തല അജിത് നായകനായ വിശ്വാസം പൊങ്കൽ റിലീസായി ജനുവരി 10ന് തീയറ്ററുകളിൽ എത്തുകയാണ്. തല ആരാധകർക്ക് പൊങ്കൽ ആഘോഷങ്ങൾക്ക് ഇരട്ടിമധുരമേകി എത്തുന്ന വിശ്വാസത്തിന് വമ്പൻ വരവേൽപ്പാണ് അവർ ഒരുക്കിയിരിക്കുന്നത്. ബുക്കിംഗ് ഇന്ന് ആരംഭിക്കാനിരിക്കേ തീയറ്ററുകളിൽ വമ്പൻ നിരയാണ് രാവിലെ മുതൽ തന്നെ. അതിനിടയിൽ ഏറെ വ്യത്യസ്ഥമായിരിക്കുകയാണ് തൃച്ചിയിലുള്ള തല ഫാൻസ്. 108 അടി നീളമുള്ള ഭീമാകാരമായ പോസ്റ്ററാണ് വിശ്വാസത്തെ വരവേൽക്കാൻ അവർ ഒരുക്കിയിരിക്കുന്നത്.
വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവയും അജിത്തും ഒന്നിക്കുന്ന വിശ്വാസത്തിൽ നയൻതാരയാണ് നായിക. അജിത്ത് രണ്ടു വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ യോഗി ബാബു, വിവേക്, ജഗപതി ബാബു, രവി വാന, അനിഖ, തമ്പി രാമയ്യ, റോബോ ശങ്കർ, കോവൈ സരള എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപ്പാടം ഫിലിംസാണ് വിശ്വാസം കേരളത്തിലെ തീയറ്ററുകളിൽ എത്തിക്കുന്നത്.