Categories: MalayalamReviews

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ഒരു രാത്രി യാത്ര; നൈറ്റ് ഡ്രൈവ് റിവ്യൂ വായിക്കാം

സൂപ്പര്‍ ഹിറ്റ് സംവിധായകനായ വൈശാഖ് ഒരുക്കിയ നൈറ്റ് ഡ്രൈവ് എന്ന ചിത്രമാണ് കേരളത്തില്‍ ഇന്ന് പ്രദര്‍ശനമാരംഭിച്ച ചിത്രങ്ങളില്‍ ഒന്ന്. അഭിലാഷ് പിള്ള എന്ന നവാഗതന്‍ തിരക്കഥ രചിച്ച ഈ ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത് ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രജിത്ത് സുകുമാരന്‍, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ഈ ചിത്രം വൈശാഖിന്റെ കരിയറിലെ വ്യത്യസ്ത ചിത്രങ്ങളില്‍ ഒന്നാണ്. ഒറ്റ രാത്രിയില്‍ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. ജോര്‍ജ് എന്ന ഊബര്‍ ഡ്രൈവര്‍ ആയി റോഷന്‍ മാത്യു എത്തുമ്പോള്‍ റിയ റോയ് എന്ന മാധ്യമ പ്രവര്‍ത്തക ആയാണ് അന്ന ബെന്‍ എത്തുന്നത്. പ്രണയിതാക്കളായ ഇവരുടെ ജീവിതത്തിലേക്ക്, ഒരു രാത്രിയിലെ യാത്രക്കിടയില്‍, ബെന്നി മൂപ്പന്‍ എന്ന പൊലീസ് കഥാപാത്രം കടന്നു വരുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍ ആണ് ബെന്നി മൂപ്പന്‍ ആയി എത്തുന്നത്. ആ യാത്രക്കിടയില്‍ ഉണ്ടാകുന്ന ഒരപകടം ആണ് കഥയെ ഉദ്വേഗഭരിതമാക്കുന്നത്.

പോക്കിരി രാജ, സീനിയേഴ്‌സ്, മധുര രാജ, പുലിമുരുകന്‍ പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ നമുക്ക് മുന്നിലെത്തിച്ച വൈശാഖിന്റെ കരിയറിലെ ഒരു ചെറിയ ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്ന് പറയാം. പക്ഷെ ഒരു പക്കാ എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ് ആയി തന്നെയാണ് അദ്ദേഹം ഈ ചിത്രവും നമ്മുക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. ത്രില്ലര്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ ഉള്ള തന്റെ മികവ് വൈശാഖ് ഇതിലൂടെ കാണിച്ചു തരുന്നു. സീനിയേഴ്‌സ് പോലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ത്രില്ലര്‍ എലമെന്റുകള്‍ ഉണ്ടെങ്കിലും ഒരു കംപ്ലീറ്റ് ത്രില്ലര്‍ അദ്ദേഹം ആദ്യമായാണ് ഒരുക്കിയത്. അഭിലാഷ് പിള്ള ഒരുക്കിയ ശക്തമായ തിരക്കഥയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പിന്‍ബലം. ആ തിരക്കഥയെ ആധാരമാക്കി, അതിന്റെ ശക്തിയൊട്ടും നഷ്ടപ്പെടാതെ തന്നെ ദൃശ്യ ഭാഷയൊരുക്കിയ വൈശാഖ് വളരെ മികച്ച രീതിയിലാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോയത്. ആദ്യാവസാനം പ്രേക്ഷകനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രം, വളരെ വിശ്വസനീയമായ രീതിയില്‍ ഒരുക്കാന്‍ കഴിഞ്ഞു എന്നതാണ് വൈശാഖ് എന്ന സംവിധായകന്റെ വിജയം. സാങ്കേതികമായും ഏറെ മുന്നിട്ടു നിന്ന ഈ ചിത്രം, അതിലെ കഥാ സന്ദര്‍ഭങ്ങളുടെ തീവ്രതയും കഥ പറച്ചിലിന്റെ താളവും കൊണ്ട് പ്രേക്ഷകനെ രസിപ്പിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോയി എന്നതിലും സംവിധായകനും എഴുത്തുകാരനും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ആവേശവും ആകാംഷയും എല്ലാം വേണ്ട രീതിയില്‍ തന്നെ നിറച്ചാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം വൈശാഖിന്റെ കയ്യടക്കം കൂടി വന്നപ്പോള്‍ നൈറ്റ് ഡ്രൈവ് ഒരു ത്രില്ലിംഗ് അനുഭവമായി മാറി. കഥയിലെ ട്വിസ്റ്റുകള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആവേശം സമ്മാനിക്കുന്നവയാണ് എന്നതും ഈ ത്രില്ലറിനെ മനോഹരമാക്കിയിട്ടുണ്ട്.

