ചിരിക്കാൻ തരുന്നതിനൊപ്പം ഏറെ ചിന്തിപ്പിക്കാനും തരുന്നതാണ് ജയസൂര്യ – രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ ഇറങ്ങിയിട്ടുള്ള ഓരോ ചിത്രങ്ങളും. ആ നിരയിലേക്ക് ചേർത്തുവെക്കാവുന്ന ഒരു ചിത്രം തന്നെയാണ് പ്രേതം 2. സാധാരണ ഹൊറർ ചിത്രങ്ങളിൽ കാണുന്നതിനുമപ്പുറം സമകാലീനവും കാലികപ്രസക്തവുമായ ഒരു വിപത്തിലേക്ക് കൈ ചൂണ്ടി സംസാരിക്കുന്നുണ്ട് പ്രേതവും ജോൺ ഡോൺ ബോസ്‌കോയും. നന്നായി തന്നെ പേടിപ്പിക്കുവാൻ ഉള്ള ഘടകങ്ങൾക്ക് ഒപ്പം തന്നെ നന്നായി ചിരിക്കാനും അതിലേറെ ചിന്തിക്കാനും ഏറെ സമ്മാനിക്കുന്നുണ്ട് ഈ ചിത്രം. രഞ്ജിത്ത് ശങ്കർ എന്ന സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രമെന്ന് തീർത്ത് പറയുവാൻ സാധിക്കുന്ന ഒരു ചിത്രം തന്നെയാണ് പ്രേതം 2. മലയാള സിനിമയിലെ വളരെയധികം കൈയ്യടികളുടെ നൊസ്റ്റാൾജിയ കൂടിയായ വരിക്കാശ്ശേരി മന എന്ന ലൊക്കേഷനും പ്രേതത്തെ പ്രേക്ഷകരിലേക്ക് ഏറെ അടുപ്പിക്കുന്നുണ്ട്.
കായകല്പം ചികിത്സക്കായി മംഗലശ്ശേരി മനയിൽ എത്തിയതാണ് പ്രശസ്ത മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്കോ. അതേ സമയം ഒരു കൂട്ടം ചെറുപ്പക്കാർ ഒരു ഷോർട്ട് ഫിലിം നിർമിക്കാനായി മനയിലേക്ക് എത്തിച്ചേരുന്നു. ഒരു കുടുംബം പോലെ താമസിച്ച് ഷോർട്ട് ഫിലിം നിർമാണം പുരോഗമിക്കവേ അസ്വാഭാവികമായ ചില സംഭവങ്ങൾ അവിടെ അരങ്ങേറുന്നു. ദുർമരണം സംഭവിച്ച ഒരു തമ്പുരാന്റെ ആത്മാവിന്റെ സാന്നിധ്യം സംശയിച്ച ജോൺ ഡോൺ ബോസ്കോക്കും സംഘത്തിനും മുന്നിൽ വെളിവാക്കപ്പെട്ടത് മറ്റു ചില രഹസ്യങ്ങളാണ്. ആ രഹസ്യങ്ങളുടെ പൊരുൾ തേടിയുള്ള യാത്രയാണ് പ്രേതം 2വിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. നിഗൂഢതകളും അത്ഭുതങ്ങളും എപ്പോഴും കൈമുതലായ ജോൺ ഡോൺ ബോസ്കോ എന്ന കഥാപാത്രത്തെ രണ്ടാം വരവിൽ വളരെ മനോഹരമായി തന്നെ ജയസൂര്യ കൈകാര്യം ചെയ്തിട്ടുണ്ട്. മൊട്ടതലയും താടിയും ഗ്ലാസ്സുമെല്ലാമായി ആ ലുക്ക് തന്നെ ഏറെ വ്യത്യസ്തമാണ്. ചിത്രത്തിലുടനീളം നിറഞ്ഞ് നിന്ന് കഥാഗതിയെ അതിന്റെ പൂർണതയിൽ തന്നെ നിയന്ത്രിക്കുന്ന ആ കഥാപാത്രത്തെ ചെറിയ ചലനങ്ങളിൽ കൂടി പോലും ഏറെ ഹൃദ്യമാക്കുവാൻ ജയസൂര്യക്ക് സാധിച്ചിട്ടുണ്ട്.
