‘ഒരു നായകനല്ല, പകരം കഥയ്ക്ക് സഞ്ചരിക്കാന്‍ തന്റെ ശരീരവും ശബ്ദവും കടം കൊടുത്ത ദൂതന്‍’; റോഷാക്കില്‍ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് കുറിപ്പ്

മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെയും മറ്റ് താരങ്ങളുടേയും പ്രകടനം ഒരുപോലെ പ്രശംസ നേടുന്നുണ്ട്. റോഷാക്കിന്റെ അവതരണ രീതിയും കഥ പറച്ചില്‍ തീരിയുമെല്ലാം സിനിമ കണ്ടവര്‍ എടുത്തുപറയുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനവും കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയുമെല്ലാം പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. മൂവി സ്ട്രീറ്റ് എ്‌ന ഫേസ്ബുക്ക്ഗ്രൂപ്പില്‍ മിഥുന്‍ വിജയകുമാരി പങ്കുവച്ച കുറിപ്പ് വൈറലായിരിക്കുകയാണ്.

റോഷാക്കില്‍ നെടുനീളന്‍ സമയവും സ്ഥലവും കയ്യടക്കുന്ന, സിനിമയുടെ വിജയത്തിന് ബാധ്യതയാകുന്ന ഒരു നായകനല്ല മമ്മൂട്ടിയെന്ന് കുറിപ്പില്‍ പറയുന്നു. അതിന് പകരം കഥയ്ക്ക് സഞ്ചരിക്കാന്‍ തന്റെ ശരീരവും ശബ്ദവും കടം കൊടുത്ത പ്രധാനനടനെന്നു വിളിക്കപ്പെടാവുന്ന ഒരു ദൂതന്‍ മാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടി. ദേവനും അസുരനും മനുഷ്യനെ മൂന്നായി എളുപ്പത്തില്‍ വിഭജിക്കാന്‍ കഴിയുന്ന ഭാവപ്പകര്‍ച്ചകള്‍ക് അപ്പുറത്തേക്ക് ഇതിനിടയിലെ വലിയൊരു സ്‌പെക്ട്രത്തെത്തന്നെ മമ്മൂട്ടിയുടെ ലൂക്ക് ആന്റണി രണ്ടര മണിക്കൂര്‍ കൊണ്ട് പ്രേക്ഷകന് പരിചയപ്പെടുത്തിക്കൊടുക്കാന്‍ മുതിരുന്നുമുണ്ട്, അതില്‍ പിഴവില്ലാതെ ഗംഭീരമായി ജയിക്കുന്നുമുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇനിയൊന്നും ബാക്കിയില്ല, നിങ്ങള്‍ തന്നെ രാജാവ് എന്ന് ആരാധകരും പ്രേക്ഷകരും അലറി വിളിച്ച്, ആരാധിച്ച് കിരീടം നീട്ടുമ്പോഴും, സ്വതസിദ്ധമായ ചിരിയോടെ ‘ദാ, ഇതുകൂടിയൊന്നു നോക്കൂ’ എന്ന് നിശബ്ദമായി പറഞ്ഞ്, ഒരു രണ്ടര മണിക്കൂര്‍ കൂടി ആള്‍ക്കൂട്ടത്തെ നിശ്ശബ്ദരാക്കി നിര്‍ത്തി, വീണ്ടും പഴയതിനെക്കാള്‍ ഇരട്ടി ഒച്ചയില്‍ അലര്‍ച്ചയിടാന്‍ പാകത്തില്‍ മഹേന്ദ്രജാലം സൃഷ്ടിക്കുന്ന ഒരു നടനുണ്ട് ഇങ്ങ് ഈ കൊച്ചു കേരളത്തില്‍. ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്നൊക്കെ കുറച്ചധികം അസൂയയോടെ പറയുന്ന ആള്‍ക്കാരോട് അഭിനയത്തില്‍ ഇന്നും ഞാന്‍ ടോപ് ഗിയറില്‍ തന്നെയാണ്, അതിനൊരു കാലയളവിന്റെ ഔദാര്യം വേണ്ട എന്ന് തന്റെ പ്രകടനത്തിലൂടെ ആ നടന്‍ വീണ്ടും വീണ്ടും കാണിച്ചു തരുന്നു. അതുകൊണ്ടു തന്നെയാകണം അത്യധികം നൊസ്റ്റാള്‍ജിയയുടെ മേമ്പൊടി പൊതിഞ്ഞ ‘വിന്റേജ്’ എന്ന ജാമ്യം ആ നടന് തമാശയായി വിശേഷണം നല്‍കാന്‍ ഒരു സാദാ പ്രേക്ഷകന്‍ പോലും മുതിരാത്തത്. മമ്മൂട്ടി എന്നത് വേറുമൊരു നടന്റെ പേരല്ല, കാലാകാലം ഒഴുക്കിനെതിരെ വീണ്ടും വീണ്ടും ഒറ്റയ്ക്ക് നിന്ന് കുത്തൊഴുക്കാല്‍ ഉരഞ്ഞുരഞ്ഞ് മൂര്‍ച്ചയേറിയ അതിമാരകമായ ആയുധത്തിന്റെ പേര് കൂടിയാണ്. ഈ വര്‍ഷം പ്രേക്ഷകര്‍ കണ്ട ആ ആയുധത്തിന്റെ കൃത്യമായ പ്രയോഗമാണ് ‘റോഷാക്ക്’.