ജോര്‍ജ്, റിയ റോയ്, ബെന്നി മൂപ്പന്‍ എന്നീ പ്രധാന കഥാപാത്രങ്ങളായി യഥാക്രമം റോഷന്‍ മാത്യുവും അന്ന ബെന്നും ഇന്ദ്രജിത്തും നല്‍കിയത് വളരെ വിശ്വസനീയമായതും സ്വാഭാവികമായതുമായ പ്രകടനങ്ങളാണ്. കഥാപാത്രങ്ങളെ നൂറു ശതമാനം വിശ്വനീയമാക്കി പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ ഇവര്‍ക്ക് മൂന്ന് പേര്‍ക്കും സാധിച്ചു എന്നതിനൊപ്പം, വ്യത്യസ്ത ധ്രുവങ്ങളില്‍പ്പെട്ട കഥാപാത്രങ്ങള്‍ക്ക് അതാവശ്യപ്പെട്ട ശരീരഭാഷ പകര്‍ന്നു നല്‍കാനും ഇവര്‍ക്ക് കഴിഞ്ഞുവെന്നതും പ്രശംസനീയമായ കാര്യമാണ്. ബെന്നി മൂപ്പനായെത്തിയ ഇന്ദ്രജിത്ത് ആണ് കൂടുതല്‍ തിളങ്ങിയത് എന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാവില്ല. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, രഞ്ജി പണിക്കര്‍, മുത്തുമണി, കൈലാസ്, സന്തോഷ് കീഴാറ്റൂര്‍, സുരഭി സന്തോഷ്, ശ്രീവിദ്യ മുല്ലശ്ശേരി, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. ഷാജി കുമാര്‍ ആണ് ഈ ചിത്രത്തിനായി കാമറ ചലിപ്പിച്ചത്. മുഴുവനും രാത്രി ഷൂട്ട് ചെയ്ത ഈ ചിത്രത്തില്‍, അദ്ദേഹം ഒരുക്കിയ ദൃശ്യങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ സംഗീത സംവിധായകനായ രഞ്ജിന്‍ രാജ് മികച്ച സംഗീതത്തിലൂടെ തന്റെ ഭാഗവും ഏറ്റവും മികച്ചതാക്കി മാറ്റി ചിത്രത്തിന്റെ നിലവാരമുയര്‍ത്തിയിട്ടുണ്ട്. പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ ആകെമൊത്തത്തിലുള്ള മികവില്‍ വളരെ പ്രധാനപ്പെട്ട സംഭാവന തന്നെയാണ് നല്‍കിയിരിക്കുന്നത്. സുനില്‍ എസ് പിള്ളയുടെ എഡിറ്റിംഗ് കഥ പറച്ചിലിന് മികച്ച വേഗമാണ് പകര്‍ന്നു നല്‍കിയത്.

ചുരുക്കി പറഞ്ഞാല്‍, നൈറ്റ് ഡ്രൈവ് ഏറ്റവും മികച്ച രീതിയിലൊരുക്കിയ സാങ്കേതിക പൂര്‍ണ്ണതയുള്ള ഒരു ത്രില്ലറാണ്. പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാത്ത ഈ ചിത്രം മികച്ച ഒരു സിനിമാനുഭവം തന്നെ സമ്മാനിക്കും എന്നതിലൊരു സംശയവുമില്ല. ആദ്യവസാനം പ്രേക്ഷകരെ ആവേശത്തിന്റെ, ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു തീയേറ്റര്‍ അനുഭവം നൈറ്റ് ഡ്രൈവ് സമ്മാനിക്കും എന്നത് തീര്‍ച്ച.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago