സൂപ്പർഹിറ്റായ രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് പ്രണവ് മോഹൻലാൽ. ചിത്രം നിർമിക്കുന്നത് ബ്ലോക്ബസ്റ്റർ സിനിമകളുടെ സൃഷ്ടാക്കളായ മുളകുപാടം ഫിലിംസ് ആണ്. അരുൺ ഗോപിയുടെ ആദ്യചിത്രം നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു.
സിനിമയുടെ ചിത്രീകരണം ജൂൺ ആദ്യം ആരംഭിച്ചേക്കും. സിനിമയുടെ തിരക്കഥയും അരുൺ തന്നെ. സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ ആദ്യ ചിത്രം സൂപ്പർഹിറ്റായ രണ്ടുപേരും രണ്ടാം ചിത്രത്തിനായി കൈകോർക്കുമ്പോൾ പ്രതീക്ഷകൾ വാനോളം.
ജീത്തു ജോസഫിന്റെ അസോഷ്യേറ്റായി സിനിമയിൽ രണ്ടാംവരവ് അറിയിച്ച പ്രണവ് ആദ്യമായി നായകനായി എത്തിയ സിനിമയായിരുന്നു ആദി. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ടും സ്വാഭാവിക അഭിനയശേഷി കൊണ്ടും പ്രണവ് പ്രേക്ഷകരുടെ ഇഷ്ടം നേടി. യുവനടന്റെ അരങ്ങേറ്റത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷൻ തുകയും ആദി വാരിക്കൂട്ടി.