Categories: MalayalamNews

ജിജോയുടെ ഈ കഥ ഗംഭീരം ! ഒരു കുട്ടി ഭൂതമായി മോഹൻലാൽ എത്തുന്നു…രഘുനാഥ് പാലേരിയുടെ കുറിപ്പ് വൈറലാകുന്നു

നാലു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തില്‍ മോഹന്‍ലാല്‍ പുതിയൊരു ചുവടുവെക്കുന്നുവെന്ന സര്‍പ്രൈസ് പ്രഖ്യാപനം കഴിഞ്ഞ മാസം നടന്നത്. ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന വാർത്ത സ്വന്തം ബ്ലോഗിലൂടെയാണ് താരം പുറത്തുവിട്ടത്. ബറോസ്സ്‌  എന്നാണ് ചിത്രത്തിന്റെ പേര്.പോർച്ചുഗീസ് പശ്ചാത്തലത്തിൽ ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും എന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ.പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ്‌ പാലേരി മോഹൻലാൽ ആദ്യമായി സംവിധായകൻ ആവുന്ന ബറോസിനെ കുറിച്ചും അതിന് കാരണമായ ജിജോയെ കുറിച്ചും കുറിപ്പ് എഴുതിയിരിക്കുകയാണ്

കുറിപ്പിന്റെ പൂർണ്ണ രൂപം :-

” ജിജോ എന്റെ ചങ്ങാതിയാണ്. എന്റെ സിനിമയും ജീവിതവും എനിക്ക് തന്ന ചങ്ങാതി.ഒരു കുറിയ ജിജോ.ഞാന്‍ കാണുമ്പോള്‍ തലയില്‍ ചപ്പാത്തി വലുപ്പമുള്ളൊരു പുതപ്പ് തൊപ്പിപോലെ ധരിച്ചാണ് സഞ്ചാരം. നല്ല ദൈവ വിചാരം. കൂടപ്പിറപ്പുകളോടും ചുറ്റുമുള്ളവരോടും നിറഞ്ഞ സ്നേഹം. ചെടികളും മരങ്ങളും പൂക്കളും കൊച്ചു തടാകങ്ങളും കളിസ്ഥലങ്ങളും പലതരം ഊഞ്ഞാലുകളും എല്ലാമുള്ളൊരു പൂങ്കാവനം സ്വപ്നം കാണുന്ന മനസ്സ്. അധികം ചങ്ങാത്തക്കൂട്ടമില്ലാത്ത ലോകം. ധാരാളം വായിക്കും. ചിന്തിക്കും. പിറക്കുമ്പോള്‍ കിട്ടിയ തല ഇലക്ട്രോണിക്ക് തലയാണ്. സയന്‍സാണ് ഇഷ്ട വിഷയം. വായിക്കുന്ന സകല ചപ്പും ചവറും ഓര്‍മ്മയില്‍ നില്‍ക്കും. 1980 ല്‍ ആദ്യമായി എന്നില്‍ നിന്നും കിട്ടിയ ഒരു കത്ത് വായിച്ചു മാറ്റി വെച്ചത് പെട്ടെന്ന് ഓര്‍ത്തെടുത്ത് മറുപടി അയച്ചത് രണ്ടു വര്‍ഷം കഴിഞ്ഞ് 1982ല്‍ ആണ്.

അത്രക്കും മൂര്‍ച്ചയുള്ള ഓര്‍മ്മ ശക്തി. ആദ്യം എനിക്ക് കിട്ടിയ എഴുത്തിലെ ഭാഷ മനോഹരം. നര്‍മ്മം ആസ്വദിക്കുന്ന മനസ്സും പ്രകൃതവും. പപ്പയുടെ മൂത്ത മകന്‍. അനിയനും അനിയത്തിമാരും കീഴെ ജനിച്ചതുകൊണ്ടുമാത്രം മൂത്തവനായിപ്പോയ ഒരു മകന്‍. മൂത്തവന്റെ ഉത്തരവാദിത്വവും ശ്രദ്ധയും അഛനമ്മ കൂടപ്പിറപ്പുകളെ ഓര്‍ത്തുള്ള കരുതലും കാരണം എന്നും പപ്പയോട് ഒട്ടി നിന്ന മകന്‍. ആ നില്‍പ്പാണ് ജീജോയുടെ ഔന്നത്യം.

