വമ്പൻ പ്രൊമോഷനുകളോ ഹൈപ്പോ ഇല്ലാതെ റിലീസിനെത്തി പ്രളയം പോലെ തന്നെ അപ്രതീക്ഷിതമായി അടിച്ചു കയറി മുന്നേറുകയാണ് 2018 എന്ന ചിത്രം. മലയാളത്തിലെ എക്കാലത്തെയും വലിയ ഒരു വിജയത്തിലേക്കാണ് ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റി കൊണ്ടാണ് ചിത്രം ഈ വലിയ വിജയം കൈവരിച്ചിരിക്കുന്നത്. ആദ്യദിവസം തന്നെ ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തിയറ്ററുകളിൽ നിറഞ്ഞ സ്വീകരണമായിരുന്നു ചിത്രത്തിന് മലയാളികൾ നൽകിയത്. രാത്രി വൈകിയും പുലർച്ചെയും മിക്ക തിയറ്ററുകളിലും എക്സ്ട്രാ ഷോകൾ നടന്നു. സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ പ്രയത്നം ഫലം കണ്ടു.
2018 ഒരിക്കലും ഒരു ദുരന്തത്തിന്റെ ഓർമപ്പെടുത്തലല്ല, മറിച്ച് കൈമെയ് മറന്ന് ജാതിയോ മതമോ നോക്കാതെ മലയാളി ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച റിയൽ കേരള സ്റ്റോറിയാണ് ഇത്. കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി, നരേയ്ൻ, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളി തുടങ്ങി നിരവധി യുവതാരങ്ങൾ അണിനിരന്ന ചിത്രം വലിയ പ്രമോഷനുകൾ ഒന്നുമില്ലാതെയാണ് റിലീസ് ആയത്. എന്നാൽ, ആദ്യ പ്രദർശനം കഴിഞ്ഞതിനു ശേഷം ലഭിച്ച മൗത്ത് പബ്ലിസിറ്റി ചിത്രത്തിന്റെ ഗതി തന്നെ മാറ്റി.
ഇപ്പോൾ ബോക്സോഫീസിൽ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് ചിത്രം. വീക്ക് ഡേ ആയിട്ട് പോലും ചൊവ്വാഴ്ച്ച ദിന കളക്ഷനിൽ മലയാളത്തിലെ എക്കാലത്തേയും വലിയ കളക്ഷൻ നേടിയിരിക്കുകയാണ് ചിത്രം. 4.05 കോടിയാണ് ഇന്നലെ മാത്രമായി ചിത്രം നേടിയത്. ചൊവ്വാഴ്ച്ച ദിനത്തിൽ മറ്റൊരു മലയാള സിനിമക്കും അവകാശപ്പെടാനില്ലാത്ത ഒരു റെക്കോർഡാണിത്. അഞ്ച് ദിവസങ്ങൾ കൊണ്ട് ഇരുപത് കോടിക്കടുത്താണ് ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്. ഈ വെള്ളിയാഴ്ച്ച മുതൽ കൂടുതൽ തീയറ്ററുകളിലേക്ക് ചിത്രമെത്തും.