മലയാളികളുടെ നൊസ്റ്റാൾജിയ എടുത്താൽ അതിൽ ഏതെങ്കിലും ഒരു ബേക്കറിയും അവിടെയുള്ള നാരങ്ങാവെള്ളവും പഫ്സുമെല്ലാം ഉണ്ടാകും. അത് പറഞ്ഞറിയാക്കാനാവാത്ത ഒരു ഫീൽ തന്നെയാണ്. അത്തരത്തിൽ ഉള്ള മലയാളിയുടെ ഗൃഹാതുരത്വങ്ങൾക്കൊപ്പം മനോഹരവും ജീവിതഗന്ധിയുമായ ഒരു കഥ പറഞ്ഞിരിക്കുന്ന ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. രണ്ടു സഹോദരങ്ങൾ തമ്മിലുള്ള വൈകാരികമായ പോരാട്ടത്തോടൊപ്പം തന്നെ വേറെ ചിലതും ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. അരുൺ ചന്ദു എന്ന യുവസംവിധായകനിൽ നിന്നും മലയാള സിനിമക്ക് ഇനിയുമേറെ പ്രതീക്ഷിക്കാം.
ബോബിനും ബെറ്റ്സിയും റാന്നിയിൽ അവരുടെ അപ്പന്റെ പേരിലുള്ള സാജൻ ബേക്കറി എന്ന സ്ഥാപനം വർഷങ്ങളായി നടത്തിക്കൊണ്ടുവരുന്ന സഹോദരങ്ങളാണ്. അൽപം ദേഷ്യക്കാരനും ബേക്കറി ബിസിനസ്സിൽ താല്പര്യം ഇല്ലാത്തവനുമാണ് ബോബിൻ. എങ്ങനെയെങ്കിലും ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യണമെന്നാണ് ബോബിന്റെ ലക്ഷ്യം. ബെറ്റ്സിയാകട്ടെ തന്റെ ജീവിതപ്രശ്നങ്ങളിൽ നിന്നും ഒരു മോചനമാണ് ബേക്കറിയിലെ ജോലികളിൽ നിന്നും ആഗ്രഹിക്കുന്നത്. കരുതലല്ല എല്ലാം തുറന്നു പറയുവാനൊരിടമാണ് താൻ ആഗ്രഹിക്കുന്നതെന്ന ബെറ്റ്സിയുടെ വാക്കുകളിൽ നിന്ന് തന്നെ ആ കഥാപാത്രം കടന്നുപോകുന്ന അവസ്ഥ വ്യക്തമാണ്. ഇരുവരും തമ്മിൽ പുറമേ വഴക്കും ബഹളവുമാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഇരുവർക്കും പരസ്പരം വലിയ കരുതലും സ്‌നേഹവുമാണ്. ഇരുവർക്കും നടുവിൽ എല്ലാം കണ്ടും കേട്ടും അമ്മാച്ചനും ജീവിക്കുന്നു. ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പല പ്രശ്‌നങ്ങളും അവക്കെല്ലാം കണ്ടെത്തുന്ന പരിഹാരവുമാണ് ചിത്രത്തിന്റെ പ്രമേയം.
