ഒരു കുഞ്ഞിനായി ഒന്നല്ല 34 വര്‍ഷം നീണ്ട കാത്തിരിപ്പായിരുന്നു ഇരിങ്ങാലക്കുട കാട്ടൂര്‍ കുറ്റിക്കാടന്‍ വീട്ടില്‍ ജോര്‍ജ് ആന്റക്കും സിസിലിക്കും. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇവര്‍ക്ക് ഒന്നല്ല, മൂന്നു കുഞ്ഞുങ്ങളെയാണ് ലഭിച്ചത്. വിവാഹശേഷം 18 വര്‍ഷത്തോളം ഗള്‍ഫില്‍ ആയിരുന്നു ജോര്‍ജ്. പിന്നീട് നാട്ടിലെത്തി ഇരിങ്ങാലക്കുടയില്‍ സ്വന്തം ബിസിനസ് ആരംഭിച്ചു. ഇതിനിടയില്‍ ഗള്‍ഫിലും നാട്ടിലും ചികിത്സകള്‍ നടത്തിയെങ്കിലും കുട്ടികള്‍ ഉണ്ടായില്ല. ഇരുവരും അതോടെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ട് വരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂണില്‍ സിസിയ്ക്ക് നിര്‍ത്താതെയുള്ള രക്തസ്രാവം അലട്ടിയപ്പോള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. ചികിത്സ കഴിഞ്ഞപ്പോള്‍ അവിടത്തെ ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് മൂവാറ്റുപുഴയിലെ സബൈന്‍ ആശുപത്രിയില്‍ എത്തിയത്.
ഇവിടെ ഡോ. സബൈന്‍ ശിവദാസിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സകഴിഞ്ഞ ജൂലൈ 22ന് സെസി മൂന്നു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കി. സിസിയുടെ 55ാം വയസ്സില്‍ പിറന്നത് 3 കണ്മണികള്. ഒരു പെണ്‍കുട്ടിയും രണ്ടാണ്‍കുട്ടികളും. ആദ്യത്തെയാള്‍ ആന്റണി പോള്‍ ജോര്‍ജ്, രണ്ടാമന് ബേബി പോള്‍ ജോര്‍ജ്, ഇവര്‍ക്കുള്ള കുഞ്ഞു പെങ്ങളായി എല്‍സ മരിയ ജോര്‍ജ്. അഞ്ചാം മാസം മുതല്‍ യാത്ര ഒഴിവാക്കാന്‍ മൂവാറ്റുപുഴയില്‍ ചികിത്സ നടത്തി വന്ന മൂവാറ്റുപുഴ സബൈന്‍ ആശുപത്രിക്കു സമീപം വാടകയ്ക്കെടുത്ത വീട്ടിലാണ് അമ്മയും കുഞ്ഞുങ്ങളുമുള്ളത്. ഈ മാസം അവസാനം ഇവര്‍ വീട്ടിലേക്കു മടങ്ങും.
സെസിയുടെ ഗര്‍ഭധാരണത്തിനു തടസമായിരുന്നത് കട്ടി കൂടിയ യൂട്രസ് ആവരണമായിരുന്നു എന്നു ഡോക്ടര്‍ സബൈന്‍ ശിവദാസന്‍ പറയുന്നു. ഇടയ്ക്കു ബ്ലീഡിങിന് സാധ്യതയുണ്ടായിരുന്നു. കൊച്ചിയിലെ ഒരു ആശുപത്രിയിലെത്തിയപ്പോള്‍ ഗര്‍ഭപാത്രം എടുത്തു കളയണമെന്നു പറയുകയും കുഞ്ഞുങ്ങളില്ലെന്നു പറഞ്ഞപ്പോള്‍ തന്റെയടുത്തു ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. നമുക്കു ശ്രമിക്കാം എന്നു മാത്രമാണ് പറഞ്ഞതെങ്കിലും ദമ്പതികള്‍ വളരെ ആത്മവിശ്വാസത്തിലായിരുന്നു. ആദ്യ നാലു മാസ ചികിത്സയോടെ തന്നെ ഗര്‍ഭം ധരിച്ചു. മൂന്നു കുട്ടികള്‍ ആണെന്ന് സ്കാനിങ്ങില്‍ തെളിഞ്ഞു. ഈ പ്രായത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് വലിയ വെല്ലുവിളിയായതിനാല്‍ ഒന്നോ രണ്ടോ ആക്കാന്‍ പറയുന്നതാണ് പതിവ്. എന്നാല്‍ ദമ്പതികള്‍ അതിനു തയാറായില്ല. ഗര്‍ഭപാത്രം ഡബിള്‍ സ്റ്റിച്ചിട്ടു മുന്നോട്ടു പോയി. 33 ആഴ്ച ആയപ്പോഴേക്ക് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു.