പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും. അതിന്റെ തിരക്കഥാകൃത്തുമാരിൽ ഒരാളായ അഫ്‌സൽ കരുനാഗപ്പള്ളി തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയേ ആദ്യമായും അവസാനമായും കണ്ട ഓർമ്മകൾ പങ്ക് വെച്ചിരിക്കുകയാണ്. ജിബൂട്ടി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി സിനിമ ലോകത്തേക്ക് കൂടി പ്രവേശിക്കുവാൻ ഒരുങ്ങുകയാണ് അഫ്‌സൽ. ഫേസ്ബുക്കിലാണ് അഫ്‌സൽ സച്ചിയേട്ടനെ കണ്ട അനുഭവം പങ്ക് വെച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷമാദ്യം ഒരു ദിവസം ഉപ്പും മുളകും ഷൂട്ടിന്റെ ഇടവേളയിൽ രമേഷേട്ടൻ എന്നോട് പറഞ്ഞു “സംവിധായകൻ സച്ചി എന്നെ വിളിച്ചിരുന്നു എറണാകുളത്തുണ്ടെങ്കിൽ ഒന്നു കാണാൻ പറ്റുമോ” എന്ന് ചോദിച്ചു. കേട്ടപാടെ സച്ചിയെന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ ആരാധകനായ ഞാൻ ചാടി വീണ് നമുക്ക് ഒരുമിച്ച് പോകാം എന്ന് പറഞ്ഞു. അന്ന് വൈകിട്ട് ഷൂട്ടും കഴിഞ്ഞു ഞാനും രമേഷേട്ടനും കൂടി നേരെ കാക്കനാട് സച്ചിയേട്ടൻ പറഞ്ഞ വില്ലയിലേക്ക് പോയി. അവിടെയെത്തിയപ്പോൾ ഡോർ തുറന്നതും ഞങ്ങളെ സ്വീകരിച്ചതുമെല്ലാം സച്ചിയേട്ടൻ തന്നെയായിരുന്നു. പഴയ നാടകക്കാരനായത് കൊണ്ടും ഇപ്പോഴും കൃത്യമായി നാടകങ്ങൾ വീക്ഷിക്കുന്നത് കൊണ്ടും രമേഷേട്ടനോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു സച്ചിയേട്ടന്. രമേഷേട്ടൻ എന്നെ സച്ചിയേട്ടന് പരിചയപ്പെടുത്തി. കലാനിലയത്തിലെ നാടക വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞതിനു ശേഷം പതിയെ സച്ചിയേട്ടൻ വിളിപ്പിച്ച കാര്യം പറഞ്ഞു “ഞാൻ അടുത്ത ചെയ്യാൻ പോകുന്ന സിനിമയിൽ പൃഥിയും ബിജുവുമാണ് നായകന്മാർ അതിലെ ഒരു പ്രധാന വേഷം ചേട്ടൻ ചെയ്യണം. പൃഥി ചെയ്യുന്ന കോശി എന്ന കഥാപാത്രത്തിന്റെ ഡ്രൈവർ വേഷമാണ്. കോശി ജയിലിൽ പോകുന്ന കുറച്ചു സീനുകൾ ഒഴികെ പൃഥ്വിരാജ് വരുന്ന ഭൂരിഭാഗം സീനുകളിലും ചേട്ടൻ ഉണ്ട്. അട്ടപ്പാടിയാണ് ലൊക്കേഷൻ. ചേട്ടൻ മുഴുവൻ സമയവും ലൊക്കേഷനിൽ കാണണം.ഇതിന്റെയിടയിൽ കേറി മറ്റൊരു വള്ളിയും പിടിക്കരുത് “. കേട്ടിരുന്ന എനിക്ക് തന്നെ രോമാഞ്ചം വന്നു അപ്പോൾ പിന്നെ രമേഷേട്ടന്റെ കാര്യം പറയേണ്ടല്ലോ സമ്മതം പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം പോലുമില്ലായിരുന്നു. അപ്പോൾ തന്നെ കുമാരൻ എന്ന കഥാപാത്രത്തെ പറ്റി സച്ചിയേട്ടൻ രമേഷേട്ടന് വിശദീകരിച്ചു കൊടുത്തു. കുമാരൻ മുണ്ട് മടക്കി കുത്തുന്നതും വണ്ടിയിൽ ചാരി നിൽക്കുന്നതടക്കം ഒരു കഥാപാത്രത്തിന്റെ സൂക്ഷ്മ വിവരണം ഒരു എഴുത്തുകാരൻ നടനോട് പറഞ്ഞു കൊടുക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നു.