ഏതൊരു ത്രില്ലര്‍ മൂവിയ്ക്കും തുടക്കത്തില്‍ തുന്നിച്ചേര്‍ത്തു വയ്ക്കാന്‍ കഴിയുന്ന പത്തുമിനിറ്റാണ് ‘റോഷാക്ക്’ എന്ന സിനിമ പ്രേക്ഷകന് സ്റ്റാര്‍ട്ടര്‍ പായ്ക്ക് ആയി നല്‍കുന്നത്. അതിന് ശേഷം പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നതിന് അപ്പുറം എങ്ങനെയൊക്കെയാണ് അവ സംഭവിക്കാന്‍ പോകുന്നത് എന്ന മെയിന്‍ കോഴ്സ് ആണ് പ്രേക്ഷകനെ തീയറ്റര്‍ സീറ്റില്‍ നിവര്‍ത്തിയിരുത്തുന്നത്. അതാകട്ടെ ദൃശ്യവും ശബ്ദവും തമ്മില്‍ കടുകിട വ്യത്യാസമില്ലാതെ സിനിമ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ മാത്രം കുറുകിയും തെളിഞ്ഞും നുരഞ്ഞും തല്ലിതെറിച്ചും പ്രേക്ഷകന് അനുഭവേദ്യമാകുന്നുണ്ട്. ഒരു പൂര്‍ണ്ണവിരാമമോ ചോദ്യചിഹ്നമോ ബാക്കി വയ്ക്കാതെ, പ്രേക്ഷകന്റെ കാഴ്ച ആവശ്യപ്പെടുന്ന ഡയലോഗ് മാത്രം നല്‍കി, പ്ലോട്ടിലേക്കും കഥാപാത്രങ്ങളിലേക്കും എത്താന്‍ ഡ്രാമ വിളമ്പി സമയം കളയാതെ, തീര്‍ത്തും യാഥാര്‍ഥ്യമായ ലോകത്തില്‍ കഥയെ വിരിച്ചിടുകയും എന്നാല്‍ അതേ സമയം അതില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവയെ ആകൃതിയ്ക്ക് അനുസരിച്ച് വെട്ടിമാറ്റാതെ വരികള്‍ക്കിടയിലൂടെ തുന്നിച്ചേര്‍ത്തു തന്നെയാണ് almost perfect എന്നു വിളിക്കാവുന്ന ഈ തിരക്കഥ സമീര്‍ അബ്ദുള്‍ ഉരുവാക്കിയിരിക്കുന്നത്. തീര്‍ത്തും വാചികമായ ആ സൃഷ്ടിയില്‍ തുള്ളികള്‍ എണ്ണി ശബ്ദവും വെളിച്ചവും ചേര്‍ത്ത്, തരി ചോരാതെ, വാടി നിറം കെട്ടി, മണം കളയാതെ അതേപടി സ്‌ക്രീനിലേക്ക് ഒരു ചിത്രം വരയ്ക്കുന്ന സൂക്ഷ്മതയോടെയും അതേ സമയം തന്നെ ഒരു കാഴ്ചക്കാരന്റെ ലാളിത്യത്തോടെയും നിസാം ബഷീര്‍ പാര്‍ന്നുവച്ചയിടത്ത് സംവിധാനകലയും പൂര്‍ണ്ണമാകുന്നു.

