പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ. അദ്ദേഹമിപ്പോൾ തന്റെ തന്നെ റെക്കോർഡ് തിരുത്തി കുറിച്ച് കൊണ്ട് മറ്റൊരു സർവകാല റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ലൂസിഫർ 44 ദിവസം പിന്നിടുമ്പോഴും 119 സ്ക്രീനുകളിലാണ് കേരളത്തിൽ കളിക്കുന്നത്. അടുത്ത വെള്ളിയാഴ്ചയാണ് ഇനി റിലീസുകൾ ഉള്ളത്.
എന്നിരിക്കെവെ ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ 50 ദിവസം പിന്നിടുന്ന ചിത്രമെന്ന റെക്കോർഡ് പുലിമുരുകനിൽ നിന്നും ലൂസിഫർ നേടിയെടുക്കുന്നു. പുലിമുരുകൻ 108 സ്ക്രീനുകളിലാണ് 50 ദിവസം പിന്നിട്ടത്. അതിനു മുൻപിലത്തെ റെക്കോർഡും 64 സ്ക്രീനുകളിൽ 50 ദിവസം പിന്നിട്ട മോഹൻലാലിന്റെ തന്നെ ചിത്രമായ ദൃശ്യത്തിനാണ്. എങ്കിലും അൻപതാം ദിവസം ഏറ്റവും കൂടുതൽ ഷോകൾ കളിച്ച ചിത്രത്തിനുള്ള റെക്കോർഡ് പുലിമുരുകന്റെ കയ്യിൽ സുരക്ഷിതമാണ്. കാരണം അൻപതാം ദിവസം പുലിമുരുകൻ 364 ഷോകൾ കേരളത്തിൽ കളിച്ചപ്പോൾ ലൂസിഫറിന് ലഭിച്ചത്230 ന് മുകളിൽ ഷോകൾ മാത്രമാണ്. അതേസമയം 270 ന് മുകളിൽ ഷോകളാണ് ദൃശ്യം കേരളത്തിൽ കളിച്ചത്. ആഗോള മാർക്കറ്റിൽ നിന്നും 130 കോടിക്ക് മുകളിലും കേരളത്തിൽ നിന്ന് 70 കോടിക്ക് മുകളിലും കളക്ഷൻ നേടിയ ലൂസിഫർ ടോട്ടൽ ബിസിനസ് ആയി 170 കോടിക്കടുത്ത് നേടിയിട്ടുണ്ട്. കേരളത്തിൽ 32000 ഷോകൾ പിന്നിട്ടുകഴിഞ്ഞു ലൂസിഫർ.