മഹാവീര്യരിൽ ഒരു വേഷം ചെയ്യാമോയെന്ന് തന്നോട് ചോദിച്ചിരുന്നുവെന്ന് ശ്രീജിത്ത് പണിക്കർ..!

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന എബ്രിഡ് ഷൈൻ – നിവിൻ പോളി – ആസിഫ് അലി ചിത്രം മഹാവീര്യരിൽ ഒരു വേഷം ചെയ്യാമോയെന്ന് സംവിധായകൻ ചോദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ശ്രീജിത്ത് പണിക്കർ. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ആ പോസ്റ്റ് ഇങ്ങനെ.. നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന ഉഗ്രപ്രതാപിയായ ഒരു രാജാവ് തന്റെ പ്രജകളിൽ നിന്ന് നേരിട്ട നിയമപ്രശ്നത്തെ ആധുനികകാലത്തെ കോടതി നടപടികൾ വഴി പരിഹരിക്കാൻ ശ്രമിക്കുകയാണ് ‘മഹാവീര്യർ’. അസംഭവ്യമായ ഒരു സാഹചര്യത്തിൽ വർത്തമാനകാല യുക്തി എങ്ങനെ പ്രവർത്തിക്കും എന്ന കൗതുകത്തിനാണ് സിനിമയിൽ പ്രാധാന്യം. ഇന്ത്യാ വിഭജനം നടന്നിരുന്നില്ലെങ്കിൽ…, പദ്മരാജൻ ഇന്നും ജീവിച്ചിരുന്നെങ്കിൽ…, എന്നൊക്കെയുള്ള ചിന്തകൾ ഭാവനകൾക്ക് ചിറകു മുളപ്പിക്കുന്നതു പോലെയുള്ള ഒരു “what if” കൗതുകം. അയഥാർത്ഥമെങ്കിലും ഇത്തരം കഥകളിൽ ഇരു കാലഘട്ടങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുണ്ടാവണം. ആ കണ്ണിയാണ് സിദ്ധനായ അപൂർണ്ണാനന്ദൻ. ഒരേസമയം നിയമജ്ഞനും നീതിമാനും കള്ളനും സരസനും ബുദ്ധിമാനും പണ്ഡിതനും മാന്ത്രികനും ഒക്കെയായി പലതരം ലഹരി നുകർന്ന് അപൂർണ്ണതയിൽ ആനന്ദം കണ്ടെത്തുന്നവൻ. രണ്ടാം പകുതിയിൽ മാത്രം പറഞ്ഞുതുടങ്ങുന്ന കഥയിലേക്ക് അപൂർണ്ണാനന്ദനെ വിളക്കിച്ചേർക്കുന്ന ജോലി മാത്രമാണ് ‘മഹാവീര്യരു’ടെ ഒന്നാം പകുതിയിലെ പഞ്ചലോഹ വിഗ്രഹത്തിനുള്ളത്.

ഭരണാധികാരി നിയമത്തിന് അതീതനാണെന്ന സങ്കല്പം ചില പരിഷ്കൃത സമൂഹങ്ങൾ പോലും ഇന്നും പിന്തുടരുന്നുണ്ട്. പലതിനും നാം മാതൃകയാക്കിയ ബ്രിട്ടനിൽ പോലും അതാണ് സ്ഥിതി. എന്നാൽ ദേശപാലകനായ രാജാവ് വിചാരണ ചെയ്യപ്പെടുകയും, അയാൾക്കെതിരെയുള്ള ആരോപണങ്ങൾ അയാളുടെ സാന്നിധ്യത്തിൽ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു ‘what if’ സാഹചര്യമാണ് ‘മഹാവീര്യർ’ മുന്നിൽ വയ്ക്കുന്നത്. പൗരാണിക – ആധുനിക കാലഘട്ടങ്ങളിൽ സ്ത്രീയോട് ഭരണ, നീതിന്യായ, നീതിനിർവഹണ സംവിധാനങ്ങൾ പുലർത്തുന്ന മനോഭാവമാണ് സിനിമയുടെ പ്രമേയം. തന്റെ ആവശ്യം നേടിയെടുക്കാൻ ഒരൊറ്റ വഴിയേയുള്ളൂ എന്നു ധരിക്കുന്ന ഒറ്റബുദ്ധിയായ രാജാവും, ഭാവനാശൂന്യനായി പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്ന ന്യായാധിപനും, കുറ്റബോധമില്ലാതെ ആജ്ഞകൾ ശിരസാ വഹിക്കുന്ന നിയമപാലകനുമെല്ലാം മറന്നുപോകുന്നത് നീതി എന്ന രണ്ടക്ഷരമാണ്. ഇന്നത്തെ ലെജിസ്ലേച്ചറും ജുഡീഷ്യറിയും എക്സിക്യൂട്ടീവും ഒക്കെ പരോക്ഷമായി വിമർശിക്കപ്പെടുന്നു. ധർമ്മച്യുതി നടന്ന കൗരവസഭയിൽ പ്രശ്നപരിഹാരത്തിന് പൂർണ്ണാനന്ദനായ ഭഗവാൻ അവതരിച്ചെങ്കിൽ, നൂറ്റാണ്ടുകൾക്കിപ്പുറം ലിഖിതനിയമങ്ങളുള്ള രാജവിചാരണയിൽ അപൂർണ്ണാനന്ദന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

സ്വന്തം കാര്യം മാത്രം മുഖ്യമെന്ന് കരുതുന്ന രാജാവിന്, സ്വന്തം കാര്യം മാത്രം മുഖ്യമെന്ന് കരുതുന്ന മന്ത്രി. ഈ അധികാര പ്രമത്തതയുടെയും സ്വാർത്ഥതയുടെയും നടുവിലാണ് രാജാവിനെതിരെ ബോധിപ്പിക്കുന്ന മൊഴി സത്യമാണെന്ന് രാജാവിനെക്കൊണ്ടുതന്നെ സത്യം ചെയ്യേണ്ടി വരുന്ന അവസ്ഥ സാധാരണക്കാരന് ഉണ്ടാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികപ്രശ്നവും, ഒരാളിന്റെ മുഖത്തുനിന്ന് പ്രണയം വായിച്ചെടുക്കാമോയെന്ന ധാർമ്മികപ്രശ്നവും, നീതിസംവിധാനത്തിലെ കാലത്തിന്റെ ഇടപെടലുമെല്ലാമാണ് ഈ വ്യവഹാരത്തെ വ്യത്യസ്തമാക്കുന്നത്. വിഭിന്ന കാലഘട്ടങ്ങളെ ഭംഗിചോരാതെ ഇണക്കിച്ചേർക്കാൻ ഛായാഗ്രഹണവും കലാസംവിധാനവും വസ്ത്രാലങ്കാരവും സംഗീതവുമെല്ലാം സംവിധായകനെ പരിധിയില്ലാതെ സഹായിച്ചിട്ടുണ്ട്. സ്വാഭാവികതയും അതിഭാവുകത്വവും ഒക്കെ തിരക്കഥ അഭിനയത്തിൽ ആവശ്യപ്പെടുന്നുണ്ട്. അസ്സലായ കോടതിരംഗങ്ങളിൽ നടൻ സിദ്ദിഖ് വിസ്മയിപ്പിച്ചു.

ഒരു കൗതുകം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ഏതാനും വർഷങ്ങൾക്കുമുൻപ് ഈ കഥ എന്നോടു പറയുമ്പോൾ ഇതിലൊരു വേഷം ചെയ്യുമോയെന്ന് എബ്രിഡ് ഷൈൻ എന്നോട് ചോദിച്ചു. എന്നാലത് ചെയ്യാനായില്ല. ‘ഞാനത് ചെയ്തിരുന്നെങ്കിലോ…’ എന്ന “what if” കൗതുകത്തിന് ഒരു സ്ഥാനവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് വീരസിംഹനായി വന്ന് കളം നിറഞ്ഞാടി മടങ്ങിയ വിജയ് മേനോൻ!
അപൂർണ്ണാനന്ദൻ വിഗ്രഹം കൊണ്ടുപോകാൻ വന്നവനല്ല. മനുഷ്യരെ കണ്ണീരു കുടിപ്പിക്കുന്ന ചില വിഗ്രഹങ്ങളെ ഉടച്ചെറിഞ്ഞ് ഭാവിയിലേക്കും ഭൂതകാലത്തിലേക്കും നടക്കാൻ വന്നവനാണ്. അനന്തം ബ്രഹ്മാഃ! 😊

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago