ശങ്കർ എന്ന സംവിധായകനിൽ നിന്നും രജനികാന്ത് എന്ന സൂപ്പർസ്റ്റാറിൽ നിന്നും എന്നും പ്രേക്ഷകർ അത്ഭുതങ്ങൾ മാത്രമേ പ്രതീക്ഷിച്ചിട്ടുള്ളൂ. അത് അവർ തന്നിട്ടുമുണ്ട്. ശിവാജിക്കും എന്തിരനും ശേഷം അവർ വീണ്ടുമൊന്നിച്ചപ്പോൾ അത്തരമൊരു ദൃശ്യവിസ്മയം പ്രേക്ഷകർ പ്രതീക്ഷിക്കുകയും അതിനുമപ്പുറം ഒരു ട്രീറ്റ് പ്രേക്ഷകർക്ക് അവർക്ക് സമ്മാനിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. 2.0 ഇനി ഇന്ത്യൻ സിനിമ ലോകത്തിന് ലോകത്തിന്റെ മുൻപിൽ കാണിച്ചി കൊടുക്കുവാനുള്ള ഒരു ഇന്ത്യൻ വിസ്മയമാണ്. അറുനൂറ് കോടിക്കടുത്ത് ചിലവിട്ട് നിർമിച്ച ചിത്രം അതിന്റെ അവതരണരീതി കൊണ്ട് അതിലേറെ വിലപ്പെട്ടതാണ്. പൂർണമായും ഒരു 3D വിസ്മയം തന്നെയാണ് ചിത്രം. അതും പൂർണമായും ബിഗ് സ്ക്രീനിൽ തന്നെ കണ്ടിരിക്കേണ്ട അത്ഭുതം.
പ്രേക്ഷകന് ഒരു ദുരൂഹത സമ്മാനിച്ചാണ് ചിത്രം തുടങ്ങുന്നത്. ശങ്കർ ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയും അത് തന്നെയാണ്. രണ്ടാം പകുതിയിലേ അത് എന്താണെന്ന് മനസ്സിലാവുകയും ചെയ്യൂ. ഒരു മൊബൈൽ ഫോൺ ടവറിന്റെ മുകളിൽ കയറി ഒരു വൃദ്ധൻ ആത്മഹത്യ ചെയ്യുന്നിടത്താണ് ചിത്രത്തിന്റെ തുടക്കം. പിന്നീടാണ് ചിട്ടിയുടെ സൃഷ്ടാവ് ഡോക്ടർ വസീഗരനെയും അദ്ദേഹത്തിന്റെ പുതിയ അസിസ്റ്റന്റ് ഹ്യൂമനോയ്ഡ് റോബോട്ട് നിളയേയും പരിചയപ്പെടുത്തുന്നത്. അധികം വൈകാതെ തന്നെ എല്ലാവരുടെയും കൈകളിലുള്ള ഫോണുകൾ വായുവിലേക്ക് ഉയർന്ന് അപ്രത്യക്ഷമാകുന്നു. അതിനെ പിന്നിലെ കാരണങ്ങൾ തേടിയിറങ്ങുന്ന സർക്കാരും പോലീസും ഡോക്ടർ വസീഗരനുമെല്ലാം ചിട്ടിയെ തിരികെ കൊണ്ടു വരുന്നു. പിന്നീട് നടക്കുന്ന ഈ രണ്ട് തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമാണ് 2.0യുടെ ഉള്ളടക്കം. ചിത്രത്തിന്റെ കഥയിൽ വലിയ പുതുമ ഒന്നും തന്നെ പ്രേക്ഷകന് കാണാൻ സാധിക്കില്ലെങ്കിലും VFX വർക്കുകൾ ഇന്ത്യൻ സിനിമയിൽ ഇന്നേ വരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഒരു ദൃശ്യവിരുന്ന് തന്നെയാണ് കാണാൻ സാധിക്കുന്നത്. ആദ്യഭാഗം ഇറങ്ങിയതിന് പിന്നാലെ തുടങ്ങിയ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകളും കഠിനാധ്വാനവും എല്ലാം അതിന്റെ ഫലപൂർണതയിൽ എത്തിയിരിക്കുന്ന ഒരു കാഴ്ച തന്നെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.
ഡോക്ടർ വസീഗരനും ചിട്ടിയുമല്ലാതെ മറ്റു രണ്ടു വേഷപകർച്ചകൾ കൂടി രജനികാന്തിൽ പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. പൂർണമായും ഒരു പക്കാ സൂപ്പർസ്റ്റാർ ഷോ തന്നെയാണ് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. വേഷപകർച്ചകളിലൂടെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുണ്ട് രജനികാന്ത്. ആ പ്രകടനത്തോട് കിട പിടിക്കുന്ന ഒരു റോളാണ് തമിഴിലേക്കുള്ള തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയ അക്ഷയ് കുമാറിന്റേതും. വ്യത്യസ്തമായ രണ്ടു ഭാവങ്ങളിലൂടെ കടന്ന് പോകുന്ന അദ്ദേഹത്തിന്റെ കഥാപാത്രം എന്നെന്നും ഓർത്തിരിക്കുവാൻ തക്ക ഒന്ന് തന്നെയാണ്. നിളയായി ആമി ജാക്സൻ തന്റെ ആരാധകരുടെ എണ്ണം കൂട്ടി. മലയാളികൾക്ക് അഭിമാനമായി ചിരിപ്പിച്ചും ചിലതൊക്കെ ഓർമിപ്പിച്ചും കലാഭവൻ ഷാജോണും തന്റെ റോൾ മനോഹരമാക്കി.
സംവിധായകൻ ശങ്കർ തന്നെ ഒരുക്കിയ തിരക്കഥയിൽ പുതുമ ഒന്നും തന്നെ അവകാശപ്പെടാൻ സാധിക്കുന്നില്ല എന്നിരുന്നാലും ഒരു ശങ്കർ ടച്ച് അതിൽ കാണാൻ സാധിക്കുന്നുണ്ട്. ഏ ആർ റഹ്മാൻ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ വേറെ ഒരു ലെവലിൽ എത്തിക്കുന്നുണ്ട്. നീരവ് ഷായുടെ പകരം വെക്കാനില്ലാത്ത ക്യാമറക്കണ്ണുകളും റസൂൽ പൂക്കൂട്ടി എന്ന ശബ്ദങ്ങളെ സ്നേഹിക്കുന്ന സൗണ്ട് എഞ്ചിനീയർ കൂടി ചേർന്നപ്പോൾ ബിഗ് സ്ക്രീനിൽ ഒരു ബിഗ് ട്രീറ്റ് തന്നെയാണ് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്.