ഷാരൂഖ് ഖാന് നായകനാകുന്ന ജവാന് പ്രഖ്യാപിച്ച തീയതില്‍ എത്തിയേക്കില്ല. ഷാരൂഖിനെ നായകനാക്കി ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ജൂണ്‍ 2 ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നായിരുന്നു നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ഈ ഡേറ്റില്‍ എത്തില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ഇപ്പോള്‍ അറിയിക്കുന്നത്.
ജവാന്റെ ചിത്രീകരണം പോലും ഇനിയും പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യമാണുള്ളത്. സ്വാഭാവികമായും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നീളും. ഈ സാഹചര്യത്തില്‍ ചിത്രം ജൂണില്‍ റിലീസ് ചെയ്യാനാവില്ലെന്നും ഒക്ടോബറിലേക്ക് നീട്ടിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
നയന്‍താരയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാന്യ മല്‍ഹോത്രയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാന് ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. ‘റോ’യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന് ആണ് നിര്‍മാണം.