ഷോർട്ട് ഫിലിം ചിത്രീകരിക്കാൻ മനയിലെത്തിയ അഞ്ചംഗസംഘം തന്നെയാണ് ഏറെ പൊട്ടിച്ചിരിപ്പിക്കുവാൻ മുന്നിൽ നിൽക്കുന്നത്. അമിത് ചക്കാലക്കലുടെ തപസ്, സിദ്ധാർഥ് ശിവയുടെ രാമാനന്ദ്, ഡെയ്ൻ അവതരിപ്പിച്ച ജോഫിൻ ടി ചാക്കോ, ദുർഗ കൃഷ്ണയുടെ അനു തങ്കം പൗലോസ്, സാനിയ ഇയ്യപ്പന്റെ നിരഞ്ജന എന്നിങ്ങനെ ഓരോരുത്തരും അവരുടെ കഥാപാത്രങ്ങൾ മനോഹരമാക്കാൻ ഉള്ള മത്സരത്തിൽ തന്നെയാണ്. ലാലേട്ടൻ ഡയലോഗുകളുടെ ഒരു ഉത്സവം തന്നെ തീർത്ത് ഏറെ പൊട്ടിച്ചിരിപ്പിച്ചു മുന്നിൽ നിൽക്കുന്നത് സിദ്ധാർഥ് ശിവയുടെ റോൾ തന്നെയാണ്. ഡെയ്ൻ അവതരിപ്പിച്ച ജോഫിനും കൂടെ ചേർന്നപ്പോൾ ചിരികളുടെ ലെവൽ വേറെയായി. ജയരാജ് വാര്യർ, രാഘവൻ, മുത്തുമണി എന്നിവരും അവരുടെ റോളുകൾ ഏറെ മനോഹരമാക്കിയിട്ടുണ്ട്. പിന്നെ ഡെന്നിക്കും പ്രിയനും ഷിബുവിനും ഒരു മാറ്റവും ഇല്ലെന്നതാണ് ആശ്വാസം…!
സംവിധായകൻ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്നതിനാൽ എന്താണ് പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ ഉള്ളതെന്ന് വ്യക്തമായ ഒരു ബോദ്ധ്യമുണ്ടായിരുന്നെന്ന് ചിത്രത്തിലുടനീളം തെളിഞ്ഞു കാണാം. എന്നാൽ തന്നെയും ആദ്യപകുതിയിൽ തീർത്ത ഭയത്തിന്റെ തീവ്രത രണ്ടാം പകുതിയിൽ അല്പം കുറവ് വന്നിട്ടുണ്ടോ എന്നൊരു സംശയം ജനിക്കുന്നുണ്ട്. കൂടാതെ സാമൂഹിക പ്രസക്തിയുള്ള ഒരു ക്ലൈമാക്സ് ആയിട്ട് കൂടി എന്തോ ഒരു തട്ടിക്കൂട്ടൽ പ്രേക്ഷകർക്ക് അനുഭവവേദ്യം ആകുന്നുണ്ട്. ആ ഒരു ഫീലിൽ തീയ്യറ്റർ വിടാൻ ഒരുങ്ങിയ പ്രേക്ഷകർക്ക് അപ്രതീക്ഷിതമായി എത്തിയ മൂന്ന് അതിഥികൾ നല്ലൊരു ചിരി സമ്മാനിച്ചു. വരിക്കാശ്ശേരി മനയുടെ ഭംഗിയെ ഏറെ മനോഹരമാക്കി ഒപ്പിയെടുക്കുവാൻ തന്റെ ക്യാമറക്കണ്ണുകൾ കൊണ്ട് വിഷ്ണു നാരായണന് സാധിച്ചിട്ടുണ്ട്. ആനന്ദ് മധുസൂദനൻ ഒരുക്കിയ സംഗീതവും വി സാജന്റെ എഡിറ്റിംഗ് കൂടി ഒത്തുചേർന്നപ്പോൾ പ്രേതം 2 പ്രേക്ഷകർക്ക് നല്ലൊരു അനുഭവമായി തീർന്നിരിക്കുകയാണ്. ചിരിക്കാനും ഒന്നിരുത്തി ചിന്തിക്കാനുമുള്ള ഒരു അനുഭവം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…