കമലക്ക് ശേഷം അജു വർഗീസ് നായകനാകുന്ന ഈ സാജൻ ബേക്കറിയിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടിരിക്കുന്നത് അജുവിന്റെ സാജൻ എന്ന കഥാപാത്രത്തെയാണ്. വൈകാരികമായ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ആ കഥാപാത്രത്തെ മനോഹരമാക്കുവാൻ അജുവിന് സാധിച്ചിട്ടുണ്ട്. ബോബിൻ എന്ന കഥാപാത്രത്തേയും അജു പ്രേക്ഷകർക്ക് ഇഷ്‌ടപ്പെടുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യം കുറച്ചു കൃതിമത്വം ബോബിൻ എന്ന കഥാപാത്രത്തിൽ അനുഭവപ്പെട്ടിരുന്നെങ്കിലും പിന്നീട് അതിനെ അതിജീവിക്കുന്ന കാഴ്ച്ച നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. ബെറ്റ്സി എന്ന കഥാപാത്രം ലുക്ക് കൊണ്ടും അഭിനയം കൊണ്ടും ലെനയുടെ കൈയ്യിൽ ഭദ്രമായിരുന്നു. ബേക്കറി പലഹാരങ്ങൾക്കൊപ്പം തന്നെ കപ്പ, ബീഫ് തുടങ്ങിയ ഭക്ഷണങ്ങൾ ഒരുക്കിയും പ്രേക്ഷകരുടെ വായിൽ കപ്പലോടിക്കുവാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. അമ്മാച്ചനായി ഗണേഷ് കുമാറിൽ നിന്നും ഈ അടുത്തൊന്നും കണ്ടിട്ടില്ലാത്ത വിധം കൈയ്യടി നേടുന്ന ഒരു പ്രകടനവും കാണുവാൻ സാധിച്ചു. രഞ്ജിത അവതരിപ്പിച്ച മെറിൻ എന്ന കഥാപാത്രം പ്രേക്ഷകന്റെ മനസ്സിൽ ഇടം പിടിച്ചെങ്കിലും ഇടക്കിടക്ക് എന്തിനാണ് പ്രേക്ഷകനോട് മാത്രമായി സംസാരിക്കുന്നത് എന്നത് ഒരു ചോദ്യചിഹ്നമായി തുടരുന്നു..! ഇടയിൽ വന്നുപോയ രമേഷ് പിഷാരടിയും ജാഫർ ഇടുക്കിയും ഭഗത് മാനുവലും എല്ലാം തന്നെ കഥാഗതിയിൽ സാരമായ മാറ്റം കൊണ്ട് വരികയും ചെയ്‌തു. ഗ്രേസ് ആൻറണിയുടെ കഥാപാത്രവും കൈയ്യടി അർഹിക്കുന്നു.
അരുൺ ചന്ദു, സച്ചിൻ ആർ ചന്ദ്രൻ, അജു വർഗീസ് എന്നിവർ ചേർന്നൊരുക്കിയ തിരക്കഥ പ്രേക്ഷകന് ചിരിക്കാനും ചിന്തിക്കാനും ഏറെ നൽകുന്നുണ്ട്. അതോടൊപ്പം തന്നെ ഇടയിൽ ഒരു ലാഗിങ്ങും ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. ഗുരു പ്രസാദ് എം ജിയുടെ സിനിമാറ്റോഗ്രഫിക്ക് തീർച്ചയായും കൈയ്യടി നൽകണം. ജീവിതക്കാഴ്ചകൾ ഒപ്പിയെടുക്കുന്നതിനോടൊപ്പം തന്നെ കൊതിയൂറും രീതിയിൽ ബേക്കറിക്കാഴ്ച്ചകളും സമ്മാനിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. എങ്കിലും ഉറുമ്പുകൾ പോകുന്നത് പോലെയുള്ള ചില ക്ലോസപ്പ് ഷോട്ടുകൾ അനാവശ്യമായി കൂട്ടിച്ചേർത്തത് ഒരു കല്ലുകടിയായി നിൽക്കുന്നു. പ്രശാന്ത് പിള്ളൈ ഒരുക്കിയ ഗാനങ്ങളെല്ലാം തന്നെ മനോഹരമാണ്. അരവിന്ദ് മന്മഥന്റെ എഡിറ്റിംഗും അഭിനന്ദനാർഹമാണ്. കുടുംബപ്രേക്ഷകർക്ക് യാതൊരു സങ്കോചവും കൂടാതെ കയറിചെല്ലാവുന്ന ഒരു മനോഹരവിരുന്ന് തന്നെയാണ് സാജൻ ബേക്കറിയിൽ ഒരുക്കിയിരിക്കുന്നത്. മനസ്സ് നിറച്ച് കണ്ടിറങ്ങാം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…