സ്വപ്നങ്ങൾ കാണുന്നതിനെക്കാൾ ഏറെ ശ്രമകരമാണ് കണ്ട സ്വപ്നം പൂർത്തീകരിക്കുക എന്നത്. മനസ്സിൽ ഉയരെ നിൽക്കുന്ന അത്തരമൊരു സ്വപ്നത്തിന്റെ പിന്നാലെയുള്ള പല്ലവി എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഉയരെ എന്ന ചിത്രത്തിലൂടെ സംവിധായകൻ മനു അശോകൻ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു നവാഗത സംവിധായകൻ എന്ന് പരിചയപ്പെടുത്തുന്നതിലുപരി അകാലത്തിൽ വിട്ടു പിരിഞ്ഞ രാജേഷ് പിള്ളയെന്ന സംവിധായകന്റെ പ്രിയ ശിഷ്യൻ എന്നു പറഞ്ഞാൽ തന്നെ മനു അശോകന്റെ റെയ്ഞ്ച് മലയാളിക്ക് മനസ്സിലാകും. ഗുരു തെളിച്ചു തന്ന ആ പാതയിലൂടെ നടന്ന് ഇന്ന് ആദ്യ ചിത്രത്തിൽ എത്തിയിരിക്കുമ്പോൾ മലയാള സിനിമ ലോകത്തിന് താനൊരു മുതൽക്കൂട്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ഇനിയും ഇത്തരം മികച്ച ചിത്രങ്ങൾ ഇദ്ദേഹത്തിൽ നിന്നും മലയാളിക്ക് പ്രതീക്ഷിക്കാം.
പൈലറ്റ് ആകണമെന്ന സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന പെൺകുട്ടിയാണ് പല്ലവി. അതിന് പൂർണ പിന്തുണയേകി കൂടെ നിന്ന അച്ഛനും കൂടിയായപ്പോൾ അവൾ ആ സ്വപ്നത്തിലേക്ക് കൂടുതൽ അടുക്കുന്നു. പഠനത്തിലും മിടുക്കിയായ അവൾ പൈലറ്റ് ലൈസൻസ് കിട്ടി ആദ്യ ഔദ്യോഗിക പറക്കലിന് ഒരുങ്ങുമ്പോഴാണ് വിധി ആസിഡ് ആക്രമണവുമായി അവളെ തടയുന്നത്. വിഷാദത്തിലേക്ക് ആണ്ടു പോയേക്കുമായിരുന്ന അവളുടെ ജീവിതത്തിലേക്ക് ‘പ്രകൃതിയുടെ ദൂതനാ’യി വിശാൽ കടന്നു വരുന്നു. വിശാലിനോട് അവന്റെ സുഹൃത്ത് പറഞ്ഞ വാക്കുകളാണ് പിന്നീട് കാണാൻ സാധിക്കുന്നത്. ‘മണ്ടത്തരങ്ങൾക്ക് രണ്ടു തലങ്ങളുണ്ട്. ഒന്നെങ്കിൽ അത് ഒരു ആനമണ്ടത്തരമായിരിക്കും അല്ലെങ്കിൽ അത് ഈ ലോകം തന്നെ മാറ്റിമറിക്കും.’ രണ്ടാമത് കണ്ട തലത്തിലേക്ക് ചിത്രം വന്നെത്തി നിൽക്കുമ്പോൾ നിറയുന്നത് പ്രേക്ഷകന്റെ കണ്ണുകളും ഉയരുന്നത് അവരുടെ കരഘോഷങ്ങളുമാണ്. പ്രചോദനം നിറക്കുന്ന ഒരു കഥാഗതിയോടൊപ്പം തന്നെ ഏറെ കാലികപ്രസക്തിയുള്ള ഒരു വിഷയം കൂടി ചിത്രം അതിന്റെ പൂർണ ഗൗരവത്തിൽ തന്നെ ചർച്ച ചെയ്യുന്നുണ്ട്.