എനിക്ക് ജിജോ ഒരു ത്രീ ഡൈമെന്‍ഷന്‍ സിനിമയാണ്. എത്ര ചിത്രീകരിച്ചാലും തീരാത്തൊരു ത്രീഡി സിനിമ. സിനിമാ ക്യാമറയിലേക്ക് ജനിച്ചു വീണവന്‍ എന്നാണ് ജിജോയെ ഞാന്‍ വിശേഷിപ്പിക്കുക. ജിജോ പിറക്കുമ്പോള്‍ പപ്പയുടെ സഹോദരന്‍ ശ്രീ കുഞ്ചാക്കോയുടെ സ്വന്തം സിനിമാസ്റ്റൂഡിയോ ആയിരുന്നു ഉദയ. സിനിമ രുചിച്ചാണ് ജിജോ വളര്‍ന്നതും പഠിച്ചതും. കുട്ടിത്ത മുഖവുമായി ജിജോ അക്കാലത്തെ പല ഉദയാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അക്കാല നടന്മാരും സംവിധായകരും ഗായകരും എഴുത്തുകാരും കവികളും സംഗീതജ്ഞന്മാരും കലാപ്രതിഭകളും ഛായാഗ്രാഹകരും എല്ലാം ഉദയായിലെ നിത്യ സന്ദര്‍ശകര്‍. വര്‍ഷത്തില്‍ മൂന്നോ നാലോ സിനിമകള്‍ നിര്‍മ്മിക്കുന്നൊരു സിനിമാ കമ്പനിയില്‍ ജീവിതം രുചിച്ചു വളര്‍ന്ന ജിജോക്ക് സിനിമയോട് ആഭിമുഖ്യം തോന്നുക സ്വാഭാവികം. പക്ഷെ ഉദയായില്‍ നിന്നും വേര്‍പെട്ട് ജിജോയും കുടുംബവും സ്വന്തമായൊരു സിനിമാ കമ്പനിയുടെ ഉദയം പ്രവചിച്ചപ്പോള്‍ അത് ആരംഭത്തില്‍ തന്നെ മലയാളത്തിലെ ഏറ്റവും പ്രമുഖ സിനിമാ കമ്പനിയായ ”നവോദയ” ആയി മാറി എന്നതാണ് സത്യം.

