369… മലയാളികളുടെ പ്രിയങ്കരനായ മമ്മൂക്കയുടെ വാഹനങ്ങളുടെ നമ്പർ. പക്ഷേ നവാഗതനായ ജെഫിൻ ജോയ് ഒരുക്കിയിരിക്കുന്ന ത്രില്ലർ ചിത്രം 369ന് മമ്മൂക്കയുടെ വാഹനങ്ങളുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ല. ചുരുങ്ങിയ മുതൽമുടക്കിൽ പ്രേക്ഷകന്റെ പ്രതീക്ഷകളെ വിലമതിക്കുന്ന അതിമനോഹരമായി ഒരുക്കിയിരിക്കുന്ന ഒരു ത്രില്ലർ. തന്റെ ആദ്യസംവിധാനസംരംഭം തന്നെ ഏറെ മനോഹരമാക്കി തീർത്ത ജെഫിൻ ജോയ് എന്ന സ്വതന്ത്രസംവിധായകൻ എന്തുകൊണ്ടും ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്.
ചിത്രത്തിന്റെ തുടക്കം മുതലേ ആരാണ് നായകൻ ആരാണ് വില്ലൻ എന്ന ഒരു ത്രില്ലർ ചിത്രത്തിന് ആവശ്യകമായ ഒരു ആകാംക്ഷ പ്രേക്ഷകനിൽ നിറച്ചാണ് ചിത്രത്തിന്റെ കഥാഗതി. സസ്പെൻസ് തകരുമെന്നതിനാൽ തന്നെ കഥയിലേക്ക് കടക്കുന്നില്ല. ഹേമന്ത് മേനോൻ, ഷഫീഖ് റഹ്മാൻ എന്നിവരുടെ കരിയറിലെ ഒരു മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. മിയാശ്രീയും തന്റെ ഭാഗം ഒട്ടും തന്നെ മോശമാക്കിയില്ല. ബെന്‍ സെബാസ്റ്റ്യന്‍, പ്രദീപ് ബാബു, ലത ദാസ്, അഷിലി ഐസക്, സാദിക്ക്, വേണു ഗോപാല്‍, അംബികാ മോഹന്‍, ഇഷാ ഖുറൈഷി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ത്രില്ലർ ചിത്രങ്ങൾ കൈയ്യടികൾ വാങ്ങിക്കൂട്ടുന്ന ഇക്കാലത്ത് ഏറെ പ്രോത്സാഹനം ലഭിക്കേണ്ട ഒരു ചിത്രം തന്നെയാണ് 369. ഇന്നത്തെ ഓരോ പ്രോത്സാഹനവും നാളത്തെ നല്ല സിനിമകളുടെ ജനനത്തിനുള്ള കാരണങ്ങളാണ്