മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളില്‍ ഒന്നാണ് പുട്ട്. പുട്ടിനെക്കുറിച്ച് മലയാളികള്‍ പാട്ടൊക്കെ ഇറക്കിയിട്ടുണ്ട്. എന്നാല്‍ പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുമെന്ന്് പറയുന്നത് ഇതാദ്യമായിരിക്കും. പറഞ്ഞുവരുന്നത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ജയിസ് ജോസഫിന്റെ പുട്ട് ഉപന്യാസത്തെക്കുറിച്ചാണ്. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കോഴിക്കോട് മുക്കം സ്വദേശിയും ബംഗളൂരൂ എസ്.എഫ്.എസ്. അക്കാദമി ഇലക്ട്രോണിക്സ് സിറ്റിയിലെ വിദ്യാര്‍ത്ഥിയുമാണ് ജയിസ് ജോസഫ്. ഇഷ്ടമില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ഉപന്യാസമെഴുതാന്‍ പറഞ്ഞപ്പോഴാണ് ജയിസ് പുട്ടിനെക്കുറിച്ചെഴുതിയത്. പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നതെന്നും ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇത് തന്നെ ഉണ്ടാക്കുന്നുവെന്നും ജയിസ് പറഞ്ഞു. അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാവും. പിന്നെ തനിക്കത് കഴിക്കാന്‍ കഴിയില്ല. വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അപ്പോള്‍ താന്‍ പട്ടിണി കിടക്കും. അതിന് അമ്മ തന്നെ വഴക്ക് പറയും. ഇതോടെ താന്‍ കരയുമെന്നും അതുകൊണ്ടു തന്നെ പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന ഭക്ഷണമാണെന്നും ജയിസ് കുറിച്ചു.
ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക വിദ്യാര്‍ഥിയെ അഭിനന്ദിച്ചു. ഉത്തരക്കടലാസില്‍ എക്സലന്റ് എന്നെഴുതി. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ് -ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ് ജയിസ്.