിക്കുന്ന രീതിയിൽ അജോയ് വർമയുടെയും സജിത്ത് ഉണ്ണികൃഷ്ണന്റെയും എഡിറ്റിംഗ് ചിത്രത്തെ മനോഹരമാക്കുകയും ചെയ്‌തു. ഭയം എന്ന വികാരവും അതിജീവനം എന്ന വിജയത്തിന്റെ മന്ത്രവും വേറിട്ട രീതിയിൽ അനുഭവവേദ്യമാക്കുന്ന നീരാളി മലയാള സിനിമ ലോകത്തിലെ പരീക്ഷണങ്ങളിൽ ഒരു മുതൽക്കൂട്ട് തന്നെയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…