എല്ലാം കഴിഞ്ഞു ഒരു ചായ കുടിയും കഴിഞ്ഞപ്പോൾ സച്ചിയേട്ടൻ പതിയെ എന്റെ വിശേഷങ്ങൾ ചോദിച്ചു. “എന്നും ടെലിവിഷനിൽ നിൽകാനാണോ ഉദ്ദേശം നീ സിനിമ എഴുതുന്നില്ലേ.?”എന്നു ചോദിച്ചു. സിനിമ എഴുതാൻ ആഗ്രഹമുണ്ടെന്നും മനസ്സിലുള്ള കുറച്ചു കഥകൾ സമയം വരുമ്പോൾ എഴുതാനാണ് ഉദ്ദേശമെന്നും ഞാൻ പറഞ്ഞപ്പോൾ സച്ചിയേട്ടൻ പഴയ വക്കീലിന്റെ കാർക്കശ്യത്തോടെ എന്നോട് പറഞ്ഞു “ഇത് പഴയ പാരലൽ കോളേജ് അധ്യാപകർ പറയുന്നത് പോലെയാണ്. സ്കൂളിൽ പഠിപ്പിക്കാൻ ആഗ്രഹം ഉണ്ട് സമയം വരട്ടെ നോക്കാം എന്നു പറയും. പക്ഷെ കാലാകാലം പാരലൽ കോളേജിൽ പഠിപ്പിച്ചു അവർ കാലം കഴിക്കും. അതു കൊണ്ടു ആ അവസ്ഥ നിനക്ക് വരരുത്. എന്നും ടെലിവിഷൻ തന്നെ നിൽക്കാതെ കിട്ടുന്ന അവസരങ്ങൾ മുതലാക്കി സിനിമകൾ ചെയ്യണം” എന്ന് സ്നേഹപൂർവം ഉപദേശിച്ചു. അന്നത്തെ രാത്രി പിന്നെയും ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു. അനാർക്കലിയുടെ സ്ക്രിപ്റ്റ് ഷൂട്ടിംഗിനു മുൻപ് മോഷ്ടിച്ചു കൊണ്ടു പോയ കള്ളനെ പറ്റിയും പൃഥ്വിരാജും ബിജു മേനോനും തമ്മിലുള്ള സൗഹൃദത്തെ പറ്റിയും പഴയ വക്കീൽ ജീവിതത്തെ പറ്റിയും സിനിമയിൽ വന്ന വഴികളെ പറ്റിയുമൊക്കെ ഒരുപാട് ഒരുപാട് സംസാരിച്ചു. ഒടുവിൽ യാത്ര പറഞ്ഞിറങ്ങാൻ നേരം എല്ലാവരും കെട്ടിപ്പിടിച്ചു നിന്നു ഫോട്ടോയും എടുത്തു. പോകാനിറങ്ങുമ്പോഴും സച്ചിയേട്ടൻ എന്നോട് സിനിമ എഴുതണം എന്ന കാര്യം വീണ്ടും ഓർമ്മിപ്പിച്ചു. വീണ്ടും കാണാം എന്നു പറഞ്ഞിറങ്ങുമ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അത് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ച ആയിരിക്കുമെന്ന്. ജിബൂട്ടി സിനിമ എഴുതാൻ അവസരം കിട്ടിയപ്പോൾ ഞാൻ ആദ്യം വിളിച്ചവരുടെ കൂട്ടത്തിൽ ഒരാൾ സച്ചിയേട്ടനായിരുന്നു അയ്യപ്പനും കോശിയുടെയും തിരക്കിലായത് കൊണ്ട് പക്ഷെ സംസാരിക്കാൻ സാധിച്ചില്ല. രമേഷേട്ടൻ വഴി ഞങ്ങളുടെ സിനിമാ വിശേഷം സച്ചിയേട്ടനെ അറിയിച്ചു. രണ്ടു ദിവസം മുൻപ് രമേഷേട്ടൻ വിളിച്ചു സച്ചിയേട്ടൻ ആശുപത്രിയിൽ ആണെന്ന് പറഞ്ഞപ്പോഴും തിരിച്ചു വരുമെന്ന നേരിയ പ്രതീക്ഷയിലായിരുന്നു. പറയാൻ ഒരുപാട് കഥകൾ ബാക്കിയാക്കി സച്ചിയേട്ടൻ പോയി എന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ ഒരുപാട് സമയം വേണ്ടി വരും. പ്രണാമം സച്ചിയേട്ടാ………!
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…