പല്ലവിയായി പകരം വെക്കാനില്ലാത്ത ഒരു പ്രകടനം തന്നെയാണ് പാർവതി കാഴ്‌ച വെച്ചിരിക്കുന്നത്. പ്രത്യേകിച്ച് രണ്ടാം പകുതിയിലാണ് പാർവതി കൂടുതൽ കൈയ്യടി നേടുന്നത്. ടേക്ക് ഓഫിലെ സമീറ നൽകിയ ഒരു ഫീൽ അതിലുമേറെയായി സമ്മാനിക്കുവാൻ ഉയരെയിലെ പല്ലവിക്കായി എന്നതാണ് എടുത്തു പറയേണ്ടത്. മറ്റുള്ളവർ കൊതിക്കുന്ന ഞാൻ ആകുന്നതിനെക്കാൾ ഞാൻ കൊതിക്കുന്ന ഞാൻ ആകാൻ ഇറങ്ങി തിരിച്ച പല്ലവി ഏവർക്കും ഒരു പ്രചോദനമാണ്. വിമർശന ശരങ്ങൾ തൊടുത്തവർക്കുള്ള ഒരു മറുപടി കൂടിയാണ് പാർവതിക്ക് പല്ലവി. ആസിഫ് അലിയും ഗോവിന്ദ് എന്ന കഥാപാത്രത്തെ ഏറെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മര്യാദക്ക് ഒന്ന് ചിരിക്കുക പോലുമില്ലാത്ത അത്തരം യുവാക്കളെ നമുക്ക് ഇപ്പോൾ നമ്മുടെ ഇടയിൽ കാണുവാൻ സാധിക്കുന്നുണ്ട്. അതിലേറെ കൈയ്യടികൾ നേടുന്ന മറ്റൊരാളാണ് ടോവിനോ തോമസ്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴും തന്റേതായ ഒരു കൈയ്യൊപ്പ് ചാർത്തി കൈയ്യടികൾ നേടുന്ന ടോവിനോ മാജിക്ക് ഈ ചിത്രത്തിലും കാണുവാൻ സാധിക്കും. സിദ്ധിഖ്, അനാർക്കലി, സംയുക്ത മേനോൻ, പ്രതാപ് പോത്തൻ എന്നിവരും അവരുടെ റോളുകൾ മനോഹരമാക്കി.
ഉള്ളിൽ തട്ടുന്ന തിരക്കഥകൾ കൊണ്ട് അത്ഭുതം രചിക്കുന്ന സഞ്ജയ് – ബോബി കൂട്ടുകെട്ട് വീണ്ടും ആ മാജിക് തുടരുകയാണ്. ഒരിക്കൽ പോലും മുഷിപ്പ് തോന്നാത്ത വിധം അത്ര ആസ്വാദ്യകരമായിട്ടാണ് അവർ ഉയരെ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തിലെ മാന്ത്രികതയും കൂടി ചേർന്നപ്പോൾ പ്രേക്ഷകന്റെ ആസ്വാദനം കൂടുതൽ ആഴമേറിയതായി. അതിന് കൂട്ടായി മുകേഷ് മുരളീധരന്റെ കാമറ കണ്ണുകളും. മഹേഷ് നാരായണന്റെ എഡിറ്റിങ്ങ് പ്രേക്ഷകന്റെ ആസ്വാദനത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മേക്കപ്പ്മാനും ഒരു മികച്ച കൈയ്യടി അർഹിക്കുന്നുണ്ട്. ഈ അവധിക്കാലത്ത്, ജീവിതത്തിലെ പുതിയ തലങ്ങളിലേക്ക് എത്തിച്ചേരേണ്ട പുത്തൻ തീരുമാനങ്ങൾ എടുക്കുന്ന ഈ സമയത്ത്, കുടുംബസമേതം കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഇത്. ഒരു വേള നിങ്ങളുടെ കണ്ണ് നിറഞ്ഞാലും കൈയ്യടിച്ചേ നിങ്ങൾ തീയറ്ററുകളിൽ നിന്നും പുറത്തു വരൂ..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…