മിമിക്രി ലോകത്ത് നിന്നും വന്ന് സംവിധാന മേഖലയിൽ വിജയം കുറിച്ച നാദിർഷാ, രമേഷ് പിഷാരടി എന്നിവർക്ക് പിന്നാലെ കലാഭവൻ ഷാജോണും സംവിധാന രംഗത്തേക്ക് കടന്ന് വരുന്നുവെന്ന വാർത്തകൾ മലയാളികളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ആ പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം തട്ടാതെ സസ്പെൻസ് നിറച്ച മികച്ചൊരു എന്റർടൈനർ തന്നെയാണ് ബ്രദേഴ്സ് ഡേയിലൂടെ കലാഭവൻ ഷാജോൺ സമ്മാനിച്ചിരിക്കുന്നത്. ഇനിയും കൂടുതൽ ചിത്രങ്ങൾ ഈ സംവിധായകനിൽ നിന്നും മലയാളികൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനു അദ്ദേഹത്തിന് കഴിയുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ടെന്നതിനുമുള്ള തെളിവാണ് തീയറ്ററുകളിൽ കിട്ടുന്ന കൈയ്യടികൾ.
കൊച്ചിയിലെ ജോയിസ് ഇവന്റ് മാനേജ്മെന്റിലെ കാറ്ററിംഗ് തൊഴിലാളിയാണ് റോണി. ഹീറോയിസമില്ലാത്ത, അതിമാനുഷികനല്ലാത്ത ഒരു നായകൻ. ജോയിയുടേതാണ് കാറ്ററിംഗ് യൂണിറ്റ്. റോണിക്ക് എന്തിനും ഏതിനും കൂട്ടായിട്ട് സുഹൃത്ത് മുന്നയുമുണ്ട്. അവരുടെ ഇടയിലേക്ക് ചാണ്ടിയുടെ കടന്നു വരവും റോണിയുടെ സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്നങ്ങളും സഹോദരിസഹോദരബന്ധവും ഒക്കെയാണ് സിനിമയ്ക്ക് വിഷയമാകുന്നത്. പൃഥ്വിരാജിനെ ഒരു ഇടവേളക്ക് ശേഷം പക്കാ എന്റർടൈനർ റോളിൽ കാണുവാൻ സാധിച്ചു എന്നതാണ് ചിത്രത്തിന്റെ ഒരു പ്ലസ് പോയിന്റ്. പരീക്ഷണ ചിത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരുന്ന പൃഥ്വിരാജ് ട്രാക്ക് മാറ്റിയത് എന്തായാലും പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. റോണിക്കൊപ്പം ഉടനീളം സുഹൃത്തായി ധർമ്മജനും മികച്ചൊരു റോൾ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ചിരിയും കളിയും നിറഞ്ഞ ആ ജീവിതത്തോടൊപ്പം തന്നെ അപ്രതീക്ഷിത ട്വിസ്റ്റുകളുമായി എത്തുന്ന പ്രസന്നയുടെ വില്ലൻ വേഷവും പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിക്കപ്പെടുന്നുണ്ട്. മലയാളത്തിലേക്ക് ആദ്യമായി ചുവടുറപ്പിച്ച പ്രസന്ന എന്ന നടന്റെ കൈയിൽ ശിവ എന്ന കഥാപാത്രം ഭദ്രമായിരുന്നു. മലയാളത്തിൽ ഈ അടുത്ത കാലത്തു കണ്ടതിൽ വച്ച് മികച്ച വില്ലൻ എന്ന് തന്നെ നമുക്ക് പ്രസന്നയെ വിശേഷിപ്പിക്കാം. അത്രയ്ക് മികച്ചു നിന്നു പ്രസന്ന. ചിത്രത്തിൽ നായികമാരായി എത്തിയിരിക്കുന്നത് മഡോണ സെബാസ്റ്യൻ, ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ എന്നിവരാണ്, പ്രിത്വിരാജിനൊപ്പം മനോഹരമായ കെമിസ്ട്രി വർക്ക്ഔട്ട് ആയിട്ടുണ്ട് ഇവർക്കെല്ലാം. കോട്ടയം നസീറിനെയും വേറിട്ടൊരു ഗെറ്റപ്പിൽ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സാധിച്ച സംവിധായകന് വിജയരാഘവന് പരമാവധി തന്റെ കഴിവ് പുറത്തെടുക്കുവാനുള്ള അവസരം കൊടുക്കുവാനും സാധിച്ചിട്ടുണ്ട്.
ചിരിക്കാൻ മാത്രം കൊതിക്കുന്ന മലയാളിയെ ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ളൊരു പണിയല്ല. അതിൽ വിജയം കണ്ടതാണ് സംവിധായകൻ തന്നെയൊരുക്കിയ തിരക്കഥയുടെ വിജയവും. 4 മ്യൂസിക്സ് ഒരുക്കിയ സംഗീതവും ജിത്തു ദാമോദരുടെ കളർഫുൾ ഫ്രെയിംസും ചിത്രത്തെ കൂടുതൽ മനോഹരമാക്കി. അഖിലേഷ് മോഹന്റേതാണ് എഡിറ്റിംഗ്. ആഘോഷങ്ങളും ആക്ഷനും ചിരികളും സസ്പെൻസും എല്ലാം നിറഞ്ഞൊരു ഓണാഘോഷത്തിന് തയ്യാറാണെങ്കിൽ ബ്രദേഴ്സ് ഡേക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.