എന്തുകൊണ്ട് ”ഏറ്റവും പ്രമുഖ” എന്നു കല്‍പ്പിക്കുന്നതെന്ന് ചോദിച്ചാല്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് പെട്ടെന്നൊരു ദിവസം നവോദയ മലയാളത്തെ മാത്രമല്ല ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായ ശീലത്തെ മൊത്തം എടുത്തങ്ങ് കുലുക്കി കളഞ്ഞതുകൊണ്ട്. അതുവരെ ഇത്തിരിപ്പോന്ന തീപ്പെട്ടി പിക്ച്ചര്‍ വലുപ്പത്തില്‍ തീയേറ്ററുകളില്‍ കണ്ടിരുന്ന സിനിമയെന്ന അത്ഭുതം ”നവോദയ” നല്‍കിയ പ്രൊജക്ടര്‍ ലെന്‍സിലൂടെ അവര്‍ വിരിച്ച വലിയ സ്‌ക്രീനില്‍ കടലുപോലെ കണ്ടു തുടങ്ങി. മലയാളത്തിലെ ആദ്യത്തെ സിനിമാ സ്‌ക്കോപ്പ് സിനിമ ”തച്ചോളി അമ്പു” തിയേറ്ററുകളില്‍ എത്തിയപ്പോള്‍ പല തിയേറ്ററുകളിലും കാണികളുടെ കാഴ്ച്ച മറച്ചുകൊണ്ടിരുന്ന മിക്ക തൂണുകളും പിന്‍വാങ്ങി. കൊട്ടകയുടെ ഒരു വശത്തെ ചുമരിന്നരികില്‍ നിന്നും മറുവശത്തെ ചുമരരുകുവരെ വിലിച്ചു നീട്ടിയ തിരശ്ശീലയില്‍ പ്രേംനസീര്‍ കുതിരപ്പുറത്ത് കയറി ഇപ്പുറത്ത് നിന്നും അപ്പുറത്തേക്ക് പറന്നു. ഇടതു വശത്തു നിന്നും വലതു വശത്തേക്ക് ഓടി അകന്ന നായകനേം കുതിരയേം കാണാന്‍ ആളുകള്‍ ഇരുവശങ്ങളിലേക്കും അത്ഭുതത്തോടെ മുഖം തിരിച്ച് ഇരിപ്പിടങ്ങളില്‍ കയ്യടിച്ചാര്‍ത്ത് ഇരുന്നു. ജിജോയുടെ ഇലക്ട്രോണിക് തലയില്‍ ഉദിച്ചൊരു വെള്ളി വെളിച്ചമായിരുന്നു ആ സിനിമാസ്‌ക്കോപ്പ് അത്ഭുതം. വിദേശങ്ങളില്‍ മുന്‍പെ വന്നിട്ടുണ്ടെങ്കിലും, ഹിന്ദിയില്‍ ചിലര്‍ തുടങ്ങിയെങ്കിലും, നമ്മുടെ നാട്ടിലേക്ക് അതിനെ കൊണ്ടുവന്ന് ജനകീയമാക്കി മാറ്റാനുള്ള സാദ്ധ്യത

അക്കാലത്ത് വളരെ കുറവായിരുന്നു. ആ കുറവ് പരിഹരിക്കാനുള്ള സാങ്കേതിക വൈഭവവും ഉള്‍ക്കരുത്തും കാണിച്ചത് ജിജോ ആയിരുന്നു. പ്രഗല്‍ഭരും പ്രതിഭാധനന്മാരുമായ സാങ്കേതിക വിദഗ്ധരെ കൂടെ നിര്‍ത്തി അതുവരെ കണ്ടിരുന്ന സിനിമാ കാഴ്ച്ചയെ പെട്ടെന്ന് വിശാലമായൊരു ദൃശ്യതലത്തിലേക്ക് ജിജോ മാറ്റിയതോടെ തുടര്‍ന്നങ്ങോട്ട് അത്തരം സിനിമകളുടെ ഗംഗാപ്രവാഹം തുടങ്ങി. ദക്ഷിണേന്ത്യയിലെ തിയേറ്ററുകളില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ പെട്ടെന്നാണ് വന്നത്. സിനിമാ പരസ്യങ്ങളില്‍ സിനിമയുടെ പേരുകള്‍ക്ക് താഴെ ”സിനിമാസ്‌ക്കോപ്പ്” എന്ന് പ്രത്യേകം എഴുതാന്‍ തുടങ്ങി. സിനിമകള്‍ക്ക് ആളുകള്‍ കൂടി. സാങ്കേതിക രംഗത്ത് ചര്‍ച്ചകള്‍ നടന്നു. പലരും ദൃശ്യവിസ്മയങ്ങള്‍ തീര്‍ക്കാന്‍ അതുവരെ കാണിക്കാത്ത ഉത്സാഹം കാണിച്ചു തുടങ്ങി.

