മനുഷ്യനിലെ നന്മ മണ്മറഞ്ഞു പോയിട്ടില്ലെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ഈ കോവിഡ് കാലത്ത് നമുക്ക് കാണുവാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് നാഗ്പുരിലെ ഒരു ഹോസ്പിറ്റലിൽ നടന്നത്. നാൽപത് വയസ്സുകാരന് വേണ്ടി നാഗ്പുരിലെ ഇന്ദിരാഗാന്ധി ഗവണ്മെന്റ് ഹോസ്പിറ്റലിൽ വെച്ച് എൺപത്തഞ്ച് വയസ്സുള്ള നാരായൺ ദബാൽകർ എന്ന വയോധികൻ തന്റെ ആശുപത്രി കിടക്ക ഒഴിഞ്ഞുകൊടുത്തത്. അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഓക്സിജൻ ലെവൽ താഴ്ന്നിട്ടും ഡോക്ടർമാരുടെ നിർദ്ദേശം വക വെക്കാതെയാണ് 40 വയസുള്ള രോഗിക്ക് വേണ്ടി അദ്ദേഹം കിടക്ക ഒഴിഞ്ഞുകൊടുത്തത്.
‘എനിക്ക് 85 വയസായി. എന്റെ ജീവിതം ഞാൻ ജീവിച്ചുകഴിഞ്ഞു. ഈ ചെറുപ്പക്കാരന്റെ ജീവിതം രക്ഷിക്കുന്നതാണ് പ്രധാനം. അയാളുടെ മക്കൾ ചെറുപ്പമാണ്. എന്റെ ബെഡ് അവർക്ക് കൊടുക്കുക.’ എന്നാണ് അദ്ദേഹം ഡോക്ടർമാരോട് പറഞ്ഞത്. ആശുപത്രിയിലെ ചികിത്സ അനിവാര്യമായിരുന്നിട്ടും നാരായൺ തന്റെ മകളെ വിളിച്ച് വീട്ടിലേക്ക് പോവുകയാണ് ചെയ്തത്. മൂന്ന് ദിവസത്തിനകം അദ്ദേഹം മരണമടയുകയും ചെയ്തു.