പേരുപോലെ തന്നെ ‘കിണർ’ ആണ് സിനിമയുടെ പ്രധാനഘടകം. കേരള തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമം. അവിടെ ഏത് വളർച്ചയിലും ഒരിക്കലും വറ്റാത്തൊരു കിണറുണ്ട്. എന്നാൽ ആ കിണറ്റിലെ വെള്ളത്തിന് അവകാശികളോ മലയാളികൾ മാത്രം. തൊട്ടടുത്ത് കിടക്കുന്ന തമിഴരാകട്ടെ വെളളമില്ലാതെ മരണത്തോട് മല്ലിടുകയാണ്.
ഇവിടെ കിണർ ഒരു പ്രതീകമാണ്. മനുഷ്യത്വത്തിന്റെ ആഴമെന്തെന്നും മനുഷ്യമനസ്സുകളിലെ സ്നേഹത്തിന്റെ ഉറവകൾ വറ്റിയിട്ടില്ലെന്നും സിനിമയിലൂടെ സംവിധായകൻ പ്രതിഫലിപ്പിക്കുന്നു.
ഹീറോയിസവും അമാനുഷികത്വവും കാണിക്കുന്ന പതിവ് നായകന്മാരുടെ കഥ പറയാതെ ജീവിതദുരന്തത്തിന് മുന്നില്‍ പതറാതെ മുന്നോട്ട് പോകുന്ന ശക്തരായ സ്ത്രീകഥാപാത്രങ്ങളെ ഈ സിനിമയിലൂടെ കാണാം. ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ ധീരമായി ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്ന ഒരു സ്ത്രീയുടെ കഥ കൂടിയാണ് കിണര്‍.
ഒരിറ്റ് വെള്ളത്തിനായുള്ള നാട്ടുകാരുടെ പോരാട്ടത്തിൽ ഇന്ദിര എത്തുന്നതും തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങളും അതിജീവനവുമാണ് കിണർ ചർച്ച ചെയ്യുന്നത്.
നിസഹായയായ വീട്ടമ്മയിൽ നിന്ന് പാവപ്പെട്ടവർക്ക് വേണ്ടി പോരാടുന്ന പോരാളിയായി മാറുന്ന ഇന്ദിരയുടെ പരിവര്‍ത്തനം, അത് കൃത്യമായി ആവിഷ്കരിക്കാൻ സംവിധായകന് സാധിച്ചു. ഇന്ദിരയെ ജയപ്രദ ഗംഭീരമാക്കിയെന്ന് തന്നെ പറയാം.
മികച്ച അഭിനയപ്രതിഭകളുടെ സാനിധ്യമാണ് സിനിമയുടെ ആഴം കൂട്ടുന്നത്. തമിഴ് നടി അർച്ചനയാണ് കയ്യടി നേടുന്ന മറ്റൊരു സ്ത്രീകഥാപാത്രം. ചിത്രത്തിലുടനീളം അസാമാന്യഅഭിനയപ്രകടനമാണ് അവർ കാഴ്ചവച്ചിരിക്കുന്നത്. രേവതി, പാർവതി നമ്പ്യാർ, സീമ, ഇന്ദ്രൻസ്, ജോയ് മാത്യു, രൺജി പണിക്കർ, കിഷോർ, ഭഗത്ത് മാനുവൽ, തലൈവാസൽ വിജയ്, പശുപതി തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ.
നോൺലീനിയർ സ്വഭാവത്തിലാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. ഒരേ പ്രമേയം തന്നെ മൂന്നുപേരുടെ വീക്ഷണത്തിലൂടെ കഥ പറഞ്ഞു പോകുന്ന രീതി. ഡോക്ടര്‍ അന്‍വര്‍ അബ്ദുള്ള, ഡോക്ടര്‍ അജു കെ നാരായണന്, എം എ നിഷാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പൊളളുന്നൊരു വിഷയത്തെ അതിന്റെ തീവ്രത നഷ്ടപ്പെടുത്താതെ അഭ്രപാളികളിലെത്തിച്ച സംവിധായകൻ എം എ നിഷാദിനെ പ്രശംസിക്കാതെ വയ്യ.
എം ജയചന്ദ്രന്റെ ഈണത്തിലുളള ഗാനങ്ങളെല്ലാം അതിമനോഹരം. പ്രത്യേകിച്ചും എസ്പി ബിയും യേശുദാസും ഒരുമിച്ച് പാടിയ ടൈറ്റിൽ ഗാനം. ബിജിപാലിന്റെ പശ്ചാത്തലസംഗീതവും സിനിമയോട് ചേർന്ന് നിന്നു. നൗഷാദ് ഷെരിഫിന്റെ ഛായാഗ്രഹണവും ശ്രീകുമാർ നായരുടെ ചിത്രസംയോജനവും സിനിമയോട് നീതി പുലർത്തി.
കാലിക പ്രസ്കതിയുള്ള വിഷയത്തെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്തിരിക്കുന്ന സിനിമ പ്രേക്ഷകരെ ഒരു ഘട്ടത്തിലും അലോസരപ്പെടുത്തുന്നില്ല.