മാറ്റങ്ങളുടെ ആരംഭം ചില നേരം കതിന പൊട്ടുംപോലെയാണ്. ഒരു പൊട്ടലങ്ങ് പൊട്ടും. അതോടെ അതുവരെയുള്ളതെല്ലാം ചിതറിത്തെറിക്കും. തെറിച്ച ധൂളികളെല്ലാം പതിയെ ഒത്തു ചേര്‍ന്ന് പുതിയ വിസ്മയങ്ങളായി രൂപാന്തരപ്പെടും. ജിജോ പൊട്ടിച്ചത് അത്തരം ഒരു കതിന. ആദ്യത്തെ സിനിമാസ്‌ക്കോപ്പ് കതിന. പില്‍ക്കാലത്ത് മലയാള തമിഴ് തെലുങ്ക് കന്നട സിനിമകളുടെ വ്യാപാര സാങ്കേതിക സാദ്ധ്യതകള്‍ മാറ്റി മറച്ച അത്ഭുത കതിന. കേള്‍ക്കുമ്പോള്‍ നിസ്സാരമാണെന്ന് തോന്നാം. ”അതുവരെ ഉപയോഗിച്ചിരുന്ന ലെന്‍സുകള്‍ക്ക് പകരം ക്യാമറയില്‍ സിനിമാസ്‌ക്കോപ്പ് ലെന്‍സ് വെച്ചങ്ങ് ചിത്രീകരിച്ചാല്‍പോരേ. എന്നിട്ടത് സിനിമയാക്കി പ്രോജക്ടറില്‍ മാറ്റം വരുത്തി അങ്ങ് കാണിച്ചാല്‍ പോരേ. വിശാലമായ വെട്ടം വീഴുന്നതിന്നനു സരിച്ചുള്ള തിരശ്ശീല വേണമെന്നല്ലേ ഉള്ളൂ.”

”അത്രേ ഉള്ളൂ…

പക്ഷെ അതിന്നു പിറകില്‍ ജിജോ നടത്തിയതുപോലുള്ള ഒരു ഗവേഷണം മലയാള സിനിമയില്‍ ഒരു സാങ്കേതിക വിദഗ്ധനോ നിര്‍മ്മാതാവോ അതുവരെ ചിന്തിച്ചിരുന്നില്ല. നടത്തുക മാത്രമല്ല തുടര്‍ന്നുള്ള കാലഘട്ടം അതെത്രമാത്രം മാറ്റം ഇന്‍ഡ്യന്‍ സിനിമയില്‍ വരുത്തുമെന്നും ജിജോ അക്കാലത്ത് കുറിച്ചിട്ട തുണ്ടു കടലാസുകളില്‍പോലും വ്യക്തമായിരുന്നു. ജിജോയുടെ കതിനകള്‍ അവിടംകൊണ്ടും നിന്നില്ല. സിനിമാസ്‌ക്കോപ്പില്‍ നിന്നും കുറെക്കൂടി വലിയ ദൃശ്യവിസ്മയം നല്‍കിയും അതിനൊപ്പം തന്നെ ആറ് കൈവഴികളായി കേള്‍വിക്കു ചുറ്റും പകര്‍ന്നാടുന്ന മനോഹര ശബ്ദ വിന്യാസം നല്‍കിയും, കാണികളെ വിസ്മയിപ്പിക്കുന്ന ഒരു സെല്ലുലോയിഡ് ഫോര്‍മാറ്റ് ആയിരുന്നു 70 MM. അത്തരം സിനിമകള്‍ കാണാന്‍ മലയാള പ്രേക്ഷകര്‍ക്കും നെഞ്ചു തുടിക്കുന്ന കാലം. ജിജോയുടെ നേതൃത്വത്തില്‍ നവോദയ മലയാളത്തിലും ഒരു 70 MM സിനിമാ കതിന നിര്‍മ്മിച്ചു.

”പടയോട്ടം”.