വീണ്ടും പറയാനുള്ളത് മമ്മൂട്ടി എന്ന നടനെപ്പറ്റി തന്നെയാണ്. റോഷാക്കില്‍ നെടുനീളന്‍ സമയവും സ്ഥലവും കയ്യടക്കുന്ന, സിനിമയുടെ വിജയത്തിന് ബാധ്യതയാകുന്ന ഒരു നായകനല്ല മമ്മൂട്ടി, പകരം കഥയ്ക്ക് സഞ്ചരിക്കാന്‍ തന്റെ ശരീരവും ശബ്ദവും കടം കൊടുത്ത പ്രധാനനടനെന്നു വിളിക്കപ്പെടാവുന്ന ഒരു ദൂതന്‍ മാത്രമാണ്. ദേവനും അസുരനും മനുഷ്യനെ മൂന്നായി എളുപ്പത്തില്‍ വിഭജിക്കാന്‍ കഴിയുന്ന ഭാവപ്പകര്‍ച്ചകള്‍ക് അപ്പുറത്തേക്ക് ഇതിനിടയിലെ വലിയൊരു സ്‌പെക്ട്രത്തെത്തന്നെ മമ്മൂട്ടിയുടെ ലൂക്ക് ആന്റണി രണ്ടര മണിക്കൂര്‍ കൊണ്ട് പ്രേക്ഷകന് പരിചയപ്പെടുത്തിക്കൊടുക്കാന്‍ മുതിരുന്നുമുണ്ട്, അതില്‍ പിഴവില്ലാതെ ഗംഭീരമായി ജയിക്കുന്നുമുണ്ട്. അതിനൊപ്പം തന്നെ എടുത്തുപറയേണ്ട ഒന്നാണ് മമ്മൂട്ടിയുടെ ശബ്ദം. മുന്‍പ് പറഞ്ഞ പോലെ ‘ഈ പ്രായത്തിലും എന്നാ ഒരിതാ’ എന്നൊരു തമാശയ്ക്ക് പോലും ഇട കൊടുക്കാതെ ഇടിമുഴക്കമായും സംഗീതമായും മാറ്റി, അഭിനയത്തിന് തന്റെ ശരീരത്തെ വിട്ടുകൊടുത്ത പോലെ തന്നെ ശബ്ദത്തെയും വഴക്കമുള്ള അഭ്യാസിയുടെ കയ്യിലെ ആയുധം പോലെ കാണികളെ അമ്പരപ്പിച്ച് പ്രകമ്പനം സൃഷ്ടിക്കുന്നുണ്ട് റോഷാക്കില്‍. ചിലയിടങ്ങളില്‍ കൂടെ അഭിനയിക്കുന്ന അഭിനേതാക്കള്‍ മമ്മൂട്ടിക്കൊപ്പമെത്തിയ സമയങ്ങളില്‍, അവസാന ശ്രമമെന്നനിലയില്‍ സകലശക്തിയുമെടുത്തു തൊഴിക്കുന്ന ഇരയെ കഴുത്തിനു തന്നെ കടിച്ച് കെടുത്തിക്കളയുന്ന വേട്ടമൃഗത്തിന്റെ ക്രൗര്യത്തോടെ, വിശപ്പോടെ, ആര്‍ത്തിയോടെ മമ്മൂട്ടിയിലെ നടന്‍ ഉഗ്രരൂപം പ്രാപിക്കുന്നുണ്ട്. മമ്മൂക്കയുടെ തന്നെ വാചകത്തില്‍ പറഞ്ഞാല്‍ വീണ്ടും വീണ്ടും ഉരച്ചാല്‍ തിളങ്ങുന്ന പാടവം തന്നെയാണ് ആ നടനുള്ളത്. പറയേണ്ടതോ അഭ്യര്‍ഥിക്കേണ്ടതായോ ഉള്ള കാര്യമില്ലന്നറിയാം. എങ്കിലും പറയുകയാണ്. ഇനിയുമിനിയും സ്വയമുരഞ്ഞുരഞ്ഞു വെട്ടിത്തിളങ്ങട്ടെ. ഇരുട്ടില്‍ നില്‍ക്കുന്നവര്‍ക്ക് വഴികാട്ടിയുമാകട്ടെ.
