1983, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച പൂമരം എന്ന ചിത്രം തീയറ്ററുകളിലെത്തി. കാളിദാസ് ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് കാളിദാസ് ജയറാം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു എന്നതിനോടൊപ്പം പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. മീരജാസ്മിൻ ,കുഞ്ചാക്കോബോബൻ എന്നിവർ അതിഥി റോളിൽ എത്തിയതോടൊപ്പം ജോജു ജോർജ് കൂടിയാകുമ്പോൾ സിനിമ പ്രേക്ഷകർക്ക് ഒരു വിരുന്നുതന്നെയാണ്.
കഥാപാത്രങ്ങളെ ജീവനുൾക്കൊണ്ട് സിനിമയെടുക്കുന്ന എബ്രിഡ് ഷൈന് ഈ തവണയും പിഴച്ചില്ല എന്നു തന്നെ പറയാം. അദ്ദേഹം തന്റെ പതിവുശൈലികളുൾ കൊണ്ടുതന്നെ തികച്ചും റിയലിസ്റ്റിക്കായി ചിത്രികരിച്ചിരിക്കുന്ന ഒരു പുതിയ ക്യാമ്പസ് മൂവിയാണ് പൂമരം.തികച്ചും സങ്കീർണമായതും എന്നാൽ വ്യത്യസ്ഥമായ അനുഭവങ്ങളുടെയും പാഠങ്ങളുടെയും കലാരൂപങ്ങളുടെയും എല്ലാം സംഗമസ്ഥലമായ കലാലയത്തിൽനിന്നു ബന്ധങ്ങളെ കൂട്ടിയിണക്കികൊണ്ടു കലോത്സവത്തിനുവേണ്ടി തയാറെടുക്കുന്ന മഹാരാജാസ് ,സെന്റ് തെരേസാസ് എന്നി രണ്ടു കോളേജുകളും അവർ തമ്മിലുള്ള മത്സരങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. നാലു വർഷങ്ങളായി നഷ്ടപ്പെട്ടുപോയ കിരീടം തിരിച്ചുപിടിക്കാൻ മഹാരാജാസ് ശ്രമിക്കുമ്പോൾ അതു നിലനിർത്താനുള്ള പ്രയത്നത്തിലാണ് സെന്റ് തെരേസാസ്. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയെ നയിക്കുന്നത്. കലാലയജീവിതം ഒരുപാട് അനുഭവങ്ങളെ സമ്മാനിക്കുമെന്നും ഏതു രീതിയിലുള്ള മത്സരമാണെങ്കിലും വിജയപരാജയങ്ങൾക്കുമപ്പുറം മറ്റൊരു ലോകമുണ്ടെന്ന തിരിച്ചറിവുതരാൻ കഥക്ക് ആകുന്നുണ്ട്. ഇതിൽ മഹാരാജാസിന്റെ ചെയർമാനാണ് കാളിദാസൻ. കാളിദാസന്റെ പക്വതയോടും തന്മയത്വത്തോടുള്ള അഭിനയത്തിലൂടെ മലയാളസിനിമക്ക് പുതിയ ഒരു മികച്ച യുവനടനെ കൂടി ലഭിച്ചു എന്ന് തന്നെപറയാം. കോളേജ് കലോത്സവത്തിന് പോകുന്നതിനുമുമ്പ് ചെയർമാന്റെ പ്രസംഗം തികച്ചും ഉത്തേജനം നല്കുന്നതുതന്നെയാണ് . അതിനോടൊപ്പം ഓരോഅഭിനയ മുഹൂർത്തങ്ങളും മികച്ചതാക്കാൻ കാളിദാസന് കഴിഞ്ഞിട്ടുണ്ട് എന്ന് സിനിമ കാണുന്നവർക്കു നിസംശയം പറയുവാൻ സാധിക്കും
ട്രെയ്ലറും ടീസറുമില്ലാതെ രണ്ടു വിഡിയോസോങ്ങുകൾക്ക് ഇത്രയേറെ ഹൈപ്പുകിട്ടിയ മറ്റൊരു മാലയാളസിനിമയില്ല എന്നുതന്നെപറയാം. ഒരുപാടുകവിതകളിലൂടെ കടന്നുപോകുന്ന സിനിമയിൽ സാഹചര്യത്തിനനുയോജ്യമായതിനാൽ അതൊന്നും തന്നെ പ്രേക്ഷകർക്ക് അരോചകമാകില്ല. അച്ഛനും മകനും തമ്മിലുള്ള സംസാരങ്ങളിൽ ഒരുപാട്
ചിന്തിപ്പിക്കുന്നുവെങ്കിലും ആവർത്തനവിരസതയായി പ്രേഷകർക്കുതോന്നാം.
സിനിമക്ക് ഏറ്റവും അനുയോജ്യമായ സംഗീതം അണിയിച്ചൊരുക്കിയിരിക്കുന്നത് ഫൈസൽ റാസി ,ഗിരീഷ് കുട്ടൻ എന്നിവർചേർന്നാണ്. അവരോടൊപ്പം ഗോപിസുന്ദറിന്റെ സ്കോർ കൂടിയായപ്പോൾ പ്രേക്ഷകർക്ക് ഏറെ ആസ്വദിക്കാനുള്ള മരുന്നുണ്ട്. സെൻട്രൽ പിക്ചർസിന്റെ ബാനറിൽ ഡോക്ടർ പോൾ എന്റർടൈൻമെന്റിലൂടെ പോൾ വർഗീസ് ആണ് നിർമാണം. ഇതിൽ ഏറ്റവും എടുത്തുപറയാനുള്ളത് ക്യാമറയാണ്. കലാലയജീവിതത്തെ സന്നിവേൽപ്പിച്ച് ഓരോവസരങ്ങളും കൃത്യമായി ഒപ്പിയെടുക്കാൻ കാമറമാന് കഴിഞ്ഞിട്ടുണ്ട്. സിനിമാട്ടോഗ്രാഫി ജ്ഞാനം ആണ്. എഡിറ്റിംഗ് അതുൽ ചെയ്തിരിക്കുന്നു. ഒന്നു രണ്ടു സീനുകളിൽ ഇതുവേണോയെന്ന് പ്രേക്ഷകന് തോന്നലുണ്ടാക്കാനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെയും അത് ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏറെ പുതുമുഖങ്ങളെ നമുക്ക് ചിത്രത്തിൽ കാണാമെങ്കിലും എല്ലാവരും തങ്ങളുടെ അഭിനയംകൊണ്ട് കഥാപാത്രത്തെ മികവുറ്റതാക്കി എന്നുതന്നെ പറയാം. കൂടുതൽ ബോറടിപ്പിക്കാതെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സംവിധായകൻ പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ടെന്നുതന്നെപറയാം. സ്റ്റുഡന്റസ് നിറഞ്ഞ ഒരു തീയറ്റർ ആണെങ്കിൽ ആഘോഷം തന്നെയാക്കി ആസ്വദിക്കാം .
സൗഹൃദത്തിനും സ്നേഹത്തിനും സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ഒരുപാട് പ്രാധാന്യം ഉൾക്കൊള്ളുന്ന പൂമരം പ്രേക്ഷകമനസുകളിൽ തങ്ങിനിൽക്കുന്ന ഒരുനല്ല സിനിമയായി ഇനി അവശേഷിക്കും എന്നു നിസംശയം തന്നെ പറയാം.