പ്രേംനസീര്‍ നായകാനായി വലിയൊരു താരനിരയുടെ പിന്‍ബലത്തോടെ തിയേറ്ററില്‍ വന്ന പടയോട്ടം അസാധാരണ ദൃശ്യശബ്ദ അനുഭവമായിരുന്നു. പ്രേംനസീറിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് ”പടയോട്ട”ത്തില്‍ അജയ്യതയോടെ നിലകൊണ്ടു. അതോടെ കേരളക്കരയില്‍ അങ്ങോളമിങ്ങോളം പല തിയേറ്ററുകളും 70 MM എന്ന് പുറത്ത് തിയേറ്ററിന്റെ പേരിനോടൊപ്പം ചേര്‍ത്തെഴുതി. 70 MM സിനിമകള്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ചിത്രീകരിക്കാന്‍ അതേ നെഗറ്റീവും ക്യാമറയും വേണം. അതിന്റെ ചിലവ് മലയാളത്തിനെന്നല്ല അക്കാലത്ത് ഹിന്ദിക്കു പോലും താങ്ങാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് ജിജോ പടയോട്ടം സിനിമാസ്‌ക്കോപ്പില്‍ ചിത്രീകരിച്ച് 70 MM ലേക്ക് വലുതാക്കുകയായിരുന്നു. ഒരാള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ സാങ്കേതികമായി മുന്നേറാനുള്ള മനഃക്കരുത്തും ദൃഢനിശ്ചയവും കാണിക്കുമ്പോള്‍, ലക്ഷ്യം പൂര്‍ത്തീകരിക്കാനായി അയാള്‍ക്കൊപ്പം ചേരുന്ന സമാന ചിന്താഗതിക്കാരും അയാളോടൊപ്പം വളരും എന്നുള്ളത് സത്യം. ജീജോയെ ഞാന്‍ നേരിട്ട് കാണുമ്പോഴേക്കും ഈ കടലുകളെല്ലാം ജിജോ കടന്നു കഴിഞ്ഞിരുന്നു. അതേ സമയം മറ്റൊരു മഹാസമുദ്രത്തിന്റെ കരയിലായിരുന്നു ജിജോ. അതാണ് പിന്നീട് ഇന്‍ഡ്യന്‍ സിനിമയില്‍ അട്ടിമറിയായി മാറിയ ത്രിമാന ചലചിത്രം ”മൈഡിയര്‍ കുട്ടിച്ചാത്തന്‍”.

ത്രിമാന ആഗ്രഹം ജിജോ പറയുമ്പോഴും അതിനെക്കുറിച്ച് തനിയെ ഇരുന്ന് ചര്‍ച്ച ചെയ്യുമ്പോഴും അതെങ്ങിനെ പൂര്‍ത്തീകരിക്കും എന്നതിനെക്കുറിച്ച് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. പഠിച്ചത് പകരാന്‍ സന്മനസ്സുള്ള ജിജോക്ക് മനസ്സില്‍ ഒരുക്കൂട്ടുന്ന ചിന്തകള്‍ പ്രാവര്‍ത്തികമാക്കാന്‍ ആരോടും എത്രകാലം സംസാരിക്കാനും മടിയുമില്ല. ജിജോയെ കണ്ടുമുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൈഡിയര്‍ കുട്ടിച്ചാത്തന് ഞാന്‍ തിരക്കഥ എഴുതുന്നത്. ആ കാലയളവിന്നുള്ളില്‍ ജിജോ ഊതിയിട്ട ഉള്ളിലെ തീ എന്നില്‍ ഒരുപാട് ജ്വലിച്ചിരുന്നു. ജിജോ ആഗ്രഹിച്ച വിധം ഒരു കുട്ടിച്ചാത്തനെ തിരക്കഥയില്‍ ഒരുക്കാന്‍ എനിക്ക് സാധിച്ചത് ജിജോയുടെ കഠിനാദ്ധ്വാനം എന്നില്‍ ഉണര്‍ത്തിവിട്ട ആദരവ് തന്നെയായിരുന്നു. കുട്ടിച്ചാത്തന്റെ കഥാഗതിയില്‍ ജിജോ ആഗ്രഹിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള അറിവ് മാത്രമേ എന്നില്‍ ഉണ്ടായിരുന്നുള്ളു. പക്ഷെ തിരക്കഥ എഴുതാം എന്ന തീരുമാനം എടുത്ത ദിവസം സന്ധ്യക്കു മുന്‍പെ സിനിമയുടെ ഒരു പൂര്‍ണ്ണ രൂപം എനിക്ക് പറയാന്‍ സാധിച്ചു. കേട്ടതും ജിജോ ചിത്രീകരണ സമയം നിശ്ചയിച്ചു. ജിജോക്ക് എല്ലാം പെട്ടെന്ന് വേണം. ജിജോയുടെ പപ്പക്കും എല്ലാം ധൃതിയാണ്. എന്തെങ്കിലും കാര്യം ഏല്‍പ്പിച്ചാല്‍ അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു.

ആ.. പെട്ടെന്ന് വേണം..”

ഒരു കാര്യവും പെട്ടെന്ന് ഉണ്ടാകില്ല എന്ന് അദ്ദേഹത്തിനും അറിയാം. എന്നാലും പറയും. ‘ആ.. പെട്ടെന്ന് വേണം.’

ജിജോയും ഇടക്കിടെ കാണിക്കുന്ന ”പെട്ടെന്ന് വേണം” ഭാവം എനിക്കൊരു കൗതുകമാണ്. മനസ്സും ശരീരവും അഴിച്ചു വെച്ച് മറ്റേതോ ലോകത്തില്‍ മേശയും കസേരയും ഇട്ട് എഴുതിക്കൊണ്ടിരിക്കേ ഇടക്കിടെ വന്ന് ജിജോ ചോദിക്കും. ”ആ സീന്‍ തീര്‍ന്നോ.. വായിക്കാമോ..” കത്തിച്ചു വിട്ട റോക്കറ്റ് ഭ്രമണ പഥത്തില്‍ എത്തിയോ എന്ന് ചോദിക്കുന്നതുപോലെയാണ് അത്. കത്തിച്ചു വിട്ടിട്ടേ ഉണ്ടാവൂ. വിട്ട ആള്‍ റോക്കറ്റിനൊപ്പം സഞ്ചരിക്കുകയാണ് . നാനാവിധ ഘട്ടങ്ങള്‍ കടന്നിട്ടു വേണം എത്തേണ്ടിടത്ത് എത്താന്‍. തിരക്കഥാ രചനയും അങ്ങിനെയാണ്. തിരക്കഥ പലതരം ഘട്ടങ്ങളുള്ള റോക്കറ്റാണ്. മനസ്സില്‍ നിന്നും വേര്‍പെട്ട് മറ്റെവിടേക്കോ അത് പറക്കുകയാണ് ചെയ്യുക. ഇടക്കൊന്ന് പിടിച്ചു നിര്‍ത്താനോ, എവിടംവരെ എത്തിയെന്ന് നോക്കാനോ, എപ്പോള്‍ എത്തുമെന്ന് പറയാനോ ആവില്ല. എത്തിയാല്‍ എത്തി. എന്നാല്‍ ആ റോക്കറ്റിന്റെ സഞ്ചാരം എഴുതുന്നവന് ഒരു പരമാനന്ദ സുഖം നല്‍കും. ചിലനേരം അസഹ്യമായ വേദനയും നല്‍കും. എന്നാലും ജിജോ ഇടക്കിടെ ചോദിക്കും.

”തീര്‍ന്നോ.. വായിക്കാമോ..?!”

