കോണ്‍ഗ്രസ് പിഷാരടിയെ ഇറക്കി മുന്‍മന്ത്രി കെ ബാബു പരാജയപ്പെട്ട തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാന്‍ ആലോചിക്കുന്നു.കഴിഞ്ഞ ദിവസമാണ് പിഷാരടി രാഷ്ട്രീയ ചായ്വ് വ്യക്തമാക്കി കോണ്‍ഗ്രസിനൊപ്പമെന്ന് അറിയിച്ചത്. കെ ബാബുവിനെ പരാജയപ്പെടുത്തി നിയമലസഭയിലെത്തിയ എം സ്വരാജില്‍നിന്നും മണ്ഡലം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. തൃപ്പൂണിത്തുറയില്‍ പിഷാരടിയെ മത്സരിപ്പിച്ചാലോ എന്ന് പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന് മലയാള മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിഷാരടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തീര്‍ത്തുപറഞ്ഞിരുന്നു. മത്സരിക്കില്ലെന്നും അക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞത്.സജീവ രാഷ്ട്രീയത്തിന് പുറമെയുള്ളവരെ ഇറക്കി നേട്ടം കൊയ്യാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ധര്മ്മജന് ബോള്‍ഗാട്ടിയുടെ പേര് ബാലുശ്ശേരി അടക്കം പല മണ്ഡലങ്ങളില്‍ പരിഗണിക്കുന്നുണ്ട്. ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തിയ സംവിധായകന് മേജര്‍ രവിക്കും സീറ്റ് നല്‍കിയേക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസ് കേന്ദ്രത്തിലെത്തി മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ജസ്റ്റിസ് കെമാല്‍ പാഷയും പരിഗണനാ പട്ടികയിലുണ്ട്. തൃക്കാക്കരയിലേക്കും കളമശ്ശേരിയിലേക്കുമാണ് കെമാല്‍ പാഷയുടെ പേര് ഉയരുന്നത്. എന്നാല്‍, കളമശ്ശേരി ലീഗിന്റെ സിറ്റിങ് സീറ്റായതിനാല്‍ മണ്ഡലം വിട്ടുകൊടുക്കാന്‍ ലീഗ് തയ്യാറായേക്കില്ല. തൃക്കാക്കരയില്‍ സിറ്റിങ് എംഎല്‍എ പിടി തോമസിനെ മാറ്റി രാഷ്ട്രീയത്തില്‍ പുതുമുഖമായ കെമാല്‍ പാഷയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവുമോ എന്നതും സംശയത്തിലാണ്.