ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ എന്നും മലയാള സിനിമാ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ആദ്യാവസാനം ആകാംഷയും ഉദ്വേഗവും നിറക്കുന്ന കഥകൾ പറയുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് എപ്പോഴും ഇഷ്ടമാണ് എന്നതാണ് അതിനു കാരണം. ഒട്ടേറെ കുറ്റാന്വേഷണ ചിത്രങ്ങൾ ഇവിടെ റിലീസ് ചെയ്യുകയും വലിയ വിജയമായി മാറുകയും ചെയ്തിട്ടുണ്ട്. നവാഗതനായ ബിബിൻ കൃഷ്ണ രചിച്ചു സംവിധാനം നിർവഹിച്ച 21 ഗ്രാംസ് എന്ന ചിത്രമാണ് കേരളത്തിൽ ഇന്ന് പ്രദർശനമാരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്ന്. റിനീഷ് കെ എൻ ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത് അനൂപ് മേനോൻ, രഞ്ജിത്, ലെന, രഞ്ജി പണിക്കർ എന്നിവരാണ്.
ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി നന്ദ കിഷോറിന്റെ അന്വേഷണത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. കഥയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നത് ഒരു ത്രില്ലർ ചിത്രം എന്ന നിലയിൽ ശരിയല്ല എങ്കിലും ചുരുക്കി പറഞ്ഞാൽ, അടുത്തടുത്ത ദിവസങ്ങളിൽ നടക്കുന്ന രണ്ടു സഹോദരങ്ങളുടെ കൊലപാതകം അന്വേഷിക്കാൻ എത്തുന്ന നന്ദകിഷോർ ചെന്നു പെടുന്ന സങ്കീർണമായ സാഹചര്യങ്ങളുടെ ആവിഷ്കാരമാണ് ഈ ചിത്രം. സ്വന്തം കുടുംബത്തിലെ ഒരു മരണം നൽകിയ മാനസികാവസ്ഥയിൽ നിന്ന് മുക്തനാവാത്ത സമയത്താണ് ഈ കേസ് നന്ദകിഷോറിനെ തേടി എത്തുന്നത്. അന്വേഷണം പുരോഗമിക്കുന്തോറും ഈ കേസ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതവുമായി വലിയ രീതിയിൽ ബന്ധപ്പെടുകയാണ്.
ഈ ചിത്രം നമ്മുടെ മുന്നിലെത്തിച്ച ബിബിൻ കൃഷ്ണ ഭാവിയിലേക്ക് പ്രതീക്ഷ വെച്ച് പുലർത്താവുന്ന ഒരു സംവിധായകൻ ആണെന്ന് സംശയമില്ലാതെ തന്നെ പറയാം. പ്രേക്ഷകരുടെ പൾസ് അറിഞ്ഞു, അവരെ പൂർണമായും തൃപ്തരാക്കുന്ന രീതിയിൽ തന്നെ ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരുക്കിയിട്ടുണ്ട് ബിബിൻ. ത്രില്ലർ ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് എങ്കിലും, അവരെ സംതൃപ്‌തരാക്കുന്ന ഒരു കുറ്റാന്വേഷണ ചിത്രം ഒരുക്കുക എന്നത് ഏതൊരു സംവിധായകനെ സംബന്ധിച്ചും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മികച്ച രീതിയിൽ തന്നെ ഈ ചിത്രമൊരുക്കി അതിൽ വിജയം നേടിയിട്ടുണ്ട് ബിബിൻ കൃഷ്ണ. അദ്ദേഹം തന്നെ രചിച്ച ശക്തമായ തിരക്കഥയാണ് ഈ ചിത്രത്തിന്റെ അടിത്തറയായി നിൽക്കുന്നത്. ആ തിരക്കഥയെ ആധാരമാക്കി അതിന്റെ ശക്തിയൊട്ടും നഷ്ടപ്പെടാതെ തന്നെ ദൃശ്യ ഭാഷയൊരുക്കിയ ബിബിൻ കൃഷ്ണയുടെ സംവിധാന മികവ് തന്നെയാണ് ഈ ചിത്രത്തെ ഗംഭീരമായി, ആകാംഷാഭരിതമായി മുന്നോട്ടു കൊണ്ട് പോയത്. ആദ്യാവസാനം പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രം വളരെ വിശ്വസനീയമായ രീതിയിൽ ഒരുക്കാൻ കഴിഞ്ഞു എന്നതും സംവിധായകന്റെ കയ്യടക്കത്തിന്റെ വിജയമാണ്. സാങ്കേതികമായും ഏറെ മുന്നിട്ടു നിന്ന ഈ ചിത്രം, വ്യത്യസ്തമായ കഥാ പശ്ചാത്തലം കൊണ്ടും കഥാ സന്ദർഭങ്ങൾ കൊണ്ടും മികച്ച സംഭാഷണങ്ങൾ കൊണ്ടും വളരെ രസം പകരുന്നുണ്ട് എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. ചിത്രത്തിന്റെ വൈകാരിക ഘടകങ്ങളും നന്നായി വന്നിട്ടുണ്ട്. ത്രില്ലറുകളുടെ വിജയം നിശ്ചയിക്കുന്ന ക്ലൈമാക്സ് പഞ്ച് തന്നെയാണ് ഈ ചിത്രത്തിന്റെയും ഏറ്റവും മികച്ച ഭാഗം എന്നതും എടുത്തു പറയണം. പ്രവചനാതീതമാണ് ഇതിന്റെ കഥയിലെ ഓരോ സങ്കീർണതകളും എന്നതും ത്രില്ലടിപ്പിക്കുന്നു.
നന്ദ കിഷോർ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച അനൂപ് മേനോൻ തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചപ്പോൾ, ഈ ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയ മികവിന്റെ ഒരുദാഹരണം കൂടി നമ്മുക്ക് സമ്മാനിക്കുന്നുണ്ട്. അത്ര നന്നായി തന്റെ വേഷം അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മികച്ച നടന്മാരായ രഞ്ജിത്, രഞ്ജി പണിക്കർ എന്നിവരും വളരെ വിശ്വസനീയമായതും സ്വാഭാവികമായതുമായ പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞു അഭിനയിക്കാൻ രണ്ടു പേർക്കും സാധിച്ചു. ലെനയും തന്റെ ഭാഗം ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ചു. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ലിയോണ ലിഷോയ്, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ജിത്തു ദാമോദർ ഒരുക്കിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ ഈ ചിത്രത്തിന് സംഗീതം നൽകിയത് ദീപക് ദേവ് ആണ്. ദീപക് ദേവ് ഒരുക്കിയ പശ്‌ചാത്തല സംഗീതവും ജിത്തു ദാമോദറിന്റെ ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ മികവിൽ വളരെ പ്രധാനപ്പെട്ട സംഭാവന തന്നെയാണ് നൽകിയത്. അപ്പു എൻ ഭട്ടതിരിയാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികവ് സാങ്കേതികമായി ചിത്രത്തിന് മികച്ച നിലവാരം പകർന്നു നൽകി എന്നതു പോലെ തന്നെ കഥ പറച്ചിലിന്റെ താളം കാത്തു സൂക്ഷിക്കാനും സഹായിച്ചു എന്ന് പറയാം.
ചുരുക്കി പറഞ്ഞാൽ, 21 ഗ്രാംസ് ഏറ്റവും മികച്ച രീതിയിലൊരുക്കിയ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാത്ത, പ്രമേയത്തിലും അവതരണത്തിലും പുതുമ പുലർത്തുന്ന ഈ കുറ്റാന്വേഷണ ചിത്രം മികച്ച ഒരു സിനിമാനുഭവം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കും എന്നതിൽ സംശയമൊന്നുമില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…