കേള്‍ക്കാനുള്ള ആവേശംകൊണ്ടാണ് ആ ചോദ്യം. വിശക്കുന്ന കഞ്ഞിക്കലത്തിനു മുന്നിലെ കുട്ടിയെപോലെ ആ ചോദ്യം ജിജോയില്‍ നിന്നും വീണുകൊണ്ടേയിരിക്കും. കുട്ടിച്ചാത്തന്‍ എഴുതവേ ആ ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാനായി ഒരിക്കല്‍ ജിജോയോട് പറയാതെ എറണാകുളത്ത് നിന്നും ഞാനങ്ങ് നേരെ തളിപ്പറമ്പില്‍ പോയി ഒരു മുറിയെടുത്തങ്ങ് താമസിച്ചു. എന്നിട്ട് കുട്ടിച്ചാത്തനോട് വാതിലടക്കാനും പറഞ്ഞു. ആരു വന്നാലും തുറക്കണ്ട. പക്ഷെ രണ്ടാം ദിവസം ജിജോ വന്നു. ഒപ്പം ഞങ്ങളുടെ പ്രിയപ്പെട്ട ശേഖറും ഉണ്ടായിരുന്നു. ശേഖറാണ് കുട്ടിച്ചാത്തന്റെ കലാസംവിധായകന്‍. ശ്വാസത്തേക്കാള്‍ കൂടുതല്‍ ചിരിക്കുന്ന മനുഷ്യന്‍. അവിടെ എത്തിയിട്ടും ജിജോ ആദ്യം ചോദിച്ചത് ”തീര്‍ന്നോ.. വായിക്കാമോ..” എന്നാണ്.

ജിജോ ശ്രദ്ധാപൂര്‍വ്വം മെനഞ്ഞെടുത്തൊരു ത്രിമാന കാവ്യമാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍. അങ്ങിനൊരു അനുഭവം അതുവരെ ഇന്‍ഡ്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല. എത്രയോ പേരുടെ മനസ്സിലെ സൃഷ്ടിയുടെ ചക്രവാളം അവര്‍പോലും അറിയാതെ വികസിച്ചങ്ങനെ പോവുകയായിരുന്നു ആ ചാത്തന്‍ കാരണം. ആ സൃഷ്ടിക്ക് ജിജോ നല്‍കിയ ആത്മാര്‍പ്പണത്തോട് തുല്ല്യമെന്ന് പറയാവുന്നത് ജിജോക്ക് ഒപ്പം നിന്ന പപ്പയുടെയും സഹോദരന്റെയും നവോദയ എന്ന ആള്‍ക്കൂട്ടത്തിന്റെയും അത്യദ്ധ്വാനം മാത്രം. ഞാനെന്തിന് ഇപ്പോള്‍ ജീജോയെക്കുറിച്ച് ഇത്രമാത്രം പറയുന്നു. കാരണമുണ്ട്. ജിജോ പുതിയൊരു ത്രിമാന സിനിമയുടെ തലതൊട്ടപ്പനായി മാറുകയാണ് ഇനിയുള്ള ദിവസങ്ങളില്‍. അത് സംവിധാനം ചെയ്യുന്നത് മോഹന്‍ലാല്‍ ആണ്. ജിജോ സാങ്കേതികകാര്യങ്ങള്‍ നോക്കി ഒപ്പം ഉണ്ടാവും. എനിക്ക് വളരെ സന്തോഷം തരുന്ന കാഴ്ച്ചയാണ് അത്. ജിജോയില്‍ നിന്നും ആ കഥ നേരത്തെ ഞാന്‍ കേട്ടതാണ്. ബറോസ് എന്ന പാവം ഭൂതത്തിന്റെ കാത്തിരിപ്പിന്റെ കഥ. മനോഹരമാണ് ആ കഥ. മോഹന്‍ലാല്‍ ഭൂതമായി ആ ത്രിമാനത്തില്‍ പ്രത്യക്ഷപ്പെടുന്നത് കാത്തിരിക്കയാണ് ഞാന്‍. ഭൂതമായി മാത്രമല്ല, ജിജോ ഡൈമെന്‍ഷനിലൂടെ നടന വൈഭവമായ മോഹന്‍ലാല്‍ സംവിധായകനായും മാറുകയാണ്

(മാധ്യമം കുടുംബം മാസികയിലാണ് രഘുനാഥ് പലേരിയുടെ ലേഖനം പ്രസിദ്ധീകരിച്ചത്.)

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago