മലയാളിയായ കിരണ്‍രാജ് സംവിധാനം ചെയ്ത് കന്നഡ സൂപ്പര്‍താരം രക്ഷിത് ഷെട്ടി നായകനായെത്തുന്ന 777 ചാര്‍ലിയുടെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലർ മനോഹരമായ ഒരു സിനിമ ഉറപ്പ് നൽകുന്നുണ്ട്. കണ്ണ് നിറയാതെ ട്രെയ്ലർ കണ്ടിരിക്കാൻ വയ്യ എന്നത് തന്നെയാണ് ട്രെയ്ലർ പ്രേക്ഷകർ ഏറ്റെടുക്കുവാൻ കാരണം. പാൻ ഇന്ത്യ റിലീസായി എത്തുന്ന ചിത്രം ജൂൺ പത്തിന് തീയറ്ററുകളിൽ എത്തും.
ഏകാന്തതയില്‍ തളച്ചിടപ്പെട്ട, പരുക്കനായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. നായകള്‍ക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാര്‍ലിയെ ധര്‍മ എത്തിക്കുന്നതും അതിനെ തുടര്‍ന്ന് ധര്‍മക്ക് ചാര്‍ലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളും ട്രെയ്ലറിൽ അവതരിപ്പിച്ചിട്ടുണ്ട്. ചാര്‍ലിയുടെയും ധര്‍മയുടെയും മത്സരിച്ചുള്ള ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.
ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീത ശൃംഗേരിയാണ് നായികയായി അഭിനയിക്കുന്നത്. ബോബി സിംഹയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വിനീത് ശ്രീനിവാസന് ആലപിക്കുന്ന രണ്ടു മലയാളഗാനങ്ങളുണ്ട് എന്നതും ശ്രദ്ധേയമാണ്.