ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഞാൻ മേരിക്കുട്ടി. ജയസൂര്യ ട്രാൻസ് ജെണ്ടർ ആയി വേഷമിടുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.ചിത്രത്തിന് വേണ്ടി സാരി ഉടുക്കാൻ വേണ്ടി താൻ കഷ്ടപെട്ടതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നായകൻ ജയസൂര്യ.
തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ആദ്യ നാലു ദിവസം കൺഫ്യൂഷനായിരുന്നു. ഇതാണോ മേരിക്കുട്ടിയെന്നു സംവിധായകനും എനിക്കും സംശയം. നാലാം ദിവസം ഉച്ചകഴിഞ്ഞ് ഒരു സീനിൽ ഞങ്ങൾ ആഗ്രഹിച്ച പിച്ച് കിട്ടി. പിന്നെ നാലു ദിവസം ഷൂട്ട് ചെയ്തതു മാറി സ്ക്രിപ്റ്റ് മാറ്റിയെഴുതി. ചുരിദാറും നൈറ്റിയും അണിഞ്ഞ മേരിക്കുട്ടി പിന്നെ മുഴുനീള സാരിയിലായി.
മേരിക്കുട്ടി സാരിയിലേക്കു മാറിയതോടെ രഞ്ജിത് പറഞ്ഞതനുസരിച്ചു സരിതയെ വിളിപ്പിച്ചു. പിന്നെ സരിത ഒപ്പം നിന്നു. സിനിമയിൽ 32 സാരി മേരിക്കുട്ടി ധരിക്കുന്നുണ്ട്. ഒടുവിലായപ്പോഴേക്കും ഞാൻ നാലു മിനിറ്റിൽ സാരി ഉടുക്കാൻ പഠിച്ചു.
പെണ്ണാകുന്നത് അത്ര എളുപ്പമല്ല എന്നു ഞാൻ മനസ്സിലാക്കി. എനിക്കു താടിയും മുടിയും പെട്ടെന്നു വളരും. ഒരു ദിവസം മൂന്നു പ്രാവശ്യം വരെ ഷേവ് ചെയ്തു. അതും റിവേഴ്സ് ഷേവിങ് ആണ് മുഖത്തു ചെയ്തത്. സ്കിൻ കേടാകാൻ എളുപ്പവഴിയാണിത്.