ശരീരസൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ യോഗയേയാണ് അമലപോൾ കൂട്ടുപിടിച്ചിരിക്കുന്നത്. യോഗാഭ്യാസം ചെയ്യുക മാത്രമല്ല, സ്വന്തമായൊരു യോഗ സ്റ്റുഡിയോയും കൊച്ചിയിൽ അമലയ്ക്കുണ്ട്. യോഗ ചെയ്യുന്ന വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന അമലയുടെ ശീർഷാസന വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ശീർഷാസനം ആദ്യമായി ഒറ്റയ്ക്കു ചെയ്തതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അമല പോൾ. ഗുരുക്കന്മാരുടെ സഹായത്തോടെയാണ് ഇത്രനാളും ചെയ്തത്. എന്നെങ്കിലും തനിയെ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ചുവരിൽ ചാരിയൊക്കെ ചെയ്തെങ്കിലും കംഫർട്ട്സോണിൽ നിന്നുചെയ്താൽ നന്നാവില്ലെന്നു മനസിലായി. സ്വയം പരിശീലനം തുടങ്ങിയതോടെ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു.
നിരവധി തവണ വീഴുകയും ചെയ്തു. എങ്കിലും ശരീരത്തിന്റെ മുകൾഭാഗം കരുത്തുനേടുന്നത് എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു. അങ്ങനെ അവസാനം ഇന്ന് (ഏപ്രിൽ 28) ഞാൻ പ്രകൃതിയുടെ മടിത്തട്ടിൽ കീഴടങ്ങി. യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ പ്രകൃതി എന്നെ ശീർഷാസനത്തിലെത്തിച്ചു. ശരീരത്തിൽ ഒരൊഴുക്ക് ഞാൻ അനുഭവിച്ചു.
മനസ്സ് നിശ്ചലമായി. മനസ്സും ശരീരവും പ്രകൃതിയിൽ അലിഞ്ഞ അവസ്ഥ. അവിടെ ഞാൻ നിന്നത് എന്റെ കാലുകളിലായിരുന്നില്ല, തലയിലായിരുന്നു. അങ്ങനെ എത്രനേരം നിന്നുവെന്നോ എപ്പോഴാണ് കാലിലേക്ക് തിരിയെ എത്തിയതെന്നോ അറിയില്ല. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞുപോയി. പരമാനന്ദത്തിലെത്തി. ഒരു കുട്ടി ശീതകാലത്തിന്റെ മാജിക് കണ്ടുപിടിച്ചതുപോലെ ഞാൻ ആ പാർക്കിൽ തുള്ളിച്ചാടി. ശീർഷാസനം ചെയ്യുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് അമല പോൾ കുറിച്ചു