എണ്ണം കുറവെങ്കിലും റോഷാക്കില്‍ എത്തിയ എല്ലാ നടീനടന്മാരുടെയും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചതെങ്കിലും മമ്മൂട്ടിയ്ക്കൊപ്പം തന്നെ മത്സരിച്ച് ഏറ്റുമുട്ടിയ മൂന്നുപേരെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഒന്നാമത്തേത് ബിന്ദു പണിക്കര്‍ എന്ന നടിയാണ്. സൂത്രധാരനിലെ ദേവുമ്മയ്ക്ക് ശേഷം നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറത്തെ സാധുസ്ത്രീയുടെ മേല്‍മൂടിയില്‍ തീര്‍ത്തും അസാധ്യം എന്നു തന്നെ പറയാവുന്ന ഒരു കര്‍ത്തവ്യം തന്നെയാണ് അവര്‍ ചെയ്തു വെച്ചിരിക്കുന്നത്. (ഈ റോളിലേക്ക് ബിന്ദു പണിക്കര്‍ എന്ന നടിയെ കാസ്റ്റ് ചെയ്ത തീരുമാനം തന്നെ വിപ്ലവകരമാണ്.) മമ്മൂക്കയുടെ അഭിനയത്തിന് ഉള്‍ക്കരുത്താകുന്ന ശബ്ദം തന്നെയാണ് മമ്മൂക്കയ്ക്ക് എതിരെ ബിന്ദു പണിക്കര്‍ എന്ന നടിയും പ്രയോഗിച്ചിരിക്കുന്നത്. പ്രത്യേകിച്ച് അവസാന അരമണിക്കൂറില്‍ സകല കഥാപാത്രങ്ങളെയും താണ്ടി മമ്മൂക്കയുമായി ശരിക്കും അഭിനയത്തില്‍ ആര് ജയിക്കുമെന്ന സംശയം കാണികളില്‍ ജനിപ്പിക്കും വിധം തന്നെ മല്ലയുദ്ധം നടത്തുന്നുണ്ട് അവരുടെ കഥാപാത്രം. അതും മറ്റൊരു നടിയെക്കൊണ്ടും കഴിയാത്ത വിധം, ഒന്നു കൂടി അടിവരയിട്ടു പറയുന്നു, മറ്റൊരു നടിയെക്കൊണ്ടും കഴിയാത്ത വിധം തന്നെ തന്റെ പ്രതിഭ എന്തെന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട് റോഷാക്കിലെ ബിന്ദു പണിക്കര്‍.

രണ്ടാമത്തേത് ഷറഫുദ്ധീന്‍ എന്ന നടനാണ്. വരത്തനാണ് ഇന്നലെ വരെ ഷറഫുദ്ധീന്‍ എന്ന നടന്റെ അങ്ങേയറ്റമെന്ന നിലയില്‍ പ്രേക്ഷകന്‍ കണ്ടതെങ്കില്‍ അതിലും കുറഞ്ഞ സമയം കൊണ്ട് ആലങ്കാരികതകള്‍ ഒട്ടുമില്ലാതെ റോഷാക്കില്‍ നിറഞ്ഞാടുന്നുണ്ട് ഷറഫുദ്ധീന്‍. തീരെ അലസമായ നടപ്പിലും ഇരുപ്പിലും സംസാരത്തിനുമപ്പുറം കഥാപാത്രമായി മാറി പ്രധാനടന് വെല്ലുവിളിയുയര്‍ത്തി തന്നെ പൊരുതിക്കയറുന്നുണ്ട് ഷറഫുദ്ധീന്‍. അതുകൊണ്ടു തന്നെ പടുകൂറ്റനൊരു ഭാവി അയാളുടെ അഭിനയജീവിതത്തിനുണ്ടെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. മൂന്നാമത്തെയാള്‍ ഗ്രെസ് ആന്റണിയാണ്. താന്‍ അഭിനയിക്കുന്ന ഓരോ സീനിലും താന്‍ തന്നെയാകണം അല്ലെങ്കില്‍ താന്‍ മാത്രമാകണം എന്ന അപാരമായൊരു വാശി ഗ്രെസിന്റെ ഉള്ളില്‍ കാണാം. പറഞ്ഞു നിര്‍ത്തുന്നയിടത്ത്, അണ വിട്ടു പോകാതെ വൈകാരിക ക്ഷോഭങ്ങളെ ചങ്ങലയ്ക്കിട്ടു നിര്‍ത്തി മുഖം കൊണ്ടു മിണ്ടാതെ മിണ്ടുമ്പോഴൊക്കെ അവരെക്കാള്‍ അനുഭവസമ്പത്തുള്ള ഒരു നടിയായി സ്വയം മാറുന്നുണ്ട് ഗ്രെസ്. ഇനിയും ഗ്രെസിനെ ജൂനിയര്‍ ഉര്‍വശിച്ചേച്ചി എന്നു വിളിക്കരുത്. ഒറ്റയ്ക്ക് വഴിവെട്ടി രാജ്യവും സിംഹാസനവും കിരീടവും തീര്‍ത്ത ഉര്‍വശിയെന്ന നടിയെപ്പോലെ തന്നെ ഗ്രെസ് ആന്റണിയും അവരുടെ പാത തെളിച്ചു തുടങ്ങിയിട്ടുണ്ട്. ബാക്കി കാലം തീരുമാനിക്കട്ടെ.

ടെക്‌നിക്കല്‍ സൈഡില്‍ ഇത്രത്തോളം കൃത്യതയാര്‍ന്ന ഒരു ട്രീറ്റ്മെന്റ് ഈ അടുത്ത കാലത്ത് സംഭവിച്ചിട്ടില്ല എന്നു വേണം കരുതാന്‍. സിനിമാട്ടോഗ്രാഫി, പശ്ചാത്തലസംഗീതം, എഡിറ്റിംഗ് (നിമിഷ് രവി, മിഥുന്‍ മുകുന്ദന്‍, കിരണ്‍ ദാസ്) എന്നീ മൂന്നു വിഭാഗങ്ങള്‍ സിനിമയുടെയും കണ്ടിരിക്കുന്ന പ്രേക്ഷകന്റെയും നാഡിമിടിപ്പ് അളന്നു തന്നെയാണ് രൂപകല്‍പ്പന. ചെയ്തിരിക്കുന്നത്. അത് തീയറ്ററില്‍ ഇരിക്കുന്ന ഓരോ പ്രേക്ഷകനും കൃത്യമായ ഇടങ്ങളില്‍ എടുത്തുയര്‍ത്തുകയും തരിച്ചിരുത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു തീയറ്റര്‍ എക്‌സ്പീരിയന്‍സ് തന്നെ സിനിമ നൂറു ശതമാനം അര്‍ഹിക്കുന്നുമുണ്ട്.

റോഷാക്ക് പേര് സൂചിപ്പിക്കും പോലെ രണ്ടിടങ്ങളിലും ഒരേപോലെ പടര്‍ന്ന മഷിക്കറ തന്നെയാണ് ഈ സിനിമ. ഇടങ്ങളേതൊക്കെയെന്ന് തിരിച്ചറിയുന്നിടത്ത് ഈ സിനിമ സംസാരം അവസാനിപ്പിക്കുകയും ചെയ്യും, പ്രേക്ഷകന്‍ ഒരു നിമിഷം നിശ്ശബ്ദനായ ശേഷം കയ്യടി തുടങ്ങുകയും ചെയ്യും. അവസാനമായി മമ്മൂട്ടി കമ്പനിയെന്ന പ്രൊഡക്ഷന്‍ ഹൗസിനു ഒരു സലാം വെക്കുന്നു. തന്നിലെ താരമൂല്യത്തെ പ്രകാശിപ്പിക്കും വിധമല്ലാതെ, മൊത്തം സിനിമയുടെ തിളക്കം തന്നെ തിരിച്ചറിഞ്ഞ് സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായി തന്നെ കൈ കൊടുത്തതിന് ഒരു പ്രേക്ഷകന് ഇതല്ലാതെ മറ്റെന്താണ് നല്‍കാനുള്ളത്. ഗംഭീര സിനിമയാണ് റോഷാക്ക്. തീയറ്ററില്‍ നിന്ന് തന്നെ കാണുക.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago