ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവർക്ക് മുന്നിലേക്ക് ഒരു പേര് തീർത്ത വിവാദങ്ങളുടെയും നിയമയുദ്ധങ്ങളുടെയും പരിണിത ഫലമായി എത്തിച്ചേർന്നിരിക്കുന്ന ചിത്രമാണ് എസ് ദുർഗയായി ലോപിച്ച് എത്തിയ സെക്സി ദുർഗ. അങ്ങനെ ഉച്ചരിക്കുന്നതിലും സെൻസറിങ് പ്രശ്‌നം ഉണ്ടോയെന്നറിയില്ല. എന്തായാലും അത് എസ് ദുർഗ തന്നെയായി നിലകൊള്ളട്ടെ. നിരൂപകപ്രശംസ നേടിയ ഒരാൾപൊക്കം, 2015ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ഒഴിവു ദിവസത്തെ കളി എന്നീ ചിത്രങ്ങൾക്ക് ശേഷം സനൽകുമാർ ശശിധരൻ ഒരുക്കുന്ന ചിത്രമാണ് എസ് ദുർഗ. ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തിരക്കഥ കത്തിച്ചു കളയുന്ന കാലത്ത് തിരക്കഥയോ കഥയോ പോലുമില്ലാതെ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. സ്ത്രീയുടെ മൂർത്തിമദ്ഭാവമായ ദേവിക്കായി സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുകയും ഭക്തിയുടെ പേരിൽ ദേവിക്കായി എന്തും ചെയ്യുന്ന മനുഷ്യന്റെ ദേവിയുടെ അതേ രൂപവും ഭാവവും, ഇവിടെ പേരും അത് തന്നെയാണ്, ഉള്ള സ്ത്രീയെ വെറും ഉപഭോഗവസ്തുവായി കരുതുന്ന, ക്രൂരമായി പ്രവർത്തിക്കുന്ന മനോവൈകല്യത്തെ എസ് ദുർഗ ചോദ്യം ചെയ്യുന്നു. അസ്വസ്ഥതപ്പെടുത്തുന്ന ആ ചോദ്യം കണ്ടില്ലെന്ന് നടിക്കാനുമാകില്ല.
തെക്കൻ കേരളത്തിലെ അന്ധകാരം അതിന്റെ രൗദ്രഭാവത്തോടെ നിറഞ്ഞു നിൽക്കുന്ന ഒരു രാത്രി. റോഡിൽ കൂടി നടന്നു വരുന്ന ഒരു പുരുഷനും സ്ത്രീയും. ദേവിയുടെ നാമം സ്വന്തമായുള്ള ദുർഗയും (രാജശ്രീ ദേശ്പാണ്ഡെ) സുഹൃത്ത് കബീറും (കണ്ണൻ നായർ) അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ള യാത്രയിലാണ്. രാത്രിയെന്ന ഭയവും ആരിൽ നിന്നോ രക്ഷപ്പെടാനുള്ള ഒരു വ്യഗ്രതയും ഇരുവരുടെയും മുഖത്തുണ്ട്. പല വാഹനങ്ങൾക്കും കൈ കാണിച്ചിട്ടും ആരും നിർത്തിയില്ല. അവസാനം ഒരു ഓമ്നി വാൻ അവർക്ക് ലിഫ്റ്റ് കൊടുക്കുന്നു. അതിലുള്ള രണ്ടു പേരും പിന്നീട് അവരോടൊപ്പം ചേരുന്ന വേറെ രണ്ടുപേരും കബീറിന്റെയും ദുർഗയുടെയും ഭയത്തോടൊപ്പം പ്രേക്ഷകന്റെ ഭയത്തെയും ഇരട്ടിപ്പിക്കുന്നുണ്ട്. കാളിദേവിയെ പ്രീതിപ്പെടുത്താൻ സ്വയം ശരീരത്തിൽ മുറിവേൽപ്പിക്കുകയും ഗരുഡൻ തൂക്കമെന്ന ആചാരങ്ങളെയുമെല്ലാം ചിത്രത്തിന്റെ തുടക്കത്തിൽ കാണിക്കുന്നുണ്ടെങ്കിലും അതിന്റെ ആവശ്യകത മനസ്സിലാകുന്നത് ചിത്രം അതിന്റെ അവസാനത്തോട് അടുക്കുമ്പോഴാണ്.
ദൈർഘ്യമേറിയ സീനുകളും ഇരുൾ നിറഞ്ഞ രാത്രിയിൽ മാത്രം നടക്കുന്ന രംഗങ്ങളും പ്രേക്ഷകർക്ക് അരോചകമായി തോന്നുമെങ്കിലും ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന പ്രമേയം അവയെ തുടച്ചു നീക്കുവാൻ സഹായിക്കുന്നുണ്ട്. അതിനെല്ലാമപ്പുറത്ത് ഈ ചിത്രം ഓരോ പ്രേക്ഷകനേയും അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്ന വസ്തുതയാണ് വിസ്മരിക്കാനാവാത്തത്. കണ്ടിറങ്ങിയ ശേഷവും ദുർഗ പ്രേക്ഷകനോട് സംവദിക്കുവാൻ ആഗ്രഹിച്ചത് എന്താണോ അത് അവന്റെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്നു. അത് തന്നെയാണ് സംവിധായകനും ആവശ്യപ്പെടുന്നത്. ഒരു പക്ഷേ ബുദ്ധിജീവി ചമഞ്ഞിട്ടും സിനിമയിൽ ഇടിയും പാട്ടുമൊന്നും ഇല്ലെന്ന് പറഞ്ഞ് വാശി പിടിക്കുന്നവർക്ക് ആ ഒരു അസ്വസ്ഥത അനുഭവിക്കുവാൻ സാധിച്ചെന്നു വരില്ല. പ്രതാപ് ജോസഫിന്റെ ക്യാമറയും ബേസിൽ ജോസഫിന്റെ സംഗീതവും സംവിധായകൻ സനൽകുമാർ ശശിധരന്റെ തന്നെ എഡിറ്റിംഗ് കൂടിയായപ്പോൾ മാറുന്ന ചലച്ചിത്രമുഖത്തിന്റെ പുത്തൻ ഭാവവുമായെത്തിയ എസ് ദുർഗ പ്രേക്ഷകനോട് വ്യക്തമായ ഭാഷയിൽ തന്നെ പറയാനുള്ളത് പറയുന്നു. എസ് ദുർഗയും ഇന്ത്യയുടെ ഒരു മുഖം തന്നെയാണ്… മറ്റാരെയും കാണിക്കുവാൻ നാം ആഗ്രഹിക്കാത്ത എന്നാൽ യാഥാർഥ്യം അല്ലെന്ന് നമുക്ക് വാദിക്കുവാൻ കഴിയാത്തതുമായ ഒരു മുഖം…
NB : സാധാരണ റിലീസിനൊപ്പം സമാന്തര റിലീസ് നടത്തിയ സിനിമ സംഘടനകൾക്കും മറ്റു ഫിലിം സൊസൈറ്റികൾ, കോളേജ് ഫിലിം ക്ലബ്ബുകൾ, കലാ സാംസ്കാരിക സംഘടനകൾ എന്നിങ്ങനെയുള്ള പ്രാദേശിക കൂട്ടായ്മകൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…