മോഹൻലാൽ അല്ലെങ്കിൽ ലാലേട്ടൻ… അത് ഒരു വികാരമാണ്. അതിനുമപ്പുറം മോഹൻലാൽ മലയാളികുടുംബങ്ങളിലെ ഒരു അംഗമാണ്. ഒരു ഏട്ടനായും അനുജനായും മകനായും സുഹൃത്തായുമെല്ലാം ഓരോ കുടുംബങ്ങളിലും ലാലേട്ടന്റെ സാന്നിധ്യം മലയാളികൾക്കുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലായി വിസ്മയങ്ങൾ തീർക്കുന്ന ലാലേട്ടന് ഉള്ള ഒരു സമ്പൂർണ സമർപ്പണമാണ് ‘സുവർണപുരുഷൻ’. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനയായ സുനിൽ പൂവേലിയാണ് ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഒരു പുതുമുഖത്തിന്റേതായ സങ്കോചങ്ങൾക്ക് യാതൊരിടവും നൽകാതെ പ്രേക്ഷകനെ തുടക്കം മുതൽ ഒടുക്കം വരെ ചിത്രത്തിൽ മുഴുകി ഇരിക്കത്തക്ക വിധം ഒരു അവതരണമാണ് സംവിധായകന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇനിയും കൂടുതൽ ചിത്രങ്ങൾ ഈ സംവിധായകനിൽ നിന്നും മലയാളിപ്രേക്ഷകർക്ക് ലഭിക്കാവാനുണ്ട് എന്നത് സ്പഷ്ടം.
ഇരിങ്ങാലക്കുടയിലെ “മേരിമാതാ” എന്ന തിയ്യേറ്ററിന്റെ ഉടമസ്ഥ മേരിക്കുഞ്ഞ് മോഹൻലാൽ എന്ന നടന്റെ ഒരു കടുത്ത ആരാധിക കൂടിയാണ്. റപ്പായിച്ചേട്ടനാണ് ആ തിയ്യേറ്ററിലെ പ്രൊജക്റ്റ് ഓപ്പറേറ്റർ. അയാളും ഒരു കടുത്ത മോഹൻലാൽ ആരാധകനാണ്. മലയാളസിനിമയിൽ തന്നെ റെക്കോർഡുകൾ പലതും കടപുഴക്കിയ പുലിമുരുകൻ റിലീസാവുന്ന ദിവസമാണ് റപ്പായിച്ചേട്ടൻ സർവ്വീസിൽ നിന്നും സ്വയം പെൻഷൻ പറ്റാൻ തീരുമാനിക്കുന്നത്. അതിന് ശേഷം റപ്പായിച്ചേട്ടന്റെ ജീവിതത്തിലും നാട്ടിലും സംഭവിക്കുന്ന അത്യന്തം രസകരമായ സംഭവങ്ങളുടെ ആവിഷ്ക്കാരമാണ് ഈ ചിത്രം. മോഹൻലാൽ തന്നെ നായകനായ ദേവാസുരത്തിലെയും രാവണപ്രഭുവിലെയും വാര്യർ എന്ന കഥാപാത്രത്തിനൊപ്പം ചേർത്തുവെക്കാവുന്ന ഇന്നസെന്റിന്റെ ഒരു കഥാപാത്രമാണ് സുവർണപുരുഷനിലെ റപ്പായിച്ചേട്ടൻ. തനിക്ക് ലഭിച്ച ആ മനോഹരകഥാപാത്രത്തെ അതിന്റെ എല്ലാ പൂർണതയിലും സുന്ദരമായൊരു സൃഷ്ടിയാക്കി തീർക്കാൻ ഇന്നസെന്റിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ശക്തമായ ഒരു കഥാപാത്രമാണ് ലെനയുടെ മേരികുഞ്ഞ്. ലാലേട്ടനോടുള്ള മലയാളികളുടെ ആരാധനക്ക് ആൺ – പെൺ വ്യത്യസമില്ലെന്ന ആ സത്യവും കൂടി പ്രേക്ഷകരെ ഓർമിപ്പിക്കുവാൻ മേരിക്കുഞ്ഞിനായി.
മോഹൻലാലിന്റെ മലയാളസിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ച “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” റിലീസായ ദിവസം തൊട്ട് ”ലാലേട്ടൻ ഒരു സൂപ്പർ സ്റ്റാറാകും” എന്ന് പറഞ്ഞു നടക്കുന്ന കുമാരേട്ടനാണ് ആ തിയ്യേറ്ററിലെ കാൻറീൻ നടത്തുന്നത്. കലിംഗ ശശിയുടെ മറ്റൊരു സുന്ദരകഥാപാത്രം. ആ പ്രവചനം സത്യമായതാണ് പിന്നീട് ചരിത്രമായതും എന്നത് സത്യം. ശിവജി ഗുരുവായൂരിന്റെ കോമ്പാറ പോളിയും പി ആർ ബിജോയുടെ വില്ലൻവേഷം കീരിക്കാടനുമെല്ലാം സിനിമയുടെ കഥാഗതിയെ ആഴത്തിൽ തന്നെ സ്പർശിച്ചു.റപ്പായിച്ചേട്ടന്റെ ശിഷ്യൻ ഈനാശുവായെത്തുന്ന ശ്രീജിത്ത് രവി, വെങ്കിടിയെന്ന അന്ധകഥാപാത്രത്തെ മനോഹരമാക്കിയ മനു എന്നിവരെല്ലാം മികച്ചു നിന്നു.
പുലിമുരുകൻ എന്ന് തന്നെയല്ല ഓരോ ലാലേട്ടൻ ചിത്രങ്ങളുടെയും റിലീസ് ദിനം ആരാധകരുടെ ആഘോഷത്തിന്റെയും ആവേശത്തിന്റെയും ദിനങ്ങളാണ്. അങ്ങനെയൊരു ദിവസത്തെ അതിന്റെ അഴകോടുകൂടി തന്നെ സ്‌ക്രീനിൽ പ്രതിഫലിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. സംവിധായകൻ സുനിൽ പൂവേലി തന്റെ അച്ചടക്കമാർന്ന എഴുത്തിലൂടെ അത് സാധ്യമാക്കി എടുത്തു. ഷിജു എം ഭാസ്കറുടെ ക്യാമറയും നിഖിൽ പ്രഭയുടെ സംഗീതവും വിഷ്ണു വേണുഗോപാലിന്റെ എഡിറ്റിംഗ് കൂടിയായപ്പോൾ പ്രേക്ഷകർക്ക് ഒരു നല്ല ദൃശ്യവിരുന്ന് പകരാൻ സുവർണപുരുഷൻ ടീമിനായി. ആരാധകർക്ക് ആഘോഷമാക്കാനും കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാനും തക്ക ഒരു നല്ല എന്റർടൈനറാണ് സുവർണപുരുഷൻ. ജീവൻ തുടിക്കുന്ന ഒരു ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…