വിജയ് സേതുപതി, തൃഷ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 96 എന്ന ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയ ഒന്നായിരുന്നു. ചിത്രത്തിനൊപ്പം തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രശംസ നേടിയിരുന്നു.ഇപ്പോള്‍ ചിത്രത്തില്‍ തന്റെ ഗാനം ഉപയോഗിച്ചതിനെ വിമര്‍ശിച്ച് പ്രശസ്ത സംഗീത സംവിധായകന് ഇളയരാജ രംഗത്തെത്തിയിരിക്കുകയാണ്.ദളപതി എന്ന ചിത്രത്തിലെ യമുനയാറ്റിലെ എന്ന ഗാനം 96ൽ ഉപയോഗിച്ചിരുന്നു.പഴയ കാലത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല ഗാനങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിവില്ലാത്തതിനാലാണ് തന്റെ ഗാനം അതില്‍ ഉള്‍പ്പെടുത്തിയെതെന്ന് അവകാശപ്പെടുകയാണ് ഇളയരാജ. അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിക്കുകയോ, വേദികളിൽ ആലപിക്കുകയോ ചെയ്യരുത് എന്ന ശക്തമായ നിലപാട് ഇളയരാജ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
അദ്ദേഹത്തിന്റെ ചോദ്യം തന്റെ സൃഷ്ടികള്‍ ഉപയോഗിച്ച് മറ്റൊരാള്‍ പണമുണ്ടാക്കുമ്പോള്‍ അതില്‍ അര്‍ഹിച്ച പങ്ക് തനിക്ക് ലഭിക്കണ്ടേയെന്നാണ്. “എന്റെ സംഗീതത്തിന്റെ അവകാശം എനിക്ക് മാത്രമാണ്. അവ എന്റെ സൃഷ്ടികളാണ്. അതുപയോഗിച്ച് മറ്റൊരാള്‍ പണമുണ്ടാക്കുമ്പോള്‍ അതില്‍ നിന്നും അര്‍ഹിച്ച പങ്ക് എനിക്ക് ലഭിക്കേണ്ടേ? അത് ഞാന്‍ ചോദിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്? എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ചെലവഴിച്ചത് സംഗീതം സൃഷ്ടിക്കാനാണ്. മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാന്‍ എനിക്ക് സമയമുണ്ടായിരുന്നില്ല. ഒരിക്കലും പറയാത്തതിനെക്കാള്‍ നല്ലത് വൈകിയാണെങ്കിലും പറയുന്നതല്ലേ.”ഇളയരാജ